ബെംഗളുരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ കെടുകാര്യസ്ഥതമൂലം സംസ്ഥാനത്ത് ധനപ്രതിസന്ധി രൂക്ഷം. പ്രധാനപ്പെട്ട പദ്ധതികൾ നടപ്പിലാക്കാൻ പോലും സംസ്ഥാന സർക്കാരിന്റെ കൈയ്യിൽ പണമില്ലാത്ത സാഹചര്യത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. സർക്കാരിന്റെ കൃത്യതയില്ലാത്ത പ്രവർത്തനമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനെതിരെ ശക്തമായി പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപി. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ യെദ്യൂരപ്പയുടെ നേതൃത്വത്തിൽ 23 ന് തലസ്ഥാനമായ ബെംഗളുരുവിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും.
സംസ്ഥാന സർക്കാർ അഴിമതി നടത്താനുള്ള തിരക്കിലാണെന്ന് മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ വിമർശിച്ചു. സംസ്ഥാനത്ത് മരാമത്ത് ജോലികൾ അടക്കം എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. മാദ്ധ്യമ, സാമൂഹ മാദ്ധ്യമങ്ങളിൽ തങ്ങൾക്കെതിരെ ഉയരുന്ന പ്രതിഷേധത്തെ ഭയപ്പെടുത്തി ഒതുക്കാനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നത്. ഇത് തികഞ്ഞ ഏകാധിപത്യമാണ്. സംസ്ഥാനത്ത് എവിടെയെങ്കിലും ഒരിടത്ത് സർക്കാർ പദ്ധതികൾ കൃത്യമായി നടക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അത് കാണിച്ചുതരണം. സർക്കാർ പാപ്പരാണ്, കർണാടക പൂർണ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. യെദ്യൂരപ്പ ബെംഗളുരുവിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം യെദ്യൂരപ്പയുടെ വസതിയിൽ മുതിർന്ന ബിജെപി നേതാക്കൾ യോഗം ചേർന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ തകർച്ച ജനങ്ങൾക്ക് മുന്നിൽ എത്തിക്കാൻ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാൻ യോഗത്തിൽ തീരുമാനമെടുത്തു. മുൻ മുഖ്യമന്ത്രിമാരായ സദാനന്ദ ഗൗഡ, ബസവരാജ ബൊമ്മെ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 23 ബെംഗളുരുവിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ വൻ ജനാവലിയെ അണിനിരത്താനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
















Comments