ബെംഗളൂരു: ലോകത്തിനാകെ പ്രകാശം പകരാനാണ് ഭാരതം സ്വതന്ത്രമായതെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മൾ. പ്രകാശത്തിന്റെ നാട്. അതുകൊണ്ടാണ് ഈ നാടിന് ഭാരതമെന്ന് പേരുണ്ടായതെന്ന് സർസംഘചാലക് പറഞ്ഞു. ബംഗളൂരു ബസവനഗുഡിയിലുള്ള വാസവി കൺവൻഷൻ ഹാളിൽ സമർത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ശാസ്ത്രജ്ഞനും യോഗഗുരുവുമായ ഡോ. എസ്.എൻ. ഓംകാർ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
‘നാം സൂര്യനെ ആരാധിക്കുന്നു, അതിനാൽ ഭാരതം എന്ന് വിളിക്കപ്പെടുന്നു, അതിൽ ഭ എന്നത് പ്രകാശത്തെ സൂചിപ്പിക്കുന്നു. ഏതദ്ദേശപ്രസൂതസ്യ സകാശാദഗ്രജന്മനഃ സ്വം സ്വം ചരിത്രം ശിക്ഷേരൻ പൃഥിവ്യാം സർവമാനവാഃ.. എന്നത് സ്വ തന്ത്ര എന്ന പദത്തിന്റെ അർത്ഥത്തെയാണ് സൂചിപ്പിക്കുന്നത്. ലോകത്തിന് ഭാരതത്തെ ആവശ്യമുണ്ട്. അതിന് നമ്മൾ തയാറാകണം. ദേശീയ പതാക ഉയർത്തുന്ന സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തണം. മുകളിൽ കുങ്കുമം കുറിക്കുന്നത് ത്യാഗവും നിരന്തരമായ പ്രയത്‌നവുമാണ്. മദ്ധ്യത്തിലെ വെളുപ്പ് നിറം നിസ്വാർത്ഥമായ, സംശുദ്ധമായ നൈർമ്മല്യത്തെയും താഴെ പച്ച നിറം സമൃദ്ധിയെയും കുറിക്കുന്നു. ഇവയാണ് ഭാരതത്തിന്റെ ആദർശം. നിരന്തര പ്രയത്‌നത്തിലൂടെ പ്രകാശത്തിന്റെ ദിശയിൽ ജീവിതം നയിക്കണം.
സ്വാർത്ഥത ഇല്ലാതാക്കി എല്ലാവർക്കുമായി പരിശുദ്ധിയോടെ പ്രവർത്തിക്കണം, ദേശീയ പതാക നൽകുന്ന അനശ്വര സന്ദേശങ്ങളാണ്, ഏറ്റെടുക്കണം, ലോകത്തെ പ്രകാശിപ്പിക്കണമെങ്കിൽ ഭാരതം സമർത്ഥമാകണം. രാഷ്‌ട്രത്തെ തകർക്കുന്ന ശക്തികൾ വിജയിക്കാതിരിക്കാൻ രാജ്യത്തെ ഒന്നിപ്പിക്കണം. അറിവ്, കർമ്മം, ഭക്തി, വിശുദ്ധി, സമൃദ്ധി എന്നിവയുടെ അടിസ്ഥാനത്തിൽ നാം ലോകത്തെ നയിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം ഒരു തുടർച്ചയായ പ്രക്രിയയാണെന്നും ത്രിവർണ്ണത്തിന്റെ സന്ദേശങ്ങളെ അടിസ്ഥാനമാക്കി രാഷ്ട്രം തനിമയിലൂന്നി മുന്നോട്ട് നയിക്കണം’- എന്നും സർസംഘചാലക് പറഞ്ഞു.
Comments