പാലക്കാട്: കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ റബറിനും തെങ്ങിനും പുറമേ തേയില, വെറ്റില, കൊക്കോ, പൈനാപ്പിൾ, ഇഞ്ചി, പയർവർഗങ്ങൾ, ഗ്രാമ്പൂ, ജാതി തുടങ്ങിയവ ഉൾപ്പെടുത്തി. മാവിന് പാലക്കാട് ജില്ലയിൽ മാത്രം ലഭിക്കുന്ന ആനുകൂല്യം ഇനി കേരളത്തിന് മുഴുവൻ ലഭ്യമാകും. ഒരേസമയം കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിലും സംസ്ഥാന വിള ഇൻഷുറൻസിലും ചേരാൻ കർഷകർക്ക് ഇനി സാധിക്കും.
കൃഷിനാശത്തിനാണ് ഇൻഷുറൻസ് ലഭിക്കുന്നത്. കേന്ദ്രപദ്ധതിയിൽ പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനമനുസരിച്ച് വിളവിലുണ്ടാവുന്ന കുറവിന് പോലും ഇൻഷുറൻസ് ലഭ്യമാകും. സംസ്ഥാന പദ്ധതി പ്രകാരം നെല്ല്, പച്ചക്കറി തുടങ്ങിയവയ്‌ക്ക് നിശ്ചിത ദിവസത്തിനകവും തെങ്ങ്, കമുക് പോലുള്ള വിളകൾക്ക് ഏത് സമയത്തും ഇൻഷുറൻസ് ചെയ്യാം. കുറഞ്ഞ സ്ഥലമുള്ളവർക്കും ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ മാറ്റത്തിനനുസരിച്ച് ഇൻഷുറൻസ് മാറ്റം വരുമെന്നും അതനുസരിച്ച് പ്രീമിയം തുകയിലും മാറ്റമുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
ഓഗസ്റ്റ് 31 ആണ് കേന്ദ്ര ഇൻഷുറൻസിൽ അപേക്ഷിക്കാനുള്ള അവസാന തീയതി. കേന്ദ്ര സർക്കാരിന്റെ വെബ്‌സൈറ്റ് വഴിയോ അഗ്രികൾചറൽ ഇൻഷുറൻസ് കമ്പനി ഏജന്റുമാർ മുഖേനയോ രജിസ്റ്റർ ചെയ്യാം. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, നികുതി രസീത് എന്നിവയാണ് ആവശ്യമായ രേഖകൾ.
പ്രധാന ഇനങ്ങളുടെ പ്രീമിയവും ഇൻഷുറൻസും: പച്ചക്കറി: 2000 (40,000), തേയില: 2250 (45,000), ഏലം: 2250 (45,000), കുരുമുളക്: 2500 (50,000), കമുക്: 5000 (ഒരു ലക്ഷം), തെങ്ങ്: 5000 (ഒരു ലക്ഷം), കപ്പ: 6250 (1.25 ലക്ഷം), വാഴ: 8750 (1.4 ലക്ഷം), നെല്ല്: 1600 (80,000), വെറ്റില: 5000 (ഒരു ലക്ഷം), മാവ്: 7,500 (1.5 ലക്ഷം), റബർ: 5000 (ഒരു ലക്ഷം), തെങ്ങ്: 5000 (ഒരു ലക്ഷം).
















Comments