കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേ മനസോടെ ആസ്വദിച്ച ചിത്രമാണ് മാളികപ്പുറം. മലയാളികളുടെ മനസിലേക്ക് ആഴ്ന്നിറങ്ങിയ ചിത്രമാണിത്. ശബരിമല കയറി അയ്യപ്പ സ്വാമിയെ കാണാനുള്ള മോഹവുമായി ജീവിക്കുന്ന പെൺകുട്ടിയുടെ കഥ പറയുന്ന സിനിമ. ഇപ്പോഴിതാ ഓട്ടിസം ബാധിച്ച കുട്ടിയുടെ മനസിലേക്ക് സിനിമ എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കി തരികയാണ് ഉണ്ണിമുകുന്ദൻ പങ്കുവെച്ച ഫേയ്സ്ബുക്ക് പോസ്റ്റ്.
ചിത്രം തന്റെ മകളുടെ മനസിലേക്ക് നുള്ളിയിട്ട ആനന്ദത്തിന്റെ കഥയാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ഉമ രാജീവ് എന്ന വീട്ടമ്മ പങ്കുവെയ്ക്കുന്നത്. ഫേയ്സ്ബുക്കിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അയ്യപ്പന്റെ ചിത്രം വരയ്ക്കാൻ പറഞ്ഞപ്പോൾ മാളികപ്പുറം എന്ന സിനിമയിൽ കുട്ടികളോടൊപ്പം ഉണ്ണിമുകുന്ദൻ നിൽക്കുന്ന ചിത്രമാണ് മകൾ അനഘ വരച്ചതെന്ന് അമ്മ പറഞ്ഞു. മകൾ ആദ്യമായി തീയേറ്ററിലെത്തി കണ്ട ചിത്രമാണ് മാളികപ്പുറമെന്നും മനസിനെ വളരെയധികം സന്തോഷിപ്പിച്ചെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഈ ഫേയ്സ്ബുക്ക് കുറിപ്പാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
ഇന്നത്തെ പ്രഭാതം തുടങ്ങിയത് തന്നെ വളരെ സന്തോഷത്തോടെയാണ്… എന്റെ മകൾക്ക് ഓട്ടിസം എന്ന അവസ്ഥയുണ്ട്, ഇപ്പോൾ അവൾ അതിൽ നിന്നും ഏകദേശം പുറത്തു വന്നിരിക്കുന്നു… അവൾ ചിത്രം വരയ്ക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി… ഇന്ന് രാവിലെ ഞാൻ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്ക്കാൻ പറഞ്ഞു… അപ്പോൾ അവൾ വരച്ച ചിത്രമാണ് താഴെയുള്ളത്… അവളുടെ മനസ്സിലുള്ള അയ്യപ്പസ്വാമിയും കുട്ടികളും… എന്റെ അനഘ ആദ്യമായി തിയേറ്ററിൽ വന്നിരുന്ന് കണ്ട സിനിമയും മാളികപ്പുറമാണ്. ഒത്തിരി ഒത്തിരി സന്തോഷം തോന്നി മനസിന്. ഉണ്ണിമുകുന്ദൻ ഏത് വിധേനയും ഇത് കാണാൻ ഇടയായാൽ എന്റെ കുഞ്ഞിന് കിട്ടുന്ന ഒരു സമ്മാനമാകും ഇത്.
Comments