ജോലി ചെയ്യുമ്പോഴും വാഹനമോടിക്കുമ്പോഴും
ഹെഡ്‌ഫോണിൽ മുഴുകുന്നവരാണ് മിക്കവരും. പ്രായഭേദമന്യേ ഇന്ന് ഇയർഫോണുകളിലും ഹെഡ്‌ഫോണുകളിലും മുഴുകിയിരിക്കുന്നവരാണ് ചുറ്റും. എന്നാൽ ഇത്തരക്കാർക്ക് പല വെല്ലുവിളികളെയും നേരിടേണ്ടി വരും. ഹെഡ്‌ഫോണുകൾ കണക്കിൽ കൂടുതൽ സമയം ഉപയോഗിക്കുകയാണെങ്കിൽ ഇത് കേൾവിയെയും സംസാരശേഷിയെയും പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
ഇന്ത്യൻ സ്പീച്ച് ആന്റ് ഹിയറിംഗ് അസോസിയേഷന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പഠനത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. ആശയ വിനിമയ സംബന്ധമായ വൈകല്യങ്ങളെക്കുറിച്ച് ഡൽഹി എൻസിആർ ഏരിയയിലും ജമ്മു കശ്മീരിലും നടത്തിയ സർവേയ്‌ക്കൊടുവിലാണ് വിലയിരുത്തലിൽ എത്തിയത്. പഠനത്തിന്റെ ഒടുവിൽ ആശയവിനിമയ സംബന്ധമായ വൈകല്യങ്ങൾ വർദ്ധിച്ചുവെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ഇതേക്കുറിച്ചുള്ള അവബോധം കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
19 മുതൽ 25 വയസുവരെ പ്രായമുള്ളവർക്കിടയിലാണ് കേൾവി പ്രശ്‌നം കൂടുതലായി കാണപ്പെടുന്നത്.ഈ പ്രായക്കാരിൽ 41 ശതമാനത്തിലധികം ആൾക്കാരിലും കേൾവിപ്രശ്‌നങ്ങൾ വർദ്ധിച്ചു വരുന്നുവെന്ന് പറയുന്നു. ഇതിന് പുറമേ 26 മുതൽ 60 വയസ് വരെ പ്രായത്തിലുള്ളവർക്കിടയിൽ 69 ശതമാനം കേൾവി പ്രശ്‌നങ്ങൾ വർദ്ധിച്ചതായും കണ്ടെത്തി. മെയ് മുതൽ ജൂൺ വരെ നടത്തിയ പഠനത്തിൽ 53,801 പേരാണ് പങ്കാളികളായത്.
















Comments