തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസ് അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡിവൈഎസ്പി വി.വി.ബെന്നിയുടെ ആവശ്യം അന്വേഷണത്തിന് തിരിച്ചടിയായേക്കും. മരംമുറി കേസിൽ നിർണായക തെളിവുകൾ ശേഖരിച്ചതും അഗസ്റ്റിൻ സഹോദരങ്ങൾ കുറ്റക്കാരെന്ന് കണ്ടെത്തിയതും വിവി ബെന്നിയാണ്. കേസന്വേഷണത്തിൽ നിർണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥനാണിപ്പോൾ ചുമതലയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്നത്.
മരങ്ങൾക്ക് 500ലധികം വർഷത്തെ പഴക്കമുണ്ടെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അഗസ്റ്റിൻ സഹോദരങ്ങൾ വ്യാജരേഖയിലൂടെയും സ്ഥലത്തെ വനവാസികളെയും കബളിപ്പിച്ചാണ് മരംമുറിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുമ്പോഴാണ് ബെന്നി കേസിൽ നിന്നും പിൻമാറുന്നത്. താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ മാനസിക സമ്മർദത്തിലാക്കി. ഇതേതുടർന്നാണ് മുട്ടിൽ മരംമുറിക്കേസിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് വിവി ബെന്നി കത്തയച്ചത്.
സുൽത്താൻ ബത്തേരി ഡിവൈഎസ്പി ആയിരുന്നപ്പോഴാണ് മുട്ടിൽമരംമുറിക്കേസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലേക്ക് ബെന്നിയെയും ഉൾപ്പെടുത്തിയത്. എഡിജിപി എസ്.ശ്രീജിത്തിനായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല. സംഘത്തിലുണ്ടായിരുന്ന ക്രൈംബ്രാഞ്ച്, വിജിലൻസ് ഉദ്യോഗസ്ഥരിൽ പലർക്കും ഇതിനിടെ സ്ഥലംമാറ്റമുണ്ടായി. ഡിവൈഎസ്പിയായിരുന്ന ബെന്നിയെ താനൂരിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. അന്വേഷണം നിലയ്‌ക്കുമെന്ന് ഉറപ്പായതോടെയാണ് പ്രത്യേക ഉത്തരവിറക്കി ഡിജിപി ബെന്നിയെ അന്വേഷണ ഉദ്യോഗസ്ഥനാക്കിയത്.
Comments