മുംബൈ: മുംബെെ നഗരത്തിൽ 100 കിലോഗ്രാം സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നു എന്ന വ്യാജ സന്ദേശം നൽകിയ ആളെ പോലീസ് പിടികൂടി. തയ്യൽക്കാരനായ റുക്സർ അഹമ്മദ്(43) എന്നയാളെയാണ് മുബെെ പോലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രിയായിരുന്നു മുംബെെ പോലീസിന്റെ കൺട്രോൾ റൂമിൽ വിളിച്ച് ഇയാൾ വ്യാജ സന്ദേശം നൽകിയത്.
മുംബെെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടക വസ്തുക്കൾ ഉണ്ടെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. സന്ദേശം വ്യാജമാണെന്ന് മനസ്സിലായതിനെ തുടർന്ന് ഇയാളെ മുംബൈയിലെ മെൽവാനിയയിലെ വീട്ടിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരമാണ് പോലീസിന് ലഭിച്ചത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ അഹമ്മദ് 79- തവണയാണ് മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് വിളിച്ചത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു.
ജൂണിൽ മുംബൈയിലെയും ഡൽഹിയിലെയും അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ നടന്ന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ച് വിവരം നൽകിയതിന് 19 കാരനെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ ഉപയോഗിച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.
Comments