2023 ആഗസ്റ്റ് 10ന് നടന്ന അവിശ്വാസ ചർച്ചയ്‌ക്കിടെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി “കച്ചത്തീവ്” ദ്വീപിനെക്കുറിച്ച് പരാമർശിച്ചിരുന്നു. ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് 1974ൽ ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തത് ഇന്ദിരാഗാന്ധി സർക്കാരാണെന്ന് രാഹുൽ ഗാന്ധിയുടെ ഭാരതമാതാ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു .

ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് കച്ചത്തീവ്. നിലവിൽ ഇവിടെ സ്ഥിരതാമസമില്ല. ഇത് പാക്ക് കടലിടുക്കിലാണ് സ്ഥിതി ചെയ്യുന്നത്. പതിനാലാം നൂറ്റാണ്ടിൽ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നാണ് ഈ ദ്വീപ് രൂപപ്പെട്ടത് . ഇന്ത്യൻ തീരത്ത് നിന്ന് രാമേശ്വരത്തിന് വടക്ക് കിഴക്കായി ഏകദേശം 33 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയുടെ വടക്കേ അറ്റത്ത് ജാഫ്‌നയിൽ നിന്ന് ഏകദേശം 62 കിലോമീറ്റർ തെക്കുപടിഞ്ഞാറായും ശ്രീലങ്കൻ ജനവാസമുള്ള ഡെൽഫ് ദ്വീപിൽ നിന്ന് 24 കി.മീ ആണ് ദൂരം. ദ്വീപിലെ ഒരേയൊരു കെട്ടിടം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിച്ച സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളിയാണ്. ഇവിടുത്തെ വാർഷിക ഉത്സവ വേളയിൽ, ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള തീർത്ഥാടകർ തീർത്ഥാടനം നടത്തുന്നു. ഇരു രാജ്യങ്ങളിലെയും ക്രിസ്ത്യൻ പുരോഹിതന്മാർ അവിടെ എത്തി പ്രാർത്ഥനാ ശുശ്രൂഷകൾ നിർവ്വഹിക്കുന്നു. ഈ വർഷം (2023), 2,500 ഇന്ത്യക്കാരാണ് രാമേശ്വരത്ത് നിന്ന് കച്ചത്തീവിയിലേക്ക് ഉത്സവത്തിനായി യാത്ര ചെയ്തത്. ഈ ദ്വീപിൽ കുടിവെള്ള സ്രോതസ്സില്ലാത്തതിനാൽ ദ്വീപ് സ്ഥിരതാമസത്തിന് അനുയോജ്യമല്ല.

ഇതിന്റെ ആകെ വിസ്തീർണ്ണം കഷ്ടിച്ച് 1.15 കിലോമീറ്റർ ചതുരശ്ര (285 ഏക്കർ) ആണ്. ഇത് ആദ്യം രാംനാട് രാജ്യത്തിന്റെ ഉടമസ്ഥതയിലായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് മന്നാർ ഉൾക്കടലിനും പാക്ക് കടലിടുക്കിനും ഇടയിൽ മദ്രാസ് പ്രസിഡൻസിയും സിലോൺ (ശ്രീലങ്ക) സർക്കാരും തമ്മിൽ അതിർത്തി നിർണയം നടത്തിയപ്പോൾ , അത് മദ്രാസ് പ്രസിഡൻസിയിലേക്ക് പോയി. 1921-ൽ ശ്രീലങ്ക ഈ ചെറിയ ദ്വീപിൽ അവകാശവാദം ഉന്നയിക്കാൻ തുടങ്ങി . ഇന്ത്യ സ്വാതന്ത്രയായപ്പോൾ അത് ഭാരതത്തിന്റെ ഭാഗമായി മാറി. സ്വാതന്ത്ര്യത്തിനു ശേഷവും, ദുർബലമായ വിദേശനയത്തിന് പേരുകേട്ട കോൺഗ്രസ് സർക്കാറുകൾക്ക് ദ്വീപിൽ ഇന്ത്യയുടെ അവകാശവാദം ഉറപ്പിക്കാൻ കഴിഞ്ഞില്ല. 1974-ൽ കച്ചത്തീവ് ദ്വീപിന് അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്ന് ഇന്ദിരയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി തീരുമാനിച്ചു.
