സുക്മ : കമ്യൂണിസ്റ്റ് ഭീകരത അവസാനിച്ചതിനു പിന്നാലെ ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ എൽമഗുണ്ട ഗ്രാമത്തിലെ വീടുകളിൽ വൈദ്യുതി എത്തി. കമ്യൂണിസ്റ്റ് ഭീകരത വേര് പാകിയ പ്രദേശങ്ങളിലേക്ക് വികസനം എത്തിക്കാനുള്ള കേന്ദ്ര,സംസ്ഥാന , പ്രാദേശിക ഭരണകൂടത്തിന്റെ ശ്രമങ്ങൾ കൈവരിച്ച പ്രധാന നേട്ടമാണിത് . ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്നാണ് ഗ്രാമത്തിലെ വീടുകൾ വൈദ്യുതീകരിച്ചത് .
ഛത്തീസ്ഗഡ് സ്റ്റേറ്റ് പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡുമായി സഹകരിച്ച് പ്രവർത്തിച്ച ജില്ലാ പോലീസിന്റെ പരിശ്രമത്തിലൂടെയാണ് ഈ ലക്ഷ്യം സാദ്ധ്യമായത് . ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 വരെ എൽമഗുണ്ടയിൽ വൈദ്യുതി എത്തിയിരുന്നില്ല, ജനജീവിതം ആകെ ബുദ്ധിമുട്ടിലായിരുന്നു .
കമ്യൂണിസ്റ്റ് ഭീകരരെ പറ്റി ഗ്രാമവാസികളെ ബോധവത്കരിക്കാനും ഗ്രാമത്തിന്റെ വികസനത്തിന് ഊന്നൽ നൽകാനും ഗ്രാമവാസികളുമായി കൂടിക്കാഴ്ച നടത്തിയതായി പോലീസ് പറഞ്ഞു. കമ്യൂണിസ്റ്റ് ഭീകരരിൽ നിന്ന് അകലം പാലിക്കാനും ഗ്രാമവാസികളോട് അഭ്യർത്ഥിച്ചു.സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) ഉദ്യോഗസ്ഥരും ഈ ലക്ഷ്യത്തിനായി ഒത്തു ചേർന്നു.
ഏകദേശം ആറുമാസം മുമ്പ് എൽമഗുണ്ടയിൽ സുരക്ഷാ സേനയുടെ ഒരു ക്യാമ്പ് സ്ഥാപിച്ചിരുന്നു . ഇതാണ് ഇത് വികസന പ്രവർത്തനങ്ങൾക്ക് വേഗത നൽകിയത് .വിദൂര ഗ്രാമങ്ങളിലെ സുരക്ഷാ ക്യാമ്പുകൾ സംയോജിത വികസന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്ന് ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സുന്ദർരാജ് പറഞ്ഞു.
ബസ്തർ റേഞ്ചിലെ സുരക്ഷാ ക്യാമ്പുകൾ പ്രാദേശിക ഭരണകൂടവുമായി ഏകോപിപ്പിച്ച് റോഡ് നിർമ്മാണം, വൈദ്യുതീകരണം, സ്‌കൂളുകൾ, അങ്കണവാടികൾ, ആരോഗ്യ കേന്ദ്രങ്ങൾ തുറക്കൽ തുടങ്ങിയ വികസന പ്രവർത്തനങ്ങളും നടത്തുന്നുണ്ട് .
Comments