തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവിനെ അധിക്ഷേപിച്ച് മലയാൡയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിൽ അസഭ്യം പറയുകയും ജാതീയമായ അധിക്ഷേപവുമാണ് നടത്തിയിരിക്കുന്നത്. പ്രതിഭാ നായർ എന്ന മലയാളി അക്കൗണ്ടിൽ നിന്നാണ് അസഭ്യ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മണിപ്പൂരിലെ സംഭവങ്ങളുടെ പാശ്ചാത്തലത്തിൽ രാഷ്‌ട്രപതിയുടെ ഫോട്ടോ സഹിതമാണ് അസഭ്യവും മറ്റും നിറഞ്ഞ പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റിൽ ജാതീയമായപരാമർശങ്ങളും ഉൾപ്പെട്ടിരിക്കുന്നു. രാഷ്‌ട്രപതിയെ ബലാത്സംഗം ചെയ്യണമെന്നും പോസ്റ്റിൽ ആഹ്വാനം ചെയ്യുന്നു.
പോസ്റ്റ് ചെയ്തിരിക്കുന്ന പ്രൊഫൈൽ വ്യാജം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് പരിശോധനയാരംഭിച്ചു. അക്കൗണ്ടിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂരാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.
ഇന്ത്യൻ രാഷ്‌ട്രപതിയെ അപമാനിച്ചതും അപകീർത്തികരമായ ഉപമ നടത്തിയതും രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സതീഷ് പാറന്നൂർ പറഞ്ഞു. ഇവ നടത്തിയവർക്കെതിരെ രാജ്യദ്രോഹ കുറ്റം ഉൾപ്പെടെയുള്ള വകുപ്പു ചുമത്തി ശിക്ഷ വാങ്ങി നൽകണം. സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കുക, രാജ്യത്തെ സൗഹാർദ്ദം ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്നും സതീഷ് പാറന്നൂർ പരാതിയിൽ ആരോപിക്കുന്നു.
Comments