മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടൻമാരിൽ ഒരാളാണ് ശ്രീനാഥ് ഭാസി. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗമടക്കം നിരവധി കേസുകളിൽ ആരോപണ വിധേയനായി നിൽക്കുന്ന താരം കൂടിയാണ് അദ്ദേഹം. സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ സിനിമാ സംഘടനകളിൽ നിന്നും വിലക്ക് വരെ ശ്രീനാഥ് നേരിട്ടു.
ഇപ്പോഴിതാ കൊറോണ ധവാൻ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷൻ വേളയിൽ ശ്രീനാഥ് ഭാസി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു അഭിമുഖത്തിൽ സംസാരിക്കവെ ആയിരുന്നു വിമർശകരെ ഉന്നംവെച്ചുകൊണ്ടുള്ള താരത്തിന്റെ പ്രതികരണം.
തനിക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്നവരടക്കം ലഹരി ഉപയോഗിക്കുന്നവരാണെന്നും ഇക്കൂട്ടർ എന്തുകൊണ്ടാണ് ലഹരി ഉപയോഗിക്കുന്ന മറ്റുള്ളവർക്കെതിരെയും ആരോപണം ഉയർത്താത്തതെന്നും താരം ചോദിച്ചു. കൂടാതെ ഞാൻ മോശക്കാരനാണെന്ന് പറയുന്നവർ എന്നെ ചതിച്ചവരാണ്. സിനിമയിൽ താൻ ഒരുപാട് തവണ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
തങ്ങളെ പറ്റിക്കുന്നവരോട് മറ്റുള്ളവർ ചെയ്യുന്നത് മാത്രമേ ഞാനും ചെയ്തിട്ടുള്ളു. താനൊരു സാധാരണക്കാരനാണെന്നും ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം പ്രതീക്ഷിക്കണമെന്നും താരം പറഞ്ഞു.
അഭിനയമാണ് തന്റെ ജോലി. ആ ജോലി ചെയ്യാനാണ് താൻ സെറ്റിൽ പോകുന്നത്. സിനിമ അഭിനയവുമായി മുന്നോട്ട് പോകുന്നതിനാൽ പല കാര്യങ്ങളും തുറന്ന് പറയാൻ കഴിയില്ല. എന്നായിരുന്നു സെറ്റുകളിൽ ഉണ്ടാകുന്ന പ്രശനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് ശ്രീനാഥ് ഭാസി പ്രതികരിച്ചത്.
Comments