ദ്രാവിഡ രാഷ്‌ട്രീയം നട്ടു വളർത്തിയ ജാതി വിദ്വേഷം കൊണ്ട് പുകയുകയാണ് തെക്കൻ തമിഴകം.തെങ്കാശി, തൂത്തുക്കുടി, തിരുനെൽവേലി, രാമനാഥപുരം, പുതുക്കോട്ടൈ, ജില്ലകളിലാണ് ഇത് ഏറെയുള്ളത്.
തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന ജില്ലകളിലൊന്നാണ് തിരുനെൽവേലി. ഇന്നും നിരവധി ജാതി കൊലപാതകങ്ങൾ തുടർച്ചയായി നടക്കുന്നു. കഴിഞ്ഞ 9ന് തിരുനെൽവേലി ജില്ലയിലെ നാങ്കുനേരി പെരുന്തേരുവിൽ വെട്ടിക്ക വർഗ്ഗത്തിൽ പെട്ട പ്ലസ് ടു വിദ്യാർഥിയെ മൂന്ന് സഹപാഠികൾ അരിവാളുകൊണ്ട് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് വീട്ടിലുണ്ടായിരുന്ന വിദ്യാർഥിനിയുടെ അനുജത്തി തടയാൻ പോയപ്പോൾ അവൾക്കും വെട്ടേറ്റു. ഇതിനുപുറമെ മൂന്നുപേരും ചേർന്ന് വിദ്യാർഥിയുടെ അമ്മയെ ആക്രമിക്കുകയും ചവിട്ടുകയും ചെയ്തു. നാങ്കുനേരിയിൽ ജാതി വിദ്വേഷത്തിന്റെ പേരിൽ സ്കൂൾ വിദ്യാർഥിയെ സഹപാഠികൾ ആക്രമിച്ചതിന്റെ ആഘാതം അണയാതെ നിൽക്കുന്നതിനിടെയാണ് തിരുനെൽവേലി ജില്ലയിൽ മറ്റൊരു ജാതി കൊലപാതകം.ആഗസ്ത് 13ന് തിരുനെൽവേലി ജില്ലയിലെ ഗീലാനന്തം വടക്കൂർ സ്വദേശി രാജാമണി (32) യെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. ഗീലാനന്തം പഞ്ചായത്ത് രണ്ടാം വാർഡ് അംഗമായിരുന്നു രാജാമണി.രാജാ മണിയെ ഇതേ പ്രദേശത്തെ മായാണ്ടി, ഇസക്കി എന്നിവർ ചേർന്ന് വെട്ടികൊലപ്പെടുത്തുകയായിരുന്നു.കൊല്ലപ്പെട്ട രാജാമണി പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണ്. ഈ കൊലപാതകത്തിന് പിന്നിലും ജാതി സംഘർഷമാണെന്നും പറയപ്പെടുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ തുടർച്ചയായ കൊലപാതകങ്ങൾ കാരണം തിരുനെൽവേലി സംഘർഷഭരിതമാണ് . പ്രത്യേകിച്ചും, കഴിഞ്ഞ ജൂലൈ മുതൽ തിരുനെൽവേലി ജില്ലാ അതിർത്തിക്കുള്ളിലെ പ്രദേശങ്ങളിൽ ആകെ 11 കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൊലപാതക പരമ്പര തടയാൻ സ്ട്രീമിംഗ് ഓപ്പറേഷൻ എന്ന പേരിൽ ജില്ലാ-സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് ഒരു കർമ്മ പദ്ധതി നടത്തിവരികയാണ് എന്ന് അവകാശപ്പെടുന്നു. ഇതിലൂടെ വിവിധ കേസുകളിൽ ഉൾപ്പെട്ട ക്രിമിനലുകളെ മുൻകരുതലെന്ന നിലയിൽ അറസ്റ്റ് ചെയ്യുന്നതായി നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിൽ നിലനിൽക്കുന്ന ജാതീയതയാണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ.1990-കളിൽ തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലെ ജാതി സംഘർഷങ്ങൾ പൊതു സമാധാനത്തെ സാരമായി ബാധിച്ചിരുന്നു.നേതാക്കളുടെ പേരിൽ ഓടുന്ന ബസുകൾ പോലും അടിച്ചു തകർത്തു കത്തിച്ചു. ഇതേതുടർന്നാണ് നേതാക്കളുടെ പേരിൽ ഓടുന്ന സർക്കാർ ബസുകൾ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്ന ഒറ്റപ്പേരിൽ കൊണ്ടുവന്നത്.
