ശ്രീ മഹാഗണപതിയുടെ അധിവാസങ്ങൾ പല രീതിയിലുണ്ട് . അതിൽ ഇന്ത്യനൂർ ചിത്രത്തിൽ ഗണപതി ഏറെ വ്യത്യസ്‍തമായ ഒരു വിഘ്നേശ്വര രൂപമാണ്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കോട്ടക്കൽ നഗരസഭയിൽ ഇന്ത്യനൂർ ഗ്രാമത്തിലാണ് ഇന്ത്യനൂർ ശ്രീമഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. യഥാർത്ഥത്തിൽ, ഇതൊരു ശിവ – വിഷ്ണു ക്ഷേത്രമാണ്. പാർവ്വതീസമേതനായ പരമശിവനും മഹാവിഷ്ണുവും തുല്യപ്രാധാന്യത്തോടെ ശ്രീകോവിലുകളിൽ വാഴുന്നു. എന്നാൽ ഉപദേവനായ ഗണപതിക്കാണ് ഇവിടെ പ്രാധാന്യം.
കേരളത്തിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങളായ “കൊട്ടാരക്കര, മധൂർ, ഓങ്ങല്ലൂർ” എന്നിവയൊക്കെ ശിവക്ഷേത്രങ്ങളാണ്, പക്ഷെ ഇവിടെയൊക്കെ ഏറെ പ്രശസ്തി പരമേശ്വര നന്ദനനായ ശ്രീ മഹാഗണപതിക്കാണ്. (ഇന്ത്യനൂർ ക്ഷേത്രം ഒന്നാണെങ്കിലും ശിവനും മഹാവിഷ്ണുവും പഴയ കാലത്തെ രണ്ടു ദേശങ്ങളിലാണ്, ശിവന്റെ ശ്രീകോവിൽ അച്ചുപ്ര ദേശത്തും വിഷ്ണുവിന്റെ ശ്രീകോവിൽ ഇന്ത്യനൂർ ദേശത്തും. ഇക്കാരണം കൊണ്ട് ഈ ക്ഷേത്രത്തിനെ ഇരുദേശത്തമ്പലം എന്ന് വിളിച്ചു പോരുന്നു.). ശിവനും വിഷ്ണുവും കിഴക്കോട്ടാണ് ദർശനം. ശിവന്റെ ശ്രീകോവിലിന്റെ തെക്കേ ഭിത്തിയിലെ ചിത്രത്തിലാണ് ഗണപതി അധിവസിക്കുന്നത്.

ഏറെ പ്രത്യേകതകൾ ഈ മഹാക്ഷേത്രത്തിനുണ്ട്. സാധാരണ എല്ലാ ശിവക്ഷേത്രങ്ങളിലും നന്ദികേശ വിഗ്രഹം നാലമ്പലത്തിന്റെ ഉള്ളിൽ ആയിരിക്കും ഉണ്ടാവുക , ഇവിടെ നന്ദി പുറത്താണ് ,കൂടാതെ അമ്പലത്തിന്റെ പ്രധാന കവാടം അടച്ചിട്ടിരിക്കുകയാണ്. ശിവൻ നന്ദികേശനോട് കോപപ്പെട്ട്, പുറത്ത് പോയി ഇരിക്കാൻ പറഞ്ഞിട്ട് വാതിൽ അടച്ചു എന്നാണ് വിശ്വാസം.പർവതിയാണ് നന്ദിയെ പുറത്തക്കിയത് എന്നും കഥയുണ്ട്. പ്രതിഷ്ഠാ ദിനത്തിലും മറ്റു വിശേഷദിവസങ്ങളിലും മാത്രമേ ഈ വാതിൽ തുറക്കാറുള്ളൂ. ശിവന്റെയും ഗണപതിയുടേയും ശ്രീകോവിലിനിടയിൽ ഉണ്ടായ ഇളക്കം മാറ്റാൻ പെരുന്തച്ചൻ ഉളി കൊണ്ട് ശ്രീകോവിലിന്റെ കൂട്ടിനു പൂള് കൊടുത്ത സ്ഥലം അവിടെ കാണാൻ പറ്റും.
ഓവുങ്ങൽ തിരുതാളി
ശിവനും പാർവതിയും സുബ്രഹ്മണ്യനെ കുളിപ്പിച്ചു ചണ്ടി വലിച്ചെറിഞ്ഞ സ്ഥലം ആണ് ഓവുങ്ങൽ തിരുതാളി. ഇതിന്റെ സങ്കല്പത്തിൽ ഒരു ശിവലിംഗവും അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. കൂടാതെ സുബ്രഹ്മണ്യൻ, അയ്യപ്പൻ, വേട്ടയ്‌ക്കൊരു മകൻ, നാഗദൈവങ്ങൾ എന്നിവരും ക്ഷേത്രത്തിൽ ഉപദേവതകളായി കുടികൊള്ളുന്നുണ്ട്.
ചരിത്ര പ്രാധാന്യം
ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രത്തിന് 1500 വർഷം പഴക്കമുണ്ടെന്നു ചരിത്രപരമായ തെളിവുകൾ ഉണ്ട്. കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്ര വിഭാഗം തലവനായിരുന്ന ഡോ. എം.ജി.എസ്. നാരായണന്റെ നേതൃത്വത്തിലുള്ള ചരിത്രഗവേഷകസംഘം1968 -ൽ ഇന്ത്യനൂർ ക്ഷേത്രത്തിലെ മുറ്റത്തു നിന്നും ഒരു പ്രാചീനശിലാഫലകം കുഴിച്ചെടുത്തു. കൊടുങ്ങല്ലൂർ (മഹോദയപുരം)ആസ്ഥാനമാക്കി ക്രിസ്തു വര്ഷം 944 മുതൽ 962 വരെ പ്രാചീന കേരളം ഭരിച്ചിരുന്ന ചേര രാജാവായ “ഇന്ദു കോത രവിവർമ്മന്റെ” ഭരണകാലത്ത് ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം പുതുക്കി പണിതു എന്നാണ് ഈ ഫലകം പറയുന്നത്. ക്ഷേത്രത്തിന്റെ നിത്യ നിദാന ചെലവുകൾക്കായി കൃഷി സ്ഥലങ്ങൾ നീക്കി വച്ചതിന്റെ രേഖകളാണ് ഫലകത്തിൽ മുദ്രണം ചെയ്തിരിക്കുന്നത്. വട്ടെഴുത്ത് ലിപിയിൽ ഇരുവശത്തും എഴുത്ത് ഉള്ള ഫലകം കോഴിക്കോട് സർവ്വകലാശാലയിൽ സൂക്ഷിച്ചിട്ടുണ്ട്.ഇന്ദുകോതവർമ്മപുരം കാലാന്തരത്തിൽ ഇന്ത്യനൂരായി പരിണമിച്ചതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.എന്നാൽ ഇന്ത്യനൂർ എന്ന സ്ഥലനാമം ഇന്ദു ചൂഡൻ എന്ന ഭഗവാൻ ശിവന്റെ പര്യായത്തിൽ നിന്നും ലഭിച്ചതാണ് എന്നും ഒരു വാദമുണ്ട്.

