ആലപ്പുഴ: എഐസിസി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.യുടെ വീട്ടിൽ മോഷണം. ആലപ്പുഴയിലെ ഔദ്യോഗിക ഓഫീസായി പ്രവർത്തിക്കുന്ന വീട്ടിലാണ് കവർച്ച. ലെറ്റർപാഡ്, ചെക്ക്‌ലീഫുകൾ, വാച്ചുകൾ, ഫയലുകൾ എന്നിവ മോഷണം പോയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സംഭവ ദിവസം രാത്രി 11.30 വരെ സ്റ്റാഫംഗം അജ്മലും യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് നൂറുദ്ദീൻ കോയയും വീട്ടിലുണ്ടായിരുന്നു. ഇവർ പോയശേഷമാണ് മോഷണം നടന്നത്. തുടർന്ന് അടുത്ത ദിവസം രാവിലെ പതിനൊന്നോടെ അജ്മൽ എത്തിയപ്പോഴാണു മോഷണ വിവരമറിയുന്നത്.
വീടിന്റെ പിൻഭാഗത്തെ ജനൽക്കമ്പികൾ ഇളക്കിമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നതെന്നാണ് സ്റ്റാഫംഗങ്ങൾ പറയുന്നത്. ഓഫീസ് മുറിയിലെയും കിടപ്പുമുറിയിലെയും അലരമാരകളിലെ ഫയലുകൾ അലങ്കോലമാക്കിയ നിലയിലായിരുന്നു. ലാപ്ടോപ്പും മൊബൈൽഫോണും കവർന്നെന്നാണ് ജീവനക്കാർ ആദ്യം കരുതിയതെങ്കിലും പരിശോധനയിൽ ഇവ നഷ്ടമായില്ലെന്ന് വ്യക്തമായി.
സംഭവം അറിഞ്ഞ് പോലീസും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മണംപിടിച്ച പോലീസ് നായ കളർകോട് ഭാഗത്തേക്കാണ് ഓടിയത്. ആലപ്പുഴ കൈതവന വാർഡിലാണ് വേണുഗോപാലിന്റെ ഔദ്യോഗിക വസതി. ഇതിനുസമീപമുള്ള രണ്ടു വീടുകളിൽ അടുത്തിടെ മോഷണം നടന്നിരുന്നിട്ടുള്ളതായി പോലീസ് പറയുന്നു. എന്നാൽ രണ്ടു സംഭവങ്ങളിലെയും പ്രതികളെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല.
















Comments