വ്യാവസായിക വികസനവും തൊഴിലവസരങ്ങളും സുഗമമാക്കുന്നതിന് നാങ്കുനേരിയിൽ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കണമെന്ന് അന്ന് രൂപീകരിച്ച ജഡ്ജി രത്‌നവേൽ പാണ്ഡ്യൻ കമ്മിഷൻ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.2011ൽ ഡിഎംകെ ഭരണകാലത്ത് നാങ്കുനേരിയിൽ പ്രഖ്യാപിച്ച പ്രത്യേക ഇക്കണോമിക് മേഖല ഇപ്പോൾ പേരിനു മാത്രമാണ് ഉള്ളത്. തൊഴിലവസരങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല. ഇപ്പോഴിതാ വീണ്ടും ജസ്റ്റിസ് ചന്ദുരു കമ്മീഷനെ അതേ രീതിയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
തമിഴ് നാട്ടിലെ തെക്കൻ ജില്ലകളിലെ ക്ഷേത്രോത്സവങ്ങൾ, ഉൾപ്പെടെയുള്ള പൊതുവേളകളിൽ ജാതിചിഹ്നമുള്ള ബനിയൻ ധരിക്കൽ, ക്ഷേത്രങ്ങളിൽ ജാതിക്കൊടി കെട്ടൽ, വൈദ്യുതത്തൂണിൽ ജാതി ബന്ധമുള്ള നിറങ്ങൾ വരയ്‌ക്കൽ, യുവാക്കളുടെ കയ്യിൽ ജാതിചരട് കെട്ടൽ തുടങ്ങിയവ സർവ്വ സാധാരണമാണ് . ജാതിനേതാക്കളെ വരവേൽക്കാനുള്ള കട്ടൗട്ടുകൾ കൊണ്ട് ഓരോ ചെറു ജനപഥങ്ങളും നിറഞ്ഞിരിക്കുന്നു.ജാതി തീ ഇന്ധനമായി നിലനിർത്തുക എന്നത് ദ്രാവിഡരാഷ്‌ട്രീയത്തിന്റെ ആവശ്യമാണ്.എന്നാൽ ഇന്ന് വംശീയ സംഘർഷം മൂലം സ്‌കൂൾ പ്രവേശനം കുറയുന്നു.ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന നങ്കുനേരിയിലെ ശങ്കർറെട്ടിയാർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ അഡ്മിഷൻ നിരക്ക് പാടെ കുറഞ്ഞിരിക്കുന്നു. മാതാപിതാക്കൾ കുടുംബത്തോടൊപ്പം മറ്റു നഗരങ്ങളിലേക്ക് കുടിയേറുകയോ നഗരങ്ങളിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലേക്ക് വിദ്യാർത്ഥികളെ അയയ്‌ക്കുകയോ ചെയ്യുന്നു.
സർക്കാർ സ്‌കൂളുകളിൽ അധ്യാപകരുംജാതി തിരിച്ച ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നുണ്ട്.അധ്യാപകരിൽ ചുരുക്കം ചിലർ പ്രത്യേക ജാതിയിൽപ്പെട്ട വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് അവർക്കു കൂടുതൽ പരിഗണന നൽകി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. തൂത്തുക്കുടി ജില്ലയിലെ വ്‌ലാത്തിക്കുളത്തിന് സമീപം കുളത്തൂരിൽ പ്രവർത്തിക്കുന്ന സർക്കാർ ഹൈസ്‌കൂളിലെ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് കഴിഞ്ഞ വർഷം സ്‌കൂളിലെ വിദ്യാർത്ഥിയോട് ജാതി പറഞ്ഞ് പ്രകോപിപ്പിച്ചതിന്റെ ഓഡിയോ പുറത്ത് വന്നിരുന്നു. ഇയാളെ സസ്‌പെൻഡ് ചെയ്തു.
2022 ഡിസംബറിൽ പുതുക്കോട്ട ജില്ലയിലെ വേങ്ങവയൽ വില്ലേജിലെ ഓവർഹെഡ് വാട്ടർ ടാങ്കിൽ മനുഷ്യവിസർജ്ജ്യം കണ്ടെത്തിയിരുന്നു. വെങ്ങൈവയൽ ഗ്രാമത്തിലെ പട്ടികജാതി കോളനി നിവാസികൾക്ക് വെള്ളം നൽകുന്ന ഓവർഹെഡ് വാട്ടർ ടാങ്കിൽ (ഒഎച്ച്ടി) മനുഷ്യവിസർജ്ജനം കലർത്തിയ കേസുമായി ബന്ധപ്പെട്ട് സ്‌കൂൾ കുട്ടികൾ ആണ് പിടിയിലായത്.
