യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം നൽകാൻ വിമാനത്താവളങ്ങളിൽ ‘ഡിജിയാത്ര’ സൗകര്യം വിപുലീകരിച്ച് കേന്ദ്രം. യാത്രക്കാർക്ക് വിമാനത്താവളത്തിലെ പരിശോധനകളും മറ്റും ഒഴിവാക്കി തടസരഹിതമായ യാത്ര നൽകുകയാണ് ഡിജിയാത്രയുടെ ലക്ഷ്യം.
വിമാനത്താവളത്തിൽ ഒന്നിലധികം ഇടങ്ങളിലാണ് യാത്രക്കാരൻ തങ്ങളുടെ വ്യക്തിവിവരങ്ങളും രേഖകളും മറ്റും പരിശോധനയ്‌ക്കായി നൽകേണ്ടത്. എന്നാൽ ഡിജിയാത്ര സൗകര്യം പ്രയോജനപ്പെടുത്തി, ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതോടെ ഇത് ലളിതമാകുന്നു. ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനാൽ വിമാനത്താവളത്തിലെ പരിശോധനകളിൽ രേഖകൾ സമർപ്പിക്കേണ്ടതില്ല. മുംബൈ, അഹമ്മദാബാദ്, കൊച്ചി, ലക്‌നൗ, ജയ്പൂർ, ഗുവാഹത്തി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും ഓഗസ്റ്റിൽ ഈ സേവനം ആരംഭിക്കും. ഇതോടെ ഡിജിയാത്ര ഉപയോഗിക്കാവുന്ന 13 വിമാനത്താവളങ്ങൾ യാഥാർത്ഥ്യമാകും.
ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്‌നോളജി (എഫ്ആർടി) അടിസ്ഥാനമാക്കിയുള്ള ഡിജിയാത്ര, വിമാനത്താവളങ്ങളിൽ പാസഞ്ചർ പ്രോസസ്സിംഗിനുള്ള മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിത സൗകര്യമാണ്. ഫെയ്സ് ഫീച്ചറുകൾ ഉപയോഗിച്ച് യാത്രക്കാരനെയും യാത്രാ വിവരങ്ങളും തിരിച്ചറിയാനാകും. വിമാനയാത്രക്കാരുടെ വിവരങ്ങൾ എൻക്രിസപ്റ്റ് ചെയ്യുന്നുണ്ട് ആപ്പ്. ഒറ്റ തവണ ഇത് ഉപയോഗിക്കുന്നതോടെ വിവിധ ഇടങ്ങളിലൂടെ കടന്നുപോകാൻ കഴിയും. വിവരങ്ങൾ വിമാനം പുറപ്പെട്ട് 24 മണിക്കൂറിന് ശേഷം നീക്കം ചെയ്യപ്പെടുന്നു. അതിനാൽ തന്നെ ഈ സൗകര്യം തികച്ചും സുരക്ഷിതമാണെന്ന് ചുരുക്കം.
കഴിഞ്ഞ വർഷം ഡിസംബറിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ബെംഗളൂരു, വാരണാസി, ന്യൂഡൽഹി വിമാനത്താവളങ്ങളിൽ ഡിജിയാത്ര ഔദ്യോഗികമായി ആരംഭിച്ചത്. പിന്നീട് വിജയവാഡ, പൂനെ, ഹൈദരാബാദ്, കൊൽക്കത്ത വിമാനത്താവളങ്ങൾ ഉൾപ്പെടുത്തി പട്ടിക വിപുലീകരിച്ചു. ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം 3.4 ദശലക്ഷം യാത്രക്കാരാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്.
















Comments