കൊച്ചി: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ശമ്പളത്തിൽ നിന്ന് പിടിച്ച തുക മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ കെഎസ്ആർടിസിക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കും സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് പോളിസിയിലേക്കും അടയ്‌ക്കാൻ പിടിച്ച തുക ആറ് മാസത്തിനകം അതത് പദ്ധതികളിൽ അടയ്‌ക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മറ്റാവശ്യങ്ങൾക്ക് ഈ തുക വിനിയോഗിക്കാൻ കെഎസ്ആർടിസിക്ക് അവകാശമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 2023 ഫെബ്രുവരി 23-ലെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയ അപ്പീൽ തള്ളിയാണ് വിധി. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി. തുക അടയ്‌ക്കാനുള്ള സമയം 2024 ഫെബ്രുവരി വരെ ഡിവിഷൻ ബെഞ്ച് നീട്ടി നൽകി.
106 ജീവനക്കാർ നൽകിയ ഹർജിയിലെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി അപ്പീൽ നൽകിയത്. ഹർജിക്കാർക്ക് പെൻഷൻ പ്രായമാകാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വാദിച്ചു. എന്നാൽ ശമ്പളത്തിൽ നിന്ന് പിടിച്ച തുക വകമാറ്റിയതിനെ ന്യായീകരിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Comments