തന്റെ കഴിവിനനുസരിച്ചിട്ടുള്ള അവസരങ്ങൾ കിട്ടുന്നില്ല എന്നൊരു തോന്നൽ പലപ്പോഴും ഉണ്ടായിട്ടുണ്ടെനന്ന് നടൻ നീരജ് മാധവ്. പടിയായി ഉയര്‍ന്നുവരുമ്പോഴും കൂടുതല്‍ മികച്ചതാക്കണം എന്നൊരു തോന്നലാണ് ഉണ്ടായിട്ടുള്ളത്. അത് കിട്ടാതെ വന്നപ്പോഴാണ് മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്നും നീരജ് മാധവ് പറയുന്നു. പുതിയ ചിത്രമായ ആർഡിഎക്സിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ താരം പറഞ്ഞത്.
‘ആദ്യ സിനിമയില്‍ വെറും രണ്ട് സീനിലാണ് എന്റെ മുഖം കാണുന്നത്. അവസരങ്ങള്‍ കിട്ടണമെങ്കില്‍ എനിക്കുവേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പടി പടിയായി ഉയര്‍ന്നു വരാന്‍ ആണ് നോക്കിയത്. കഴിവിനനുസരിച്ചുള്ള വേഷങ്ങള്‍ കിട്ടുന്നില്ല എന്നൊരു തോന്നല്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ആ ഘട്ടത്തിലാണ് മുംബൈയില്‍ നിന്ന് ഒരു കോള്‍ വരുന്നത്. ഫാമിലി മാന്‍ എന്ന സീരീസിന് വേണ്ടിയായിരുന്നു അവര്‍ വിളിച്ചത്. മനോജ് വാജ്പേയ്, രാജന്‍- ഡി.കെ എന്നിവരോടൊപ്പമാണെന്നും അവര്‍ പറഞ്ഞു. മറ്റൊന്നും എനിക്ക് അറിയേണ്ടിയിരുന്നില്ല. ഞാന്‍ ഓക്കേ പറഞ്ഞു. മികച്ചതാവാന്‍ സാധിക്കുന്നത് കൂടുതല്‍ ആളുകള്‍ തെരെഞ്ഞെടുക്കാത്ത വഴികള്‍ എടുക്കുമ്പോഴാണ്.
ആർഡിഎക്സിൽ ഈ റോള്‍ എനിക്ക് കിട്ടിയതില്‍ വലിയ സന്തോഷമുണ്ട്. എന്റെ മുന്‍കാല വേഷമൊക്കെ വെച്ച് നോക്കി കഴിഞ്ഞാല്‍ ഞാന്‍ ചെയ്താല്‍ വര്‍ക്ക് ഔട്ട് ആകുമോ എന്ന് പലര്‍ക്കും തോന്നുന്ന രീതിയിലുള്ള ഒരു വേഷമാണ് ഇത്. ആ ഒരു വേഷത്തിലേക്ക് എത്തിച്ചേരാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് ഞാൻ ഇപ്പോൾ ഉള്ളത്.
ഒരു ഫൈറ്റ് മൂവി ചെയ്യാനമുള്ള എക്‌സൈറ്റ്‌മെന്റ് നേരത്തേ ഉണ്ടായിരുന്നു. നമുക്ക് ഇതും ചെയ്യാന്‍ കഴിയുമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റുന്ന ഒരു അവസരമാണ്. കുറേ കാലത്തിന് ശേഷം മലയാളത്തില്‍ സെലിബ്രേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണ് ആര്‍ഡിഎക്‌സ്.’- നീരജ് മാധവ് പറഞ്ഞു.
ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയിൻ നിഗം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആര്‍ഡിഎക്സ് ഓണത്തിനാണ് തിയേറ്ററില്‍ എത്തുന്നത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ആർഡിഎക്സ്. മലയാളസിനിമയെ ലോകസിനിമയ്‌ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി, കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആർ ഡി എക്‌സ് (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്.
















Comments