തിരുവനന്തപുരം: സംസ്ഥാനത്ത് വാർഡ് വിഭജനത്തിലൂടെ ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനം. വലിയ ഗ്രാമ പഞ്ചായത്തുകൾ വിഭജിച്ച് ആകെ എണ്ണം 10 ശതമാനം വർദ്ധിപ്പിക്കാനാണ് നീക്കം. ഇതിനനുസരിച്ച് വാർഡ് വിഭജനം സംബന്ധിച്ച് പഠനം നടത്തിയ ഉദ്യോഗസ്ഥസമിതി സർക്കാരിന് ശുപാർശ നൽകും. ഇതോടെ ഇപ്പോൾ നിലവിലുള്ള 941 ഗ്രാമപഞ്ചായത്തുകൾ എന്നതിൽ നിന്നും 1000-ന് മുകളിലാകും എണ്ണം.
ഇതിൽ ബ്ലോക്ക് പഞ്ചായത്തുകൾ വിഭജിക്കേണ്ടതില്ലെന്നാണ് ശുപാർശ നൽകിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വാർഡുകളിലാകും എണ്ണത്തിൽ വർദ്ധനവുണ്ടാകുക. പുതിയ മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും രൂപീകരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ മുനിസിപ്പാലിറ്റികൾ കോർപ്പറേഷൻ ആക്കുന്നതിന് യോഗ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇവയിലെ വാർഡുകളുടെ എണ്ണത്തിലും മാറ്റമുണ്ടാകും.
ജനസംഖ്യ, വരുമാനം, വിസ്തൃതി എന്നിവ അടിസ്ഥാനമാക്കിയാകും വിഭജനം നടക്കുക. വരുമാനമില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിഭജനത്തിന് പരിഗണിക്കില്ല. നിലവിൽ 68 ഗ്രാമപഞ്ചായത്തുകളും ഏതാനും മുനിസിപ്പാലിറ്റികളും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത്തരം പഞ്ചായത്തുകളിൽ നിലവിലുള്ള സാഹചര്യം തുടരും.
Comments