തൃശൂർ: തെരുവ് നായ ശല്യം തടയുമെന്നുള്ള ഗുരുവായൂർ നഗരസഭയുടെ പ്രഖ്യാപനങ്ങൾ വാക്കുകളിൽ മാത്രമായി ഒതുങ്ങുന്നു. ഗുരുവായൂരിൽ ഇന്നും തെരുവ് നായ ആക്രമണമുണ്ടായി. ക്ഷേത്ര ദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ ആക്രമിച്ചു. കണ്ണൂർ സ്വദേശികളായ രജിത്ത്-നീതു ദമ്പതികളുടെ മകൻ ദ്യുവിത്തിനാണ് നായയുടെ കടിയേറ്റത്.
ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ ഗുരുവായൂരിലെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാർക്കിങ്ങിൽ വെച്ചാണ് സംഭവം. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങാൻ നിൽക്കുമ്പോൾ നായ്‌ക്കൾ കുട്ടിയെ കടിക്കുകയായിരുന്നു. കുട്ടിയെ ചികിത്സയ്‌ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് കുടുംബം ഗുരുവായൂരിൽ എത്തിയത്. ക്ഷേത്രദർശനത്തിന് ശേഷം ഇന്ന് ഉച്ചയ്‌ക്ക് മടങ്ങാനിരിക്കേയാണ് ആക്രമണം ഉണ്ടായത്. കുട്ടിയുടെ അച്ഛൻ സാധനങ്ങൾ വണ്ടിയിൽ കയറ്റുകയായിരുന്നു. ഈ സമയത്ത് വണ്ടിക്ക് മുന്നിൽ കളിക്കുകയായിരുന്ന നാലുവയസുകാരനെ നായ കടിക്കുകയായിരുന്നു. ആക്രമണം കണ്ട് അച്ഛൻ എത്തിയതോടെയാണ് കൂടുതൽ പരിക്കേൽക്കാതെ കുട്ടി രക്ഷപ്പെട്ടത്.
ക്ഷേത്ര പരിസരത്തെ തെരുവ് നായ ശല്യത്തിൽ നഗരസഭ നിഷ്‌ക്രിയരാണ്. നടപടി സ്വീകരിക്കുമെന്ന് പലവട്ടം പ്രഖ്യാപനമുണ്ടായെങ്കിലും എല്ലാം വാക്കുകളിൽ മാത്രം ഒരുങ്ങി.
















Comments