ഐതീഹ്യം – ചിത്രത്തിൽ ഗണപതിയുടെ കഥ.
പ്രധാന ദേവനായ ശിവൻ സ്വയം ഭൂ ആണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ശിവ ലിംഗം പ്രതിഷ്ഠിക്കാൻ നാറാണത്ത് ഭ്രാന്തൻ നിയുകതനായി എന്നും ഐതീന്യമുണ്ട്. പ്രതിഷ്ഠാ മുഹൂർത്തം കഴിയാറായിട്ടും നാറാണത്ത് ഭ്രാന്തൻ എത്തിച്ചേർന്നില്ല. അതിനാൽ യോഗ്യനായ മറ്റൊരു വ്യക്തിയെക്കൊണ്ട് ശിവലിംഗ പ്രതിഷ്ഠ നടത്തി . പക്ഷെ മുഹൂർത്ത സമയം തീരും മുൻപ് നാറാണത്ത് ഭ്രാന്തൻ അവിടെ എത്തിച്ചേർന്നു. അപ്പോഴേക്കും ശിവലിംഗ പ്രതിഷ്ഠ കഴിഞ്ഞിരുന്നു. അതറിഞ്ഞ ഭ്രാന്തന് ദേഷ്യം വന്നു. ഇനി അവശേഷിക്കുന്നത് വിഘ്നേശ്വര പ്രതിഷ്ഠയാണ്. ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന നാറാണത്ത് ഭ്രാന്തൻ കലശകുടം കയ്യിലെടുത്ത് ഇതാ പിടിക്കൂ ഒറ്റക്കൊമ്പാ എന്ന് ആക്രോശിച്ചു.ശിവന്റെ ശ്രീകോവിലിന്റെ തെക്കേ ചുമരിൽ നിന്ന് ബാലഗണപതി പ്രത്യക്ഷപ്പെട്ട് കലശക്കുടം ഏറ്റുവാങ്ങി മറഞ്ഞു. ഗണപതിയുടെ രൂപം ചിത്രത്തിൽ ആണുള്ളത് . ഇവിടെയാണ് വിനായകൻ കലശക്കുടം ഏറ്റുവാങ്ങി മറഞ്ഞത്.
വിനായക ചതുർത്ഥിയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഒപ്പം ശിവരാത്രി, തിരുവാതിര, അഷ്ടമിരോഹിണി, വിഷു, തിരുവോണം, നവരാത്രി, തൈപ്പൂയം, സ്കന്ദഷഷ്ഠി, മണ്ഡലകാലം എന്നിവയും വിശേഷങ്ങളാണ്. എന്നാൽ, ഈ അവസരങ്ങളിലൊന്നും വാദ്യമേളങ്ങളോ ശബ്ദകോലാഹലങ്ങളോ ഉണ്ടാകാറില്ല . ഉണ്ണിഗണപതിക്ക് ശല്യമാകുന്നത് കൊണ്ട് ഈ ക്ഷേത്രത്തിൽ വാദങ്ങൾ, ബഹളം ഉത്സവം ഇവയൊന്നും ഇല്ല.
പ്രധാന വഴിപാടുകൾ
ഇവിടുത്തെ പ്രധാന വഴിപാടാണ് ഒറ്റ-അപ്പം വഴിപാട്. ഒരു നാഴി പച്ചരി അരച്ചെടുത്ത മാവിൽ ശർക്കര ഉരുക്കിച്ചേർത്ത് നെയ്യിൽ ചുട്ടെടുക്കുന്ന കട്ടിയുള്ള ഒരു മധുര പലഹാരമാണ് ‘ഒറ്റ’. നിവേദ്യം മുഴുവൻ ഭക്ഷിക്കുന്നത് ഉണ്ണിഗണപതിയാണ് എന്നാണ് വിശ്വാസം.

മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നിന്നും 7km അകലെ ആണ് ഇന്ത്യനൂർ മഹാ ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചിത്രങ്ങൾ : ഇന്ത്യനൂർ മോഹനൻ – വിക്കി കോമൺസ്
















Comments