കുംഭകണ്ണൻ യുദ്ധക്കളത്തിൽ വായും പൊളിച്ച് ആണ് വന്നത്. കിട്ടിയിടത്തോളം വാനരന്മാരെ പിടിച്ച് ഉള്ളിലാക്കി വിഴുങ്ങി. ആ വഴി അവർ ചെവികളിൽ കൂടി പുറകോട്ട് വന്ന് കുംഭകർണ്ണനെ ചെറുക്കാൻ ശ്രമിച്ചു. കുംഭകർണ്ണന്റെ വരവ് കണ്ട് വിഭീഷണൻ ശ്രീരാമചന്ദ്രനോട് വിവരം പറഞ്ഞു. ഉടൻതന്നെ വിഭീഷണൻ കുംഭകർണ്ണന്റെ കാൽക്കൽ നമസ്കരിച്ചു. രാവണനോട് ധർമ്മമാർഗം ചൊല്ലി നന്നാകാൻ പ്രേരിപ്പിച്ചതിന് ജേഷ്ഠൻ തന്നെ പുറത്താക്കിയതാണെന്നും പോയില്ലെങ്കിൽ കൊല്ലും എന്നു പറഞ്ഞു വാളുമെടുത്തു വന്നെന്നും വിഭീഷണൻ വ്യക്തമാക്കി. ഇതെല്ലാം അറിഞ്ഞ കുംഭകർണ്ണൻ അനിയനെ ആലിംഗനം ചെയ്ത് അനുഗ്രഹിച്ചു. നിനക്ക് നല്ലത് വരുമെന്നും ധർമ്മം മാത്രം പ്രവർത്തിച്ച് ശ്രീരാമ ഭക്തനായി അറിയപ്പെടട്ടെ എന്നും, ചിരഞ്ജീവിയായിരിക്കട്ടെ എന്നും, അനുഗ്രഹ വാക്കുകൾ ചെവിയിൽ പറഞ്ഞു, രാമബാണങ്ങൾ ഏറ്റു മരിക്കാനുള്ള ഭാഗ്യം കുംഭകർണ്ണനുണ്ടായി.
തുടർന്ന് രാവണ സൈന്യത്തിന് പടനയിക്കാൻ ആളില്ലാത്ത വിധം വൻനാശമുണ്ടായി. രാവണപുത്രൻ അതികായനും മരിച്ചതോടെ സേനയുടെ ആരോഗ്യം നശിച്ചു. ഇന്ദ്രജിത്ത് തന്നെ നേതൃത്വം ഏറ്റെടുത്തു. ഇന്ദ്രജിത്ത് മേഘങ്ങൾക്കപ്പുറം മറഞ്ഞുനിന്ന് അസ്ത്രം ചൊരിഞ്ഞ് ശത്രുക്കളെ ആകെ വീഴ്‌ത്തി മടങ്ങി .വിഭീഷണനും വായു പുത്രനും കാര്യമായ പരിക്കുകൾ ഇല്ല. ഇനി ആരൊക്കെ ജീവനോടെ ഉണ്ടെന്നറിയാൻ അവർ ചുറ്റി നടന്നു. അപ്പോൾ ജാംബവാനെ കണ്ടു. വിഭീഷണന്റെ ശബ്ദം തിരിച്ചറിഞ്ഞ ജാംബവാൻ, മാരുതി ജീവനോടെയുണ്ടോ എന്ന് ആരാഞ്ഞു. മാരുതി ജീവനോടെ ഉണ്ടെങ്കിൽ എല്ലാവരും ജീവിക്കുമെന്ന് ജാംബവാൻ വിശദമാക്കി. (ശ്വാസ പരിശോധന തന്നെ ഉപായം.)
മാരുതിയോട് ഹിമാലയത്തിൽ പോയി മൃതസഞ്ജീവിനി, വിശല്യകരണി, സാവർണ്യകരണി, സന്ധാനകരണി എന്നീ ഔഷധങ്ങൾ കൊണ്ടുവരണമെന്ന് ജാംബവാൻ നിർദ്ദേശിച്ചു. കാലനേമി അഥവാ കാലചക്രം എന്ന തടസ്സത്തെ മറികടന്ന്, ദിവ്യമായ പല ഔഷധങ്ങളും ഹനുമാൻ കൊണ്ടുവന്നു. അങ്ങിനെ കൊണ്ടുവന്ന ഔഷധ ഗന്ധം ഏറ്റു തന്നെ രാമലക്ഷ്മണന്മാർ ഉൾപ്പെടെ വാനര സൈന്യം മുഴുവനും ആലസ്യം വിട്ട് എഴുന്നേറ്റു. ശ്രീരാമ നിർദ്ദേശം അനുസരിച്ച് മാരുതി ഔഷധ വസ്തുക്കൾ എല്ലാം തിരിച്ച് ഹിമാലയത്തിൽ എത്തിച്ച് പ്രകൃതിസന്തുലനം കാത്തു.
രാക്ഷസ സേനയിൽ മരിച്ചവരുടെ എല്ലാം ജഡം സമുദ്രത്തിൽ നിമഞ്ജനം ചെയ്തതിനാൽ അവരാരും ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല. വീരനായ ഇന്ദ്രജിത്തിനെ ലക്ഷ്മണൻ വധിച്ചു ഇതോടെ യുദ്ധം അവസാനഘട്ടത്തിൽ വിജയത്തിലായി.
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Comments