ന്യൂഡൽഹി: രാഹുൽ അമേഠിയിലേക്ക് മടങ്ങിയെത്തിയാൽ സ്മൃതി ഇറാനിക്ക് കെട്ടിവെച്ച കാശുപോലും ലഭിക്കില്ലെന്ന് കോൺഗ്രസ് നേതാവ്. മുൻ എംപിയും ഉത്തർപ്രദേശ് കോൺഗ്രസ് നേതാവുമായ റാഷിദ് ആൽവിയാണ് പരാമർശവുമായി രംഗത്തുവന്നത്. പ്രിയങ്ക വാരണാസിയിൽ നിന്നും മത്സരിക്കുമെന്നും പ്രധാനമന്ത്രിയെ പരാജയപ്പെടുത്തുമെന്നും ആൽവി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിച്ചാൽ സ്മൃതി ഇറാനി പരാജയപ്പെടും. അവർക്ക് ഇനി കെട്ടിവെച്ച കാശുപോലും ലഭിക്കില്ല. ഞാൻ ബിജെപിയോട് ആവശ്യപ്പെടുകയാണ്, പേടിച്ച് പിന്മാറരുത്. പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിക്കുകയാണെങ്കിൽ നരേന്ദ്രമോദി അവിടെ പരാജയപ്പെടും. നരേന്ദ്രമോദിക്ക് തിരികെ ഗുജറാത്തിലേക്ക് മടങ്ങേണ്ടി വരും. റാഷിദ് ആൽവി പറഞ്ഞു.
രാഹുൽ അമേഠിയിലേക്ക് തിരിച്ചെത്തണമെന്നും മത്സരിക്കണമെന്നും കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റോയ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മത്സരിച്ചാൽ രാഹുൽ ഉറപ്പായും വിജയിക്കുമെന്നും പ്രവർത്തകർ നേതൃത്വത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു കുടുംബം അമേഠിയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിച്ച ആളാണെന്നും അതിനാൽ വിജയം ഉറപ്പാണെന്നും അജയ് അഭിപ്രായപ്പെട്ടു.
നെഹ്റു കുടുംബത്തിന്റെ കുത്തക സീറ്റായിരുന്നു അമേഠി. ആകെ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ 13 ലും വിജയിച്ചത് കോൺഗ്രസ് ആയിരുന്നു. 1980 ൽ സഞ്ജയ് ആണ് നെഹ്റു കുടുംബത്തിൽ നിന്നും ആദ്യമായി അമേഠിയിൽ മത്സരിക്കുന്നത്. തുടർന്ന് 1981, 1984, 1989, 1991 വർഷങ്ങളിലായി രാജീവ് തുടർച്ചയായി നാലുവട്ടം മണ്ഡലത്തിൽ നിന്നും ജയിച്ചുകയറി. 1999 ൽ സോണിയ മത്സരിക്കാനായി തിരഞ്ഞെടുത്തതും അമേഠിയെയാണ്. സോണിയ റായ്ബറേലിയിലേക്ക് മണ്ഡലം മാറ്റിയപ്പോൾ രാഹുൽ 2004 ൽ അമേഠിയിലെത്തി. 2014 വരെ മൂന്നുവട്ടം ഈ മണ്ഡലത്തിൽ നിന്നാണ് രാഹുൽ ലോക്സഭയിൽ എത്തിയത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് രാഹുൽ അമേഠിയിൽ ഏറ്റുവാങ്ങിയത്. 2014 ൽ ഒരു ലക്ഷത്തിലധം ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ 2019ൽ 55,120 വോട്ടുകൾക്കാണ് കേന്ദ്രമന്ത്രി സമൃതി ഇറാനിയോട് തോറ്റത്.
















Comments