ഇന്ത്യ അനുദിനം പുരോഗമിക്കുകയാണ്, വളരുകയാണ്, വികസിക്കുകയാണ്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ രാജ്യം ലോകത്തെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥയുടെ പട്ടികയിൽ ഉണ്ടാകുമെന്ന ഉറപ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്.
കഴിഞ്ഞ വികസനത്തിന്റെ ഒൻപത് വർഷത്തിനിടെ രാജ്യത്തെ എല്ലാ മേഖലകളും വിജയം കൈവരിച്ചിരുന്നു. ടെലികോം മേഖലയും വ്യോമയാന മേഖലയും, റെയിൽ ഗതാഗത മേഖലയും കൈവരിച്ച വളർച്ച വാക്കുകൾക്കപ്പുറമാണ്. വികസനം യാഥാർത്ഥ്യമാക്കി രാജ്യത്തെ ആഗോള മാതൃകയാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വരും നാളുകളിൽ ഇന്ത്യയിൽ പുതുതായി നിരവധി വിമാനത്താവളങ്ങളാണ് യാഥാർത്ഥ്യമാകാനൊരുങ്ങുന്നത്. രാജ്യത്തിന് മുതൽകൂട്ടായിട്ടുള്ള ചില പ്രധാന വിമാനത്താവളങ്ങളിതാ..
ഉദേ ദേശ് കാ ആം നാഗ്രിക് എന്ന ഉഡാൻ പദ്ധതിക്ക് കീഴിലാണ് ഇത് യാഥാർത്ഥ്യമാക്കുന്നത്. രാജ്യത്തെ ഗതാഗത മേഖലയെ ഉത്തേജിപ്പിക്കുകയും നഗരങ്ങളെ ബന്ധിപ്പിക്കുകയുമാണ് ലക്ഷ്യം. ഉത്തർപ്രദേശിലെ ഖുഷിനഗർ വിമാനത്താവളമാണ് അതിൽ പ്രധാനപ്പെട്ടത്. വ്യോമയാന ഭൂപടത്തിൽ ഉത്തർപ്രേദശിന്റെ പ്രതിച്ഛായ മാറ്റിയ അന്താരാഷ്‌ട്രവിമാനത്താവളമാണിത്. വ്യാപാരം, വ്യവസായം എന്നിവയ്‌ക്ക് വിമാനത്താവളം നിർണായക പങ്ക് വഹിക്കുന്നു.
വ്യോമയാന ഭൂപടത്തിൽ ഒഡീഷയുടെ ചിത്രം മാറ്റി മറിക്കുന്ന വിമാനത്താവളമാകും ജാർസുഗുഡ വിമാനത്താവളം. പ്രതിവർഷം രണ്ട് ലക്ഷത്തിലധികം പേരാണ് വിമാനത്താവളത്തിൽ നിന്നും പറക്കുന്നത്. വ്യാപാര-വാണിജ്യ മേഖലകൾക്കുപ്പരി സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും വിമാനത്താവളം ഉത്തേജനം നൽകുന്നു. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശിനെ രാജ്യത്തെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന വിമാനത്താവളമാണ് തേസു വിമാനത്താവളം. 2019-ലാണ് പ്രധാനമന്ത്രി വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചത്. 125 കോടി രൂപ ചെലവിൽ നിർമ്മിച്ച വിമാനത്താവളം ഗുവാഹട്ടി, ജോർഹട്ട്, ഹോളംഗി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നു.
ഇതിന് പുറമേ നിരവധി വിമാനത്താവളങ്ങളാണ് പുതുതായി രാജ്യത്ത് വരാനിരിക്കുന്നത്. കർണാടകയിലെ ശിവമോഗ, ഉത്തർപ്രദേശിലെ നോയിഡ, ഗോവയിലെ മോപ, മഹാരാഷ്‌ട്രയിലെ പുരന്ദർ, നവി മുംബൈ ഗ്രീൻഫീൽഡ്, ഗുജറാത്തിലെ രാജ്‌കോട്ട് എന്നിവിടങ്ങൾ അവയിൽ ചിലത് മാത്രം. യാത്രക്കാർക്ക് വിമാനയാത്രയും വിമാനത്താവളത്തിലെ ചെക്ക്-ഇന്നുകളും സുഗമമാക്കുന്നതിനായി ഡിജിയാത്ര എന്ന ആപ്പും കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. തിരിച്ചറിയൽ രേഖകളോ വിവരങ്ങളോ കൈയിൽ കരുതാതെ ആപ്പ് വഴി ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യമാണ് ഡിജി ആപ്പ് നൽകുന്നത്.
















Comments