തിരുവനന്തപുരം: മൂവാറ്റുപുഴ എംഎൽഎയും കോൺഗ്രസ് നേതാവുമായ മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും വിജിലൻസ് അന്വേഷണം നടത്തുക. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനനാണ് ഇന്നലെ മാത്യു കുഴൽനാടനെതിരെ പരാതി നൽകിയത്.
ചിന്നക്കനാലിൽ അനധികൃതമായി റിസോട്ടും ഭൂമിയും വാങ്ങിയെന്നാണ് മാത്യു കുഴൽന്നാടൻ എംഎൽഎക്കെതിരായ ആരോപണം. ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി രംഗത്ത് വന്നതോടെ വിവാദം രാഷ്‌ട്രീയമായി. തൊട്ട് പിന്നാലെ വിജിലൻസിന് സിപിഎം പരാതിയും നൽകുകയായിരുന്നു. ഈ പരാതിയിലാണ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യതയുള്ളത്.
വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രതികാരമാണെന്ന രീതിയിലാണ് കോൺഗ്രസ് വിലയിരുത്തുന്നത്. മാത്യു കുഴൽനാടൻ എംഎൽഎയെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി. ഏത് അന്വേഷണവും മാത്യു കുഴൽനാടൻ തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും മുരളീധരൻ പറഞ്ഞു. ഇടതുപക്ഷത്തിനെതിരെ ശബ്ദിക്കുന്നവരെ എല്ലാവരെയും അടിച്ചമർത്തുക എന്നത് പതിവാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിമർശിച്ചു. മാത്യു കുഴൽനാടന്റെ വായ പൂട്ടിക്കണമെന്നാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
















Comments