കഴിഞ്ഞ വർഷം അംബാസമുദ്രത്തിനടുത്ത് ബല്ലാക്കൽ ബുദ്ദുകുടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികളുടെ കൈകളിൽ ജാതിച്ചരട് കെട്ടിയതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ശെൽവസൂര്യ എന്ന വിദ്യാർഥിയെ സഹപാഠികൾ തല്ലിക്കൊന്നു. മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. മൂന്ന് ജില്ലകളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡത്ത് പതിനൊന്നാം ക്ലാസിലെ മൂന്ന് വിദ്യാർഥികൾ ചേർന്ന് കൂടെ പഠിക്കുന്ന വിദ്യാർഥിയുടെ പിതാവിനെ വെട്ടിക്കൊന്നു.ഇദ്ദേഹത്തെ കൊല്ലുമെന്ന് ഒരു വർഷമായി ഇവർ പറയുന്നുണ്ടായിരുന്നു. പോലീസ് മുൻകരുതൽ എടുത്തിരുന്നെങ്കിൽ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നു.പക്ഷെ ഭരണകക്ഷിയുടെ താത്പര്യത്തിൽ പോലീസ് പലപ്പോഴും പ്രവർത്തന രഹിതമാണ്.പോലീസ് ഇന്റലിജൻസ് ഡിപ്പാർട്ടമെന്റ് ഏറെക്കാലമായി ഇതേ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.എന്നാൽ പലവിധ താത്പര്യങ്ങൾ കാരണം പ്രശ്നങ്ങൾ മേലുദ്യോഗസ്ഥരെ അറിയിക്കാതെ മൂടിവെക്കുന്നതിനാൽ പിന്നീടത് പൊട്ടിത്തെറിക്കുന്നു.
പോലീസ് ഇടയ്‌ക്കിടെ സ്‌കൂളിലെത്തി വിദ്യാർത്ഥികളുമായി സംസാരിക്കണം എന്ന തീരുമാനവും നടപ്പിലാകുന്നില്ല. തെക്കൻ ജില്ലകളിൽ മികച്ച രീതിയിൽ പ്രവർത്തിച്ച അന്യനാട്ടുകാരായ ഐപിഎസുകാരെ ഇവിടെ നിന്നും മാറ്റിയതാണ് ഇപ്പോൾ പോലീസ് നിർവീര്യമാകാനുള്ള കാരണം. ഈ മേഖലകളിൽ അന്യനാട്ടുകാരായ ഐ പി എസ്സുകാരെ നിയമിച്ചാൽ മാത്രമേ ജാതി സംഘർഷം തടയാനാകൂ എന്നതാണ് വസ്തുത. ജാതി സംഘർഷത്തിന് പ്രേരിപ്പിക്കുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താൻ പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകണം.
തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ നയ്യിക്കുന്ന ‘എൻ മണ്ണ്; എൻ മക്കൾ ‘ പദയാത്ര തൂത്തുക്കുടി ജില്ലയിലെ വ്ലാത്തിക്കുളത്ത് എത്തിയപ്പോൾ ഈ സംഭവങ്ങൾക്കെതിരെ അദ്ദേഹം ആഞ്ഞടിക്കുകയുണ്ടായി.ജാതി കലാപങ്ങളിൽ നിന്നും വോട്ട് സമാഹരിക്കുന്ന ഡി എം കെ യുടെ കുതന്ത്രത്തെ അദ്ദേഹം തുറന്നു കാട്ടി. ജാതിയില്ല പാപ്പാ എന്ന് പറഞ്ഞ ഭാരതിയാർ ജീവിച്ച നാട്ടിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികളെ ജാതി പറഞ്ഞു വെട്ടിമുറിച്ചിരിക്കുന്നു എന്ന് കെ അണ്ണാമലൈ പറഞ്ഞു.”ദ്രാവിഡ മോഡൽ ഭരണത്തിൽ തിരുനെൽവേലി ജില്ലയിലെ നാങ്കുനേരി സ്‌കൂളിൽ വിദ്യാർഥികൾ ജാതിയുടെ പേരിൽ ഏറ്റുമുട്ടുക മാത്രമല്ല, പ്ലസ് ടു വിദ്യാർഥിയെയും അനുജത്തിയെയും വീട്ടിലെത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. സംഘത്തിലെ ഒരു വിദ്യാർത്ഥിയുടെ മുത്തച്ഛൻ ഡിഎംകെ സംസ്ഥാന സെക്രട്ടറിയാണ്. ഈ കേസിൽ സി എം കെ ക്കാർ അവിഹിതമായി ഇടപെടുകയും പോലീസിനെ സ്വാധീനിക്കുകയും ചെയ്യുന്നു.ഡിഎംകെ സംസ്ഥാനസെക്രട്ടറിയാണ് നാങ്കുനേരി ജാതി കലാപത്തിന് ഉത്തരവാദി” അണ്ണാമലൈ പറഞ്ഞു.
എന്തായാലും ദ്രാവിഡ രാഷ്‌ട്രീയം നട്ടു വളർത്തിയ ജാതി വെറി എന്ന വിഷച്ചെടി ഇപ്പോൾ പടർന്നു പന്തലിച്ചിരിക്കുന്നു. അതിന്റെ ഗുണം അനുഭവിക്കുന്നത് നിലവിൽ ഡി എം കെ ആണെങ്കിലും ദോഷം സമൂഹത്തിനു മുഴുവനാണ്.
രഞ്ജിത് ജി കാഞ്ഞിരത്തിൽ
Comments