ബോക്‌സ് ഓഫീസ് റെക്കോർഡുകളിൽ പടയോട്ടം തുടരുകയാണ് രജനികാന്തിന്റെ ജയിലർ. രാജ്യമെമ്പാടും ആവേശകരമായി മാറുകയാണ് ചിത്രം. തിയേറ്ററുകൾ ആരാധകരെ കൊണ്ട് നിറയുമ്പോൾ വിജയത്തിളക്കത്തിലാണ് രജനികാന്ത്. ശിവ രാജ്കുമാറും മോഹൻലാലും ഒന്നിച്ചു ചേർന്നതിനാൽ’ജയിലർ’ ഭാഷാഭേദമന്യേ തെന്നിന്ത്യയിൽ കുതിച്ചുയരുകയാണ്. ഇപ്പോഴിതാ തെലുങ്കിലും ജയിലറിന്റെ ആരവം മുഴങ്ങിക്കൊണ്ടിരിക്കുന്നു.
ചിരഞ്ജീവി നായകനായ ചിത്രം’ഭോലാ ശങ്കർ’ ഉണ്ടെങ്കിലും രജനികാന്തിന്റെ ‘ജയിലർ’തിയേറ്ററുകളിൽ ആവേശമായി മാറുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 300 കോടിയാണ് ‘ജയിലർ’ ആഗോളതലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. ഇന്നലെ ഏഴ് കോടി കേരളത്തിൽ നേടിയപ്പോൾ ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നുമായി 32 കോടി ജയിലർ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
2023-ലെ വമ്പൻ ഹിറ്റ് ചിത്രം രജനികാന്തിന്റെ ജയിലർ ആയിരിക്കുമെന്ന് ഉറപ്പിക്കാവുന്ന സൂചനകളാണ് ഇപ്പോൾ തന്നെ രാജ്യമെമ്പാടും നിന്നും ലഭിക്കുന്നത്. ലോകമെമ്പാടും ആരാധക വൃന്ദമുള്ള രജനികാന്തിന്റെ ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. കൂട്ടത്തിൽ മോഹൻലാൽ കൂടി എത്തിയപ്പോൾ ചിത്രം തരംഗമായി മാറി. സാധാരണക്കാരനായി തോന്നിപ്പിച്ച് കഥയിലുടനീളം മാസാകുന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്.
സംവിധായകൻ നെൽസൺ എന്ന കേൾക്കുമ്പോൾ ആരാധകർ ഇനി ആദ്യം ഓർക്കുക രജനികാന്ത് ചിത്രം ജയിലർ തന്നെയായിരിക്കും. ശിവകാർത്തികേയൻ നായകനായ’ഡോക്ടർ’ 100 കോടിയിലെത്തിച്ച നെൽസൺ രജനികാന്തിന് ഇപ്പോൾ വമ്പൻ ഹിറ്റാണ് സമ്മാനിച്ചിരിക്കുന്നതെന്ന് അക്ഷരാർത്ഥത്തിൽ പറയാനാകും.
















Comments