തൃശ്ശൂർ: രാമവർമ്മപുരം സർക്കാർ അഗതി മന്ദിരത്തിൽ ലക്ഷ്മി അമ്മാൾ ഇനി തനിച്ച്. ജീവിതത്തിന്റെ അവസാന നാളുകളിൽ മനസിൽ പ്രണയം നിറച്ച കൊച്ചനിയൻ യാത്രയായി. അഗതി മന്ദിരത്തിൽ അന്തേവാസികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹിതരായത് 2019ലായിരുന്നു. ഡിസംബർ 28നാണ് ആ മനോഹരമുഹൂർത്തതിന് കേരളം സാക്ഷിയായത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അഞ്ച് ദിവസമായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയോടെ ലാലൂരിലെ ശ്മശാനത്തിൽ നടക്കും
ഇരുപത്തി രണ്ട് വർഷത്തെ ഏകാന്ത ജീവിതത്തിന് ശേഷമാണ് ലക്ഷ്മി അമ്മാളിന്റെ ജീവിതത്തിലേക്ക് കൊച്ചനിയൻ കടന്നുവരുന്നത്.
തൃശൂർ പഴയനടക്കാവ് സ്വദേശിനിയായ ലക്ഷ്മിയമ്മാൾ പതിനാറാം വയസിൽ വിവാഹിതയായിരുന്നു. പാചക സ്വാമിയെന്ന് അറിയപ്പെടുന്ന 48 കാരനായ കൃഷ്ണയ്യർ സ്വാമിയായിരുന്നു ഭർത്താവ്. അക്കാലത്ത് വടക്കുംനാഥ ക്ഷേത്രത്തിൽ നാദസ്വരം വായിക്കാനെത്തിയതായിരുന്നു കൊച്ചനിയൻ. ഇവരുമായുള്ള സൗഹൃദത്തെ തുടർന്ന് പിന്നീട് നാദസ്വരം വായനനിർത്തി കൊച്ചനിയൻ സ്വാമിയുടെ പാചകസഹായിയായി. 20വർഷം മുമ്പ് കൃഷ്ണസ്വാമി മരണപ്പെട്ടു. മക്കളില്ലാതെ ഒറ്റക്കായ ലക്ഷ്മിയമ്മാളെ പുനർവിവാഹം കഴിക്കാൻ കൊച്ചനിയൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അന്ന് സമ്മതിച്ചില്ല. കൊച്ചനിയൻ പിന്നീട് വിവാഹിതനായെങ്കിലും ഭാര്യ മരിച്ചു. ഇതിനിടെയാണ് ലക്ഷ്മിയമ്മാൾ രാമവർമപുരം വൃദ്ധസദനത്തിലെത്തിയത്.
വൃദ്ധസദനങ്ങളിൽ കഴിയുന്നവർക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ നിയമപരമായി വിവാഹം കഴിക്കാമെന്ന് സാമൂഹ്യനീതി വകുപ്പ് അനുവാദം നൽകുകയായിരുന്നു. സാമൂഹ്യനീതി വകുപ്പ് അനുമതി നൽകിയതോടെയാണ് ഇരുവരുടെയും വിവാഹം നടന്നത്.
Comments