ന്യൂഡൽഹി: കർത്തവ്യപഥിൽ നടന്ന 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ത്രിവർണ്ണ പതാക ഉയർത്തുന്ന വേളയിൽ പ്രധാനമന്ത്രിയെ അനുഗമിച്ചത് രണ്ട് വനിതാ ഓഫീസർമാർ. കരസേനയിൽ സേവനമനുഷ്ഠിക്കുന്ന മേജർ നികിത നായർ, മേജർ ജാസ്മിൻ കൗർ എന്നിവരാണ് പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്ന വേളയിൽ കൂടെ ഉണ്ടായിരുന്നത്.
2016ൽ ആർമിയിൽ ലെഫ്റ്റനന്റായാണ് മേജർ നികിത നായർ സേവനമാരംഭിച്ചത്. പിന്നീടാണ് മേജർ പദവിയിലേക്ക് ഉയർന്നത്. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലായിരുന്നു നികിത നായരുടെ പരിശീലനം. മുൻ സൗന്ദര്യമത്സര ജേതാവും ഭരതനാട്യം നർത്തകിയുമാണ് മേജർ നികിത നായർ. 2013ൽ അവർ ‘മേ ക്വീൻ മിസ് പൂനെ’ ബഹുമതിയും കരസ്ഥമാക്കിയിട്ടുണ്ട്. സൈനിക പരിശീലനത്തിനിടെ മിസ് ഒടിഎ (ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി) പട്ടവും മേജർ നികിത നേടിയിട്ടുണ്ട്.
ചെങ്കോട്ടയിലെ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ വനിതാ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാണ്. തിരഞ്ഞെടുക്കപ്പെട്ട തൊഴിലുറപ്പ് ജീവനക്കാരായ സ്ത്രീകളും ചടങ്ങ് വീക്ഷിക്കാൻ ചെങ്കോട്ടയിൽ എത്തിയിരുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും വനിതകളുടെ വർദ്ധിച്ചുവരുന്ന പങ്ക് എടുത്തുകാണിക്കുന്നതാണ് ഈ പ്രാതിനിധ്യം. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിൽ സ്ത്രീകളുടെ കഴിവുകളെ അംഗീകരിക്കുന്നതും കൂടിയാണ് സ്ത്രീ പങ്കാളിത്തം.
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി പഞ്ചാബിലെ അമൃത്സറിലെ ഇന്ത്യ-പാക് അതിർത്തിയിൽ വനിതാ ബിഎസ്എഫ് ഓഫീസർമാരെ സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുണ്ട്. അതീവ പ്രാധാന്യമുള്ള മേഖലയിൽ വനിത ഓഫീസർമാരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് പ്രതിരോധമന്ത്രാലയം.
















Comments