കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിദ്ദിഖിനെ കൊലപ്പെടുത്തിയത് ഹണി ട്രാപ്പിൽപ്പെടുത്തിയാണെന്നും, ഷിബിലി, ഫർഹാന, ആഷിക് എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികളെന്നും, കാറും ഒന്നരലക്ഷം രൂപയും തട്ടിയെടുത്തെന്നും മൂവായിരം പേജുള്ള കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കുന്നു. പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും ഡിജിറ്റൽ രേഖകൾ അടക്കമുള്ള തെളിവുകളും തുടരന്വേഷണം നടത്തിയ നടക്കാവ് പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മെയ് 18-നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കോഴിക്കോട്ടെ ഹോട്ടൽ ഉടമയും തിരൂർ സ്വദേശിയുമായ സിദ്ദിഖിനെ ഷിബിലി, ഫർഹാന, ആഷിക് എന്നീ മൂന്നുപേർ ചേർന്ന് കൊലപ്പെടുത്തി കഷണങ്ങളാക്കി, പെട്ടിയിലാക്കി ചുരത്തിൽ തള്ളുകയായിരുന്നു. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, മോഷണം, അന്യായമായി തടവിൽ പാർപ്പിക്കൽ, കൈ കൊണ്ടും ആയുധം കൊണ്ടുമുള്ള അക്രമം തുടങ്ങി വിവിധ വകുപ്പുകളാണ് ഈ മൂന്ന് പ്രതികൾക്കെതിരെയും ചുമത്തിയിരിക്കുന്നത്. 187 സാക്ഷികളും നൂറോളം തൊണ്ടി മുതലുകളും കേസിലുണ്ട്.
സിദ്ദിഖിനെ എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഫർഹാനക്കൊപ്പം നിർത്തി സിദ്ദീഖിന്റെ നഗ്‌നചിത്രങ്ങൾ എടുക്കാനും ശ്രമിച്ചു. ബലം പ്രയോഗിച്ചിട്ടും ചിത്രങ്ങൾ പകർത്താൻ സിദ്ദിഖ് അനുവദിച്ചിരുന്നില്ല. തുടർന്ന് പ്രതികൾ സിദ്ദിഖിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കൊലയ്‌ക്ക് ശേഷം മൃതദേഹം ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മുറിച്ച് മൂന്ന് കഷ്ണങ്ങളാക്കി. പിന്നീട് രണ്ട് ട്രോളി ബാഗുകളിലാക്കി മൃതദേഹം സിദ്ദിഖിന്റെ തന്നെ കാറിൽ കയറ്റി അട്ടപ്പാടി ചുരത്തിൽ കൊണ്ടുപോയി തള്ളുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടായിരുന്നു.
















Comments