മുംബൈ: വായ്പകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കുകയോ വായ്പാ തിരിച്ചടവ് മുടക്കുകയോ ചെയ്താൽ ഇതിന്റെ പേരിൽ വായ്പ എടുത്തവരിൽ നിന്നും ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പിഴപ്പലിശ ഈടാക്കാൻ പാടില്ലെന്ന ഉത്തരവുമായി റിസർവ്ബാങ്ക്. ഇതിന് പകരം അച്ചടക്ക നടപടി എന്ന നിലയിൽ ന്യായമായ തോതിൽ പിഴ ചുമത്താൻ മാത്രമാകും ഇനിമുതൽ സാധിക്കുക.
നിലവിലുള്ള പലിശ നിരക്കിനൊപ്പം അധിക പലിശ ചേർത്തുകൊണ്ടുള്ള പിഴപ്പലിശ രീതി ഇനി അനുവദനീയമല്ല. ഇത്തരത്തിൽ പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുത്. ഇതിൽ പിന്നീട് യാതൊരു തരത്തിലുള്ള പലിശയും ഈടാക്കാൻ പാടില്ല എന്നാണ് നിർദ്ദേശം. എന്നാൽ ഇത് വായ്പയുടെ പലിശ കണക്കാക്കുന്നതിനുള്ള സാധാരണ നടപടിയെ ബാധിക്കരുതെന്നും നിർദ്ദേശമുണ്ട്.പുതിയ നിബന്ധന 2024 ജനുവരി മുതലാകും പ്രാബല്യത്തിൽ വരിക.
ധനകാര്യ സ്ഥാപനങ്ങൾ വായ്പ പലിശയിൽ അധിക തോതിൽ യാതൊരു ഘടകവും ചേർക്കാൻ പാടില്ല. ഇത് സംബന്ധിച്ച് ആർബിഐയുടെ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. ഒരേ വ്യവസ്ഥകളിൽ വരുന്ന എല്ലാ തര വായ്പകളിലും പിഴത്തുക ഒരേ രീതിയിലാകണം ഈടാക്കേണ്ടത്. ഒരേ തരത്തിലുള്ള വ്യവസ്ഥാ ലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിൽ വ്യാത്യാസമുണ്ടാകരുതെന്നും പറയുന്നു.
പിഴ നിരക്കുകൾ സംബന്ധിച്ച് ബാങ്കുകൾ വായ്പാ വ്യവസ്ഥകൾക്കൊപ്പം പ്രധാന നിബന്ധനകളുടെ ഭാഗമായി തന്നെ രേഖപ്പെടുത്തിയിരിക്കണം. വെബ്‌സൈറ്റിലും പലിശ നിരക്കുകളും സേവന നിരക്കുകളും സംബന്ധിച്ച ഭാഗത്തായി പിഴത്തുകയുടെ വിശദവിവരങ്ങളും അറിയിപ്പായി നൽകിയിരിക്കണം. വ്യവസ്ഥാ ലംഘനവുമായി ബന്ധപ്പെട്ട് വായ്പാ ദാതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട് എങ്കിൽ ഇതിനൊപ്പം തന്നെ പിഴത്തുക ഈടാക്കുമെന്നും ഇതിനുള്ള കാരണവും വ്യക്തമായി പരാമർശിച്ചിരിക്കണം.
വായ്പാ കരാർ പാലിക്കുന്നതിനും വായ്പ തിരിച്ചടയ്‌ക്കുന്നതിലും ഉൾപ്പടെ അച്ചടക്കം കൊണ്ടുവരുന്നതിന് വേണ്ടിയാണ് പിഴ ചുമത്തുന്നത്. ഇത് വരുമാന വർദ്ധനയ്‌ക്കുള്ള ഉപാധിയായി കാണരുത്.വായ്പാ അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയിൽ അധിക പലിശ ഈടാക്കി വരുമാനം കണ്ടെത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നീക്കമെന്ന് ആർബിഐ വ്യക്തമാക്കി.
Comments