കൊച്ചി: ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ലെന്നും ജീവനക്കാർക്ക് ശമ്പളം മുഴുവൻ നൽകണമെന്ന് കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദ്ദേശം. ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്കുന്നത്.ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസിയാണെന്ന് കോടതി വ്യക്തമാക്കി.
130 കോടി സർക്കാരിൽ നിന്ന് ലഭിച്ചാൽ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നൽകാൻ സാധിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ജൂലൈ മാസത്തെ പെൻഷൻ ഉടൻ നൽകണമെന്നും കോടതി നിർദേശിച്ചു. കെഎസ്ആർടിസി ശമ്പള വിഷയം ഹൈക്കോടതി ഈ മാസം 21-ലേക്ക് മാറ്റി.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ശമ്പളത്തിൽ നിന്ന് പിടിച്ച തുക മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ കെഎസ്ആർടിസിക്ക് അവകാശമില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കും സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് പോളിസിയിലേക്കും അടയ്‌ക്കാൻ പിടിച്ച തുക ആറ് മാസത്തിനകം അതത് പദ്ധതികളിൽ അടയ്‌ക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെക്കുകയും കെഎസ്ആർടി.സി സമർപ്പിച്ച ഹർജി തള്ളുകയും ചെയ്തിരുന്നു.
Comments