തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത. തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാൻ റെയിൽവേ ബോർഡ് ഉത്തരവിറക്കി. പുതിയ പാമ്പൻ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ മണ്ഡപം വരെ സർവീസ് നടത്താനാണ് സാധ്യത. ഡിസംബറിൽ പാലം നിർമാണം പൂർത്തിയായാൽ ട്രെയിൻ രാമേശ്വരത്ത് എത്തും. സർവീസ് ദീർഘിപ്പിക്കുന്ന തീയതി ഉൾപ്പെടെ വിശദമായ വിജ്ഞാപനം റെയിൽവേ ഉടൻ പുറത്തിറക്കും.
13 സ്ലീപ്പർ കോച്ച്, മൂന്ന് തേർഡ് എസി കോച്ച്, ഒരു സെക്കൻഡ് എസി, ഒരു ഫസ്റ്റ് എസി, രണ്ട് ജനറൽ കോച്ച് അടക്കം 22 കോച്ചുകളാകും ട്രെയിനിലുണ്ടാകുക. തിരുവനന്തപുരത്ത് നിന്ന് രാത്രി 8.30ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1.40ന് രാമേശ്വരത്ത് എത്തും. മടക്ക ട്രെയിൻ രാമേശ്വരത്ത് നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട് പിറ്റേ ദിവസം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് എത്തും.
രാജ്യത്ത് റെയിൽവേ ഗതാഗത മേഖല വൻ വളർച്ചയാണ് കൈവരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമിട്ട അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചിരുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം.
Comments