വിവിധ തരത്തിലുള്ള തട്ടിപ്പുകൾ ഇപ്പോൾ ഉപയോക്താക്കളെ ആശങ്കയിൽ ആഴ്‌ത്തിയിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമാകുന്നത് ബെംഗളൂരു സ്വദേശിനിയിൽ നിന്നും ഫുഡ് ഡെലിവറി കസ്റ്റമർ കെയർ ഏജന്റ് എന്ന വ്യാജേന നടന്ന തട്ടിപ്പാണ്. ഇതിലൂടെ ഇരുപതിനായിരം രൂപയാണ് തട്ടിപ്പുകാർ സ്ത്രീയിൽ നിന്നും തട്ടിയെടുത്തത്. ബെംഗളൂരു നാഗവാര മേഖലയിൽ താമസിക്കുന്ന് 64-കാരിയായ ശിൽപ്പ സർബോണത്ത് ആണ് സംഭവത്തിൽ കബളിപ്പിക്കപ്പെട്ടത്.
ഓഗസ്റ്റ് ആറിനാണ് സംഭവം. ഇവർ ഒരു ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിലൂടെ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. ഓർഡർ ചെയ്ത് എതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഓർഡർ റദ്ദാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ഇവരിൽ നിന്നും ക്യാൻസലേഷൻ ചാർജുകൾ ഈടാക്കിയിരുന്നു. ഇതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ശിൽപ്പയ്‌ക്ക് ഒരു കോൾ വന്നു.
ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിലെ കസ്റ്റമർ കെയർ ജീവനക്കാരിയാണെന്ന് പറഞ്ഞായിരുന്നു കോൾ. ഓർഡർ ചെയ്ത് ക്യാൻസൽ ചെയ്ത ഭക്ഷണത്തിന്റെ ക്യാൻസലേഷൻ ഫീസ് ഈടാക്കിയത് തിരികെ നൽകാമെന്ന് അയാൾ ശിൽപ്പയെ ധരിപ്പിച്ചു. ഇതിനായി ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും നിർദ്ദേശാനുസരണം വിവരങ്ങൾ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഇതിൽ ഇവരുടെ ബാങ്ക് വിവരങ്ങളും ഉൾപ്പെട്ടിരുന്നു.
ഫോൺ സംഭാഷണം അവസാനിച്ച് കുറച്ചു സമയത്തിനുള്ളിൽ ഇവരുടെ അക്കൗണ്ടിൽ നിന്നും 20,000 രൂപ നഷ്ടപ്പെടുകയായിരുന്നു. ഉടൻ തന്നെ കോൾ വന്ന നമ്പറിലേക്ക് തിരികെ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് ലോക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
















Comments