ഇന്ന്, ജനവാസമില്ലാത്ത ഈ ദ്വീപ് നിയന്ത്രിക്കുന്നത് ശ്രീലങ്കയാണ്.1974-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി”ഇന്തോ-ശ്രീലങ്കൻ മാരിടൈം ഉടമ്പടി” പ്രകാരം കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തു. പാക്ക് കടലിടുക്കിലെ സമുദ്രാതിർത്തി പരിഹരിക്കാൻ എന്ന പേരിൽ ഇന്തോ-ശ്രീലങ്കൻ മാരിടൈം കരാറിലൂടെ ഇന്ദിരാഗാന്ധി കച്ചത്തീവ് ദ്വീപിന്റെ പരമാധികാരം ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെക്ക് അടിയറ വെച്ചു. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് ദ്വീപ് മത്സ്യബന്ധനത്തിന് ഉപയോഗിക്കാം എന്നത് മാത്രമായിരുന്നു അന്നത്തെ ആ കരാറിൽ ഇന്ത്യക്ക് അനുകൂലമായ കാര്യം.
ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ സന്തോഷത്തിന് പക്ഷെ ആയുസ്സ് കുറവായിരുന്നു. തമിഴ് മക്കളുടെ താത്പര്യങ്ങൾക്ക് പുല്ലുവില പോലും നൽകാതിരുന്ന ഇന്ദിരാഗാന്ധി അടുത്ത കരാർ ഒപ്പുവെച്ചു.1976 ൽ ഇന്ദിരാഗാന്ധി ഒപ്പുവെച്ച പുതിയ കരാർ അനുസരിച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് കച്ചത്തീവ് ദ്വീപ് ഉപയോഗിക്കാൻ കഴിയില്ല. അന്ന് അടിയന്തിരാവസ്ഥാകാലമായിരുന്നു. ഇന്ദിരാഫാസിസം കൊടികുത്തി വാഴുന്ന ആ കാലത്ത് ആരോടും പറയാതെ , പ്രാദേശികമായി റിപ്പോർട് ചെയ്യപ്പെടാതെയാണ് ഈ കരാർ ഉണ്ടായത്. ഇന്ദിരാഗാന്ധിയുടെ തന്നിഷ്ടമാണ് ഈ കരാറിൽ കൊണ്ട് ചെന്നെത്തിച്ചത്. കരാറിലെ വാചകങ്ങൾ ഇങ്ങിനെയാണ്, “ഇരു രാജ്യങ്ങളും പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നതോടെ, ഇന്ത്യയും ശ്രീലങ്കയും അതത് മേഖലകളിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളിൽ പരമാധികാരം വിനിയോഗിക്കും. ഇന്ത്യയിലെ മത്സ്യബന്ധന യാനങ്ങളും മത്സ്യത്തൊഴിലാളികളും ആ പ്രദേശത്തെ ജലത്തിലും കടലിലും ശ്രീലങ്കയുടെ പ്രത്യേക സാമ്പത്തിക മേഖലയിലും മത്സ്യബന്ധനത്തിൽ ഏർപ്പെടരുത്, കൂടാതെ ശ്രീലങ്കയിലെ മത്സ്യബന്ധന കപ്പലുകളും മത്സ്യത്തൊഴിലാളികളും ആ പ്രദേശത്തെ കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടരുത്.”
ആ സമയത്ത്, ദ്വീപിന് തന്ത്രപരമായ മൂല്യം കുറവാണെന്നായിരുന്നു ഇന്ദിരയുടെ നിഗമനം. ഇപ്പോൾ, ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് വിശ്രമിക്കാനും വല ഉണക്കാനും വാർഷിക സെന്റ് ആന്റണീസ് ഉത്സവത്തിനും മാത്രമേ ദ്വീപ് ഉപയോഗിക്കാൻ അനുവാദമുള്ളൂ. മത്സ്യബന്ധനത്തിന് ദ്വീപ് ഉപയോഗിക്കാൻ അവർക്ക് അനുവാദമില്ല. പക്ഷെ ഇന്ത്യൻ ഭൂഖണ്ഡത്തിലെ മത്സ്യങ്ങളും ജലജീവികളും ക്ഷയിച്ചപ്പോൾ പ്രശ്നം ഗുരുതരമായിത്തീർന്നു, അതിന്റെ ഫലമായി ഈ മേഖലയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചു.ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ ജലാതിർത്തി ലംഘിച്ച് പ്രദേശത്ത് മെച്ചപ്പെട്ട മത്സ്യബന്ധനത്തിനായി എത്തിച്ചേരുന്നു. ഇവിടെ എത്തുന്ന ഇന്ത്യക്കാരെ,പ്രധാനമായും തമിഴ് നാട്ടിൽ നിന്നുള്ള മത്സ്യ തൊഴിലാളികളെ ശീലങ്കൻ സൈന്യം അറസ്റ് ചെയ്യുക പതിവാണ്. നല്ല മീൻപിടിത്ത ലഭ്യതയുള്ള പരമ്പരാഗത മത്സ്യബന്ധന മേഖലയാണിത്. ദ്വീപ് ഇന്ത്യൻ പ്രദേശമായി അടയാളപ്പെടുത്തിയാൽ മത്സ്യത്തൊഴിലാളികൾക്ക് ഏഴ് മുതൽ പത്ത് വരെ നോട്ടിക്കൽ മൈൽ അധിക മത്സ്യബന്ധന കേന്ദ്രങ്ങൾ ലഭിക്കുമെന്നും ഇത് ശ്രീലങ്കൻ നാവികസേനയുടെ അറസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറയ്‌ക്കുമെന്നും ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പറയുന്നു. .

