ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചൈനീസ് എഞ്ചിനീയർമാരുടെ വാഹനവ്യൂഹത്തിന് നേരെ സായുധ വിമതസേനയുടെ ആക്രമണം. തുടർന്ന് പാകിസ്താൻ സുരക്ഷാ സേനയും വിമതസേയും തമ്മിലുണ്ടായ വെടിവയ്പ്പിൽ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചതായി പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗ്വാദറിലെ ഫക്കീർ പാലത്തിന് സമീപത്തുണ്ടായ ആക്രമണത്തിൽ ചൈനീസ് എഞ്ചിനീയർമാരുടെ വാഹനവ്യൂഹത്തിന് നേരെയാണ് രാവിലെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ട് പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. വെടിവയ്പ്പിൽ പരിക്കേറ്റ മറ്റ് ഭീകരർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. സഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ കൂടുതൽ പാക് സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇവിടെ വിമത സേനയ്‌ക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ആക്രമണത്തെ തുടർന്ന് പ്രദേശത്തെ റോഡുകൾ അടച്ചതായി ബലൂചിസ്ഥാൻ മാദ്ധ്യമങ്ങൾ അറിയിച്ചു.
ബലൂച് ലിബറേഷൻ ആർമിയുടെ ചാവേർ ഗ്രൂപ്പായ മജീദ് ബ്രിഗേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ബലൂചിസ്ഥാനിലെയും സിന്ധിലെയും ചൈനീസ് പൗരന്മാരോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവരുടെ വസതികളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പാകിസ്താനിലെ ചൈനീസ് കോൺസുലേറ്റ് അറിയിച്ചു. കഴിഞ്ഞ വർഷം കറാച്ചി സർവകലാശാലയിലുളള ചൈനയുടെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജീവനക്കാരുമായി പോയ വാഹനത്തിന് നേരെ ബുർഖ ധരിച്ച ബലൂച് വനിത നടത്തിയ ചാവേർ ആക്രമണത്തിൽ മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെയുളള നാല് പേർ കൊല്ലപ്പെട്ടിരുന്നു.
Comments