പത്തനംതിട്ട: ഇത്തവണ സന്നിധാനത്ത് അയപ്പഭക്തരെ വരവേറ്റത് പുലിവാഹനനായ അയ്യപ്പന്റെ ശില്പം. ശബിരമലയിലെത്തുന്ന ഭക്തജനങ്ങൾക്ക് ആരാധനാ പീഠമായാണ് അയപ്പ ശില്പം പണി കഴിപ്പിച്ചിരിക്കുന്നത്. അമ്പും വില്ലുമേന്തിയ പുലിവാഹനനായ അയപ്പനെയാണ് ശിൽപത്തിലൂടെ ഭക്തർക്ക് മുന്നിൽ സ്ഥാപിച്ചിരിക്കുന്നത്. പമ്പാ ത്രിവേണിയിലാണ് ഈ അയ്യപ്പ ശില്പം സ്ഥാപിച്ചിട്ടുള്ളത്. വ്യവസാസിയയും അമ്പലക്കര ഫിലിംസ് ഉടമയുമായ കൊട്ടാരക്കര സ്വദേശി ബൈജു അമ്പലക്കരയാണ് നേർച്ചയായി ശിൽപം സമർപ്പിച്ചത്. 28 അടിയാണ് ശില്പത്തിന്റെ ഉയരം.
ഒരു വർഷത്തോളം എടുത്താണ് ഇതിന്റെ പണി പൂർത്തിയാക്കിയത്. പമ്പാ ത്രിവേണിയിലെ ദേവസ്വം ബോർഡിന്റെ സ്ഥലത്താണ് പുതിയ അയ്യപ്പ ശില്പം സ്ഥാപിച്ചിരിക്കുന്നത്. യോദ്ധാവായി പുലിപ്പുറത്തിരിക്കുന്ന അയ്യപ്പന്റെ ശില്പം നിർമ്മിച്ചിരിക്കുന്നത് ഫെറോ സിമന്റും സിലിക്കണും ഉപയോഗിച്ചാണ്. കൊല്ലം സ്വദേശി ശാന്തനുവാണ് ശിൽപ്പത്തിന്റെ നിർമ്മാണം.
കഴിഞ്ഞ 48 വർഷത്തോളമായി ശബരിമലയിൽ മുടങ്ങാതെ ദർശനം നടത്തുന്ന ഭക്തനാണ് ബൈജു. ശിൽപം പണി കഴിപ്പിച്ചു നൽകാനായത് തന്റെ നിയോഗമായാണ് അദ്ദേഹം കാണുന്നത്. അയ്യപ്പ ശിൽപ്പത്തിന്റെ അനാച്ഛാദനം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ത ഗോപൻ നിർവഹിച്ചു.
Comments