തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും മകൻ ചാണ്ടി ഉമ്മനെയും വ്യക്തിപരമായി തന്നെ നേരിട്ടുകൊണ്ടാണ് സൈബർ ഇടങ്ങളിലടക്കം സിപിഎം ഇലക്ഷൻ പ്രചാരണം ആരംഭിച്ചത്. എന്നാൽ, വികസനം ചർച്ചയാക്കിയും സർക്കാരിന്റെ പദ്ധതികൾ വിശദീകരിച്ചും പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് നേതാക്കളോടും പ്രവർത്തകരോടും നിർദ്ദേശിച്ചിരിക്കുകയാണ് പാർട്ടി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് നിർദ്ദേശം.
വ്യക്തി അധിക്ഷേപങ്ങളാകുന്ന പരാമർശങ്ങൾ നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ല. ഉമ്മൻചാണ്ടിയുടെ മരണത്തിനുശേഷമുള്ള വൈകാരികത മാത്രമാണ് യുഡിഎഫ് ആയുധമാക്കുന്നതെങ്കിൽ, അതിനെ രാഷ്‌ട്രീയമായി പ്രതിരോധിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും സിപിഎം പറയുന്നു. ഉമ്മൻചാണ്ടിയുടെ ചികിത്സ സംബന്ധിച്ച് പ്രാദേശികമായി നേതാക്കൾ ഉയർത്തിയ ആരോപണം പാർട്ടിക്ക് ഗുണകരമാവില്ല എന്നും സിപിഎം വിലയിരുത്തുന്നു.
അതേസമയം, വ്യക്തിപരമായി നേരിടുന്നത് പാർട്ടിക്ക് തിരിച്ചടിക്കും എന്ന് ഭയന്നാണ് സിപിഎമ്മിന്റെ തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മാത്രമല്ല, വരാൻ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പിലടക്കം സിപിഎം സ്ഥാനാർത്ഥികളെ ഇത് ബാധിച്ചേക്കും. വ്യക്തിപരമായ ആക്രമണങ്ങളിലേയ്‌ക്ക് പാർട്ടികൾ കടന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സിപിഎമ്മിനെ ആയിരിക്കും. അടിക്കാൻ സ്വയം വടി കൊടുക്കുന്ന പോലാകും എന്ന ഭയത്താലാണ് തിരഞ്ഞെടുപ്പുകളിൽ വ്യക്തിഹത്യ പാടില്ല എന്നുള്ള സിപിഎം തീരുമാനം.
Comments