ന്യൂഡൽഹി: 50 കോടി അക്കൗണ്ടുകൾ പിന്നിട്ട് പ്രധാനമന്ത്രി ജൻധൻ യോജന. പദ്ധതി പ്രഖ്യാപിച്ചതിന്റെ ഒമ്പതാം വാർഷികത്തിലേക്ക് കടക്കാനിരിക്കെയാണ് കേന്ദ്ര പദ്ധതി നിർണായക നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ 2.03 ലക്ഷം കോടി രൂപ ജൻധൻ അക്കൗണ്ടുകളിലേക്ക് നിക്ഷേപമായി എത്തിയതായും 35 കോടി സൗജന്യ റുപേയ് കാർഡുകൾ വിതരണം ചെയ്‌തതായും ധനമന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ സാധാരണ പൗരന്മാരിൽ സമ്പാദ്യശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജൻധൻ പദ്ധതി പ്രഖ്യാപിച്ചത്. തന്റെ ആദ്യ ചെങ്കോട്ട പ്രസംഗത്തിൽ പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. 2014 ഓഗസ്റ്റ് 28 ന് പദ്ധതി ഔദ്യോഗികമായി അദ്ദേഹം ഉദ്ഘാടനം ചെയ്തു. പദ്ധതി ആരംഭിച്ചതിന്റെ ഒമ്പതാം വാർഷികത്തിലേക്ക് കടക്കാനിരിക്കെയാണ് ഈ അഭിമാന നേട്ടം.
ജൻധൻ പദ്ധതിപ്രകാരം അക്കൗണ്ടുകൾ ആരംഭിച്ചതിൽ 56 ശതമാനവും സ്ത്രീകളാണ്. പദ്ധതിയുടെ ഭാഗമായതിൽ 67 ശതമാനം പേരും ഗ്രാമീണ മേഖലകളിൽ നിന്നുമുള്ളവരാണ്. അക്കൗണ്ടുകളിലെ ശരാശരി നിക്ഷേപം 4,076 രൂപയാണ്. സാധാരണക്കാരിലെ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുക, സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്നീ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഫലം കണ്ടതായാണ് ധനമന്ത്രാലയം പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്.
പദ്ധതി ഒരു വർഷം പിന്നിട്ടപ്പോൾ 17.9 കോടി അക്കൗണ്ടുകളാണ് തുറക്കപ്പെട്ടത്. രണ്ടാം വർഷം 24.1 കോടി, മൂന്നാം വർഷം 30.9 കോടി, നാലാം വർഷം 32.55 കോടി, അഞ്ചാം വർഷം 36.79 കോടി, ആറാം വർഷം 40.41 കോടി, ഏഴാം വർഷം 43.04 കോടി, എട്ടാം വർഷം 46.25 കോടി അക്കൗണ്ടുകളും പൂർത്തീകരിച്ചു. പദ്ധതി ഒമ്പതാം വാർഷികത്തിലേക്കുള്ള കടക്കാനിരിക്കെയാണ് ഓഗസ്റ്റ് 9 ന് 50 കോടി അക്കൗണ്ടുകൾ പിന്നിട്ടത്.
Comments