എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച കുട്ടിയിക്ക് പേവിഷ കുത്തിവയ്പ്പ് നൽകിയ നഴ്സിനെ ജോലിയിൽ നിന്നും ഒഴിവാക്കും. താത്കാലിക നഴ്സിന്റെ അശ്രദ്ധ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിന് നിർദ്ദേശവും നൽകി.
ചീട്ടു പോലും പരിശോധിക്കാതെയാണ് കുത്തിവയ്പ്പ് നൽകിയത്. കൂടെ ആരും ഇല്ലാത്ത സമയത്ത് കുട്ടിക്ക് ഇഞ്ചക്ഷൻ നൽകിയതും ഗുരുതര വീഴ്ചയായാണ് കണ്ടെത്തിയത്. ഗുരുതര വീഴ്ചയിൽ അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു.
എന്നാൽ കുട്ടിയുടെ അമ്മ ഇതുവരെ നഴ്സിനെതിരെ പരാതി നൽകിയിട്ടില്ല. കുട്ടിയുടെ ആരോഗ്യ നില പരിശോധിച്ചതിന് ശേഷമായിരിക്കും പരാതി നൽകുക. നഴ്സിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്നത് സത്യമാണ്, ഇനി വീഴ്ച ആവർത്തിക്കരുതെന്നും അമ്മ പ്രതികരിച്ചു.
പനി ബാധിച്ചതിനെ തുടർന്ന് അമ്മയ്‌ക്ക് ഒപ്പം രക്തപരിശോധനക്കാണ് ഏഴ് വയസുകാരി എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിയത്. അമ്മ ഒ പി ടിക്കറ്റെടുക്കാൻ പോയ സമയത്ത് നഴ്സ് കുട്ടിയ്‌ക്ക് ഇഞ്ചക്ഷൻ എടുക്കുകയായിരുന്നു. പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവെപ്പെടുത്തതെന്നാണ് നഴ്സ് നൽകുന്ന മറുപടി. എന്നാൽ രക്ഷിതാവിനോട് ചോദിക്കാതെ കുട്ടിക്ക് ഇഞ്ചക്ഷൻ നൽകിയ നഴ്സിന്‍റെ ഭാഗത്ത് നിന്നും വീഴ്‌ച്ചയുണ്ടായതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. മരുന്ന് മാറി കുത്തിവെച്ചതിനാല്‍ കുട്ടി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പനിയുണ്ടെങ്കിലും കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തി.
















Comments