തിരഞ്ഞെടുപ്പ് ചൂടിലാണ് പുതുപ്പള്ളി മണ്ഡലം. മൂന്ന് മുന്നണികളും ശക്തമായ പ്രചരണമാണ് നടത്തുന്നത്. കഴിഞ്ഞ രണ്ട് വട്ടവും പുതുപ്പള്ളിക്കാർ നോ പറഞ്ഞ സ്ഥാനാർത്ഥിയായിരുന്ന ജെയ്ക് സി. തോമസ് തന്നെയാണ് ഇത്തവണയും എൽഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്നത്. പരാജയ ഭയത്തെ തുടർന്ന് വൻ പ്രചരണമാണ് കാഴ്ച വെക്കുന്നത്. കടക്കെണിയിലായിട്ടും സർക്കാർ ജനങ്ങൾക്ക് കിറ്റ് കൊടുക്കുന്നുവെന്നാണ് ജെയ്കിന്റെ വാദം. വികസനത്തിൽ ലോകോത്തര നിലവാരത്തിൽ കേരളം ഉയർന്നുവെന്നും എൽഎഡിഎഫ് പ്രചാരണം നടത്തുന്നു. ഇതിനിടെ, കടമെടുത്ത് മുടിഞ്ഞുവീഴാറായ കേരളത്തിൽ ഓണം ആഘോഷിക്കാൻ കിറ്റ് കൊടുത്ത ഇടതുപക്ഷം വേണോ എന്ന് പുതുപ്പള്ളിയിലെ ജനങ്ങളോട് ചോദിക്കുകയാണ് ജെയ്ക് സി.തോമസ്.
2016-ന് പുറകിൽ 3.5 കോടി ജനങ്ങളുണ്ടായിരുന്ന കേരളത്തിൽ ഒറ്റ മനുഷ്യനുപോലും കിറ്റ് കൊടുക്കാതെ അവരെ നരകിപ്പിച്ച യുഡിഎഫ് വേണോ, അതോ 2023-ൽ സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലും ജനക്ഷേമ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ഇടതുപക്ഷം വേണോ? കടമെടുത്ത് മുടിഞ്ഞുവീഴാറായ കേരളത്തിൽ ഇപ്പോഴും ആറര ലക്ഷം വരുന്ന അതിദരിദ്രരും സാധാരണക്കാരും പാവങ്ങളുമായ മനുഷ്യരുടെ ക്ഷേമം ഉറപ്പാക്കാനും അവർക്ക് നല്ല ഓണം ആഘോഷിക്കാനായി കിറ്റ് കൊടുക്കുന്ന ഇടത് പക്ഷ ജനാധിപത്യ മുന്നണി വേണോ എന്ന് ചോദ്യം മാത്രമാണ് താൻ ഉന്നയിക്കുന്നത്. ഒരാൾക്കും ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിട്ട യുഡിഎഫ് വേണോ, ആറര ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഭക്ഷണവും പലവ്യഞ്ജനവും നൽകുന്ന ഇടത് പക്ഷം വേണോ. 18 മാസക്കാലം 600 രൂപ കൊടുക്കാതെ 33 ലക്ഷം കുടുംബങ്ങളെ നരകിപ്പിച്ച യുഡിഎഫ് വേണോ. ഈ പ്രതിസന്ധിയുടെ കാലയളവിലും 3,600 രൂപ വീതം 63 ലക്ഷം കുടുംബങ്ങളുടെ വീട്ടുമുറ്റത്തെത്തിച്ച് കൊടുക്കുന്ന ഇടത്പക്ഷം വേണോ- ജെയ്ക് സി. തോമസ് ചോദിച്ചു.
കെഎസ്ആർടിസിയെ സംബന്ധിച്ച് ചില പരിമിതികൾ ഉണ്ടായിട്ടുണ്ട്. ഇന്നോളമില്ലാത്ത പ്രതിസന്ധിയിലും കെഎസ്ആർടിസിയെ സംരക്ഷിക്കാൻ ഇത്രയും അധികം തുക ചെലവഴിച്ച് സർക്കാർ കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ആ പ്രതിസന്ധിയെയും പരിഹരിക്കും, മറികടക്കും. വികസനത്തെ മുൻനിർത്തി തിരഞ്ഞെടുപ്പ് രാഷ്‌ട്രീയം സംവദിക്കുക. 24-ന് മുഖ്യമന്ത്രി മണ്ഡലത്തിലെത്തും. മണ്ഡലത്തിലെ 21 ഉപമണ്ഡലങ്ങളിൽ വികസനത്തെ മുൻനിർത്തി മാത്രമുള്ള സംവാദങ്ങൾ സംഘടിപ്പിക്കും. വിവാദങ്ങൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഇടത്പക്ഷ മുന്നണിയുടെ പ്രവർത്തകന് സമയമില്ല, പിന്നെയല്ലേ കേരളത്തിന്റെ മുഖ്യമന്ത്രിക്കെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
















Comments