തിരുവനന്തപുരം: സിപിഎമ്മിന് എൻഎസ്‌സിനോട് പിണക്കമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് എൻഎസ് എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് എൻഎസ്എസിനോട് എന്നല്ല ആരുമായും പിണക്കമില്ലെന്നും സ്ഥാനാർത്ഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
സമുദായ നേതാക്കളെ സ്ഥാനാർത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണ്. എൻഎസ്എസ് അപ്പപ്പോൾ എടുക്കുന്ന നയത്തെയാണ് വിമർശിക്കുന്നത്. എല്ലാ രാഷ്‌ട്രീയ പാർട്ടികളോടും സമദൂരമെന്നാണ് എൻഎസ്എസ് നിലപാടെങ്കിലും പലപ്പോഴും അത് അങ്ങനെയാകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിത്ത് വിവാദത്തിൽ വസ്തുത ബോധ്യപ്പെടേണ്ടത് എൻഎസ്എസിനാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. എന്നാൽ മാസപ്പടി വിവാദത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് എംവി ഗോവിന്ദൻ പ്രതികരിക്കാൻ തയ്യാറായില്ല. മാദ്ധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ച് തുടങ്ങിയപ്പോൾ തന്നെ വളരെ വേഗത്തിൽ എഴുന്നേറ്റ് പോവുകയായിരുന്നു അദ്ദേഹം.
ഇന്നലെ പെരുന്നയിൽ എത്തിയാണ് ഇടത് സ്ഥാനാർത്ഥി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ചത്. മന്ത്രി. വിഎൻ വാസവനൊപ്പമാണ് അദ്ദേഹം എത്തിയത്. പ്രമുഖരെ സന്ദർശിക്കുന്നതിന്റെ ഭാഗമായി എത്തിയതായിരുന്നു ജെയ്ക്. ഗണപതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഷംസീറിന്റെ പരാമർശത്തിന് പിന്നാലെ സിപിഎമ്മിനെതിരെ ശക്തമായ നിലപാട് എൻഎസ്എസ് സ്വീകരിച്ചിരുന്നു. ഷംസീർ മാപ്പുപറയണമെന്ന എൻഎസ്എസ് ആവശ്യവും സിപിഎം അംഗീകരിച്ചിരുന്നില്ല. തർക്കം ശക്തമായി നിൽക്കുന്ന ഈ അവസരത്തിലാണ് ജെയ്കിന്റെ പെരുന്ന സന്ദർശനം എന്നതാണ് ശ്രദ്ധേയം.
ഇതിന് പിന്നാലെ എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള ഭാഗമെന്നോണം ജി സുകുമാരൻ നായരെ പുകഴ്‌ത്തി സംസാരിക്കുകയും ചെയ്തു ജെയ്ക് സി തോമസ്. മിത്ത് വിവാദത്തിൽ എൻഎസ്എസ് ആർഎസ്എസിനൊപ്പം നിന്നിട്ടില്ലെന്നും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് എൻഎസ്എസിന്റെതെന്നുമായിരുന്നു ജെയ്ക് പറഞ്ഞത്.
Comments