ന്യൂഡൽഹി: ടെക് മേഖലയിൽ വൻ കുതിപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന ഉറപ്പാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമേ അധികം വൈകാതെ രാജ്യം 6ജി യുഗത്തിലേക്ക് പ്രവേശിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ തുകയിൽ ഡേറ്റാ പ്ലാനുകൾ നൽകുന്ന രാജ്യമായി ഇന്ത്യ മാറും. നിലവിലെ സൂപ്പർഫാസ്റ്റ് ഇന്റർനെറ്റ് ലഭ്യമാക്കുന്ന 5ജി പ്ലാനുകളെക്കാൾ 100 മടങ്ങ് വേഗതയുള്ളതാണ് 6ജി. സെക്കൻഡിൽ 10 ജിഗാബൈറ്റ്‌സ് വരെയാണ് 5ജിക്ക് കൈവരിക്കാൻ കഴിയുന്നതെങ്കിൽ 6ജിക്ക് സെക്കൻഡിൽ ഒരു ടെറാബൈറ്റ് വരെ കൈവരിക്കാനാകും. 6ജി വരുന്നതോടെ സുസ്ഥിരത സാധ്യമാകുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
ഒരു മിനിറ്റിൽ നൂറ് സിനിമകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന അത്ര സ്പീഡ് എന്നാണ് 6ജിയെ വിശേഷിപ്പിക്കുന്നത്. വെർച്വൽ റിയാലിറ്റി കൂടുതൽ അടുക്കുമെന്നും ഓൺലൈൻ അനുഭവങ്ങൾക്ക് പുത്തൻ ജീവൻ പകരുമെന്നും അവകാശപ്പെടുന്നു. 6ജി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ ഇന്ത്യ 6ജിയിൽ പ്രവേശിക്കുമെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു.
Comments