പാലക്കാട്: മംഗലംഡാമിന് സമീപം ഒടംതോട് പ്രദേശത്ത് പുലിയുടെ ജഡം കണ്ടെടുത്ത് വനംവകുപ്പ്. ചുങ്കപ്പുര സജിയുടെ റബർ തോട്ടത്തിൽ നിന്നുമാണ് ജഡം കണ്ടെത്തിയത്. രണ്ട് വയസ് പ്രായം വരുന്ന ആൺപുലിയാണിതെന്നും വനംവകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു പുലിയുടെ ജഡം കണ്ടെത്തിയത്.
അതേസമയം പുലിയുടെ നെഞ്ചിലേറ്റ മർദ്ദനമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതോടെ പുലിയെ ആരെങ്കിലും കൊന്നതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. ടാപ്പിംഗ് തൊഴിലാളിയായ രാധാകൃഷ്ണൻ രാവിലെ തോട്ടത്തിലെത്തിയപ്പോഴാണ് പുലിയുടെ ജഡം കാണുന്നത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയുടെ പിൻകാൽ മുറിഞ്ഞ നിലയിൽ കണ്ടെത്തി. പുലി ചത്ത ശേഷമാണ് ഇതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
അറ്റു പോയ കാലിന്റെ മുകൾ ഭാഗത്തു നിന്നും തോൽ അടർന്ന നിലയിലും ഉദ്യോഗസ്ഥർ കണ്ടെത്തി. അതിനോടൊപ്പം പുലിയുടെ വയറിന്റെ ഭാഗത്തു നിന്നും തൊലി നഷ്ടപ്പെട്ടിട്ടുണ്ട്. പുലിയെ കൊന്നശേഷം തോൽ ഉരിച്ചെടുക്കാനുള്ള ശ്രമം നടന്നിട്ടുള്ളതായാണ് പോലീസിന്റെ നിഗമനം. വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നറിയാനായി പുലിയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്‌ക്കയച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
Comments