ഇന്ദിരാ ഗാന്ധി നഷ്ടപ്പെടുത്തിയ ഈ ദ്വീപ് ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമാകണമെന്നാണ് തമിഴ്നാട്ടിലെ ജനത ആഗ്രഹിക്കുന്നത്. ഇന്ദിര ഏകപക്ഷീയമായി ഒപ്പുവെച്ച ഇത്തരത്തിലുള്ള ഇൻഡ്യാ വിരുദ്ധ കരാറിൽ തമിഴ്‌നാട് ഒരിക്കലും സന്തോഷിക്കുന്നില്ല. പ്രധാനമായും തമിഴ് മത്സ്യത്തൊഴിലാളികളാണ് ഈ പ്രദേശത്ത് ജലജീവികളെ വേട്ടയാടുന്നത്. കൂടാതെ, തമിഴ്‌നാട്ടിലെ ക്രിസ്ത്യാനികൾ പതിവായി സന്ദർശിച്ചു കൊണ്ടിരുന്ന സെന്റ് ആന്റണീസ് ഒരു ദേവാലയവും തമിഴരുടെ വികാരമാണ്. ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെത്തുടർന്ന് സാധാരണ ഭരണം നടക്കാത്ത കാലയളവിൽ ഇന്ത്യൻ സർക്കാർ കരാർ ഒപ്പിട്ടപ്പോൾ സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുത്തില്ല.
കച്ചത്തീവ് ദ്വീപ് തിരിച്ചു പിടിക്കണമെന്നു തമിഴ് മക്കൾ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കുപ്രസിദ്ധമായ ദ്വീപ് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് 1991-ൽ സംസ്ഥാന സർക്കാർ പ്രമേയം പാസാക്കി. ദ്വീപ് രാഷ്‌ട്രവുമായുള്ള ഇന്ത്യയുടെ 1974, 1976 കരാറുകൾ അസാധുവാക്കണമെന്ന് 7 വർഷത്തിന് ശേഷം ജയലളിത സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു . അതേസമയം, ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഉപജീവന ആവശ്യങ്ങൾക്കായി അതിർത്തി സന്ദർശിക്കുന്നത് തുടർന്നു പോന്നു, പക്ഷെ പിന്നീട് മൻ മോഹൻ സിങ് സർക്കാരുകളുടെ കാലത്ത് പാവപ്പെട്ട ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന നിരന്തരം അറസ്റ്റ് ചെയ്യാൻ തുടങ്ങി , ജാമ്യ വ്യവസ്ഥകൾ മനുഷ്യത്വരഹിതമായിരുന്നു. നമ്മുടെ ഭൂമിയിൽ മത്സ്യ ബന്ധനം നടത്തിയതിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ട പാവപ്പെട്ട ഇന്ത്യൻ മത്സ്യത്തൊഴിലാളികളിൽ നിന്ന് ശ്രീലങ്കൻ കോടതികൾ കോടികളാണ് ജാമ്യപ്പണമായി തട്ടിയെടുക്കാൻ ശ്രമിക്കുന്നതെന്നു ഒ. പനീർസെൽവം പലതവണ പറഞ്ഞിട്ടുണ്ട്. കസ്റ്റഡിയിൽ പീഡനവും മരണവും സംബന്ധിച്ച നിരവധി ആരോപണങ്ങളുണ്ട്. ഓരോ തവണയും ഇത്തരമൊരു സംഭവം നടക്കുമ്പോൾ കച്ചത്തീവിന്റെ തിരിച്ചു പിടിക്കൽ ആവശ്യം വീണ്ടും ഉയരുന്നുണ്ട്. 1983 മുതൽ 2009 വരെ ഏകദേശം 250 മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും അവരുടെ ഉപകരണങ്ങൾ നശിപ്പിക്കപ്പെടുകയും പിടിച്ച മത്സ്യം ശ്രീലങ്കക്കാർ കൊള്ളയടിക്കുകയും ചെയ്തു.
ഇന്ത്യൻ ഭാഗത്ത് മത്സ്യം കുറഞ്ഞതിനാൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഈ മേഖലയിലേക്ക് കടക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമുണ്ട്. എങ്കിലും എല്ലാ മത്സ്യത്തൊഴിലാളികളും മനഃപൂർവം ശ്രീലങ്കൻ കടലിലേക്ക് പോകുന്നതല്ല. അതിർത്തി എല്ലായ്‌പ്പോഴും തിരിച്ചറിയാൻ കഴിയില്ല, ചിലപ്പോൾ എഞ്ചിൻ തകരാറും പ്രതികൂല കാലാവസ്ഥയും കാരണം അവ അശ്രദ്ധമായി ശ്രീലങ്കൻ ജലമേഖലയിലേക്ക് പ്രവേശിക്കുന്നു.കാത്തിരിക്കുന്ന ശ്രീലങ്കൻ സേന ചാടിവീണുബോട്ടുകൾ പിടിച്ചെടുക്കുന്നു, തൊഴിലാളികളെ അറസ്റ്റു ചെയ്യുന്നു. അതാണ് മുൻപ് സംഭവിച്ചിരുന്നത് . എന്നാൽ നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം, ഇത്തരം അറസ്റ്റുകൾ തീരെ ഇല്ലാതായിട്ടുണ്ട്.

ഇന്ത്യയുടെ പരമാധികാരത്തെ ഉണ്ടായിരുന്ന അതീവ പ്രാധാന്യമുള്ള ഒരു പ്രദേശം വിദേശ രാജ്യത്തിന് അടിയറ വെക്കുകയാണ് ഇന്ദിര ചെയ്തത്.സംസ്ഥാനത്തോട് ആലോചിക്കാതെ ദ്വീപ് വിട്ടുനൽകിയത് ഇന്ദിരാഗാന്ധി ചെയ്ത അക്ഷന്തവ്യമായ അപരാധമാണെന്നതും പാർലമെന്റ് മുഖേനയല്ല കൈമാറ്റം നടന്നതെന്നതും കേവലം സത്യങ്ങൾ മാത്രമാണ്. അടിയന്തിരാവസ്ഥയുടെ മറവിൽ അവർ ഭാരത ജനതയോട് ചെയ്ത പല ക്രൂരതകളിൽ ഒന്നാണ് “കച്ചത്തീവ്” ദ്വീപ് സിരിമാവോയുടെ കാൽക്കൽ സമർപ്പിച്ചത്.”തന്ത്രപ്രധാനമായ പ്രാധാന്യമില്ലാത്ത പാറ” എന്ന് ഇന്ദിരാഗാന്ധി വിശേഷിപ്പിച്ച, ഈ ജനവാസമില്ലാത്ത ദ്വീപ് സമുദ്ര അതിർത്തിയുടെ ഇരുവശത്തുമുള്ള ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുന്ന ശത്രുതയോ ഭാവിയിൽ ഇന്ത്യ-ശ്രീലങ്ക ബന്ധങ്ങളെ വേട്ടയാടുന്നതോ മുൻകൂട്ടി കാണാൻ അവർക്ക് കഴിയുമായിരുന്നില്ല.
Image Credit source: Instagram/@amila_madushanka_
ദ്വീപ് എല്ലായ്പ്പോഴും തർക്കത്തിലായതിനാൽ ദ്വീപ് വിട്ടുകൊടുത്തതായി കണക്കാക്കാനാവില്ലെന്നതാണ് ഭാരത സർക്കാരിന്റെ നിലപാട് . തർക്കവിഷയമായ ഈ ദ്വീപിന്റെ ഒരു ഭാഗവും, പരമാധികാരം വിട്ടുകൊടുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടാണ് നരേന്ദ്ര മോഡി സർക്കാരിനുള്ളത്.
എഴുതിയത്
രഞ്ജിത് ജി കാഞ്ഞിരത്തിൽ
















Comments