ചെന്നൈ : ‘ജയിലര്‍’ ബോക്‌സോഫീസില്‍ കുതിക്കുന്നതിനിടെ ചിത്രത്തിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹർജി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ക്രൂരമായ കൊലപാതക ദൃശങ്ങള്‍ ഉള്ളതിനാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നാണ് പരാതിയില്‍ പറയുന്നത്.
ഇത് സംബന്ധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.കുട്ടികൾക്ക് കാണാൻ അനുയോജ്യമല്ലാത്ത നിരവധി അക്രമ രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ എം എൽ രവിയാണ് കേസ് ഫയൽ ചെയ്തത്.
12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ മാർഗ നിർദ്ദേശത്തോടെ സിനിമ കാണാൻ അനുവാദം നൽകുന്നതാണ് യുഎ സർട്ടിഫിക്കറ്റ്.ജയിലര്‍ 500 കോടി നേട്ടത്തിലേക്ക് അടുക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി എത്തിയിരിക്കുന്നത്
ചിത്രത്തിലെ ഒരു സീനിൽ വില്ലൻ ആളുകളെ തലകീഴായി തൂക്കിയിടുകയും ചുറ്റിക ഉപയോഗിച്ച് തലയിടിക്കുകയും മറ്റൊരു രംഗത്തിൽ നായകൻ ഒരാളെ ശിരഛേദം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും ഹർജിക്കാരൻ സത്യവാങ്മൂലത്തിൽ പറയുന്നു.
മറ്റൊരു രംഗത്തിൽ, നായകൻ ജയിലിനുള്ളിൽ ഒരു കുറ്റവാളിയുടെ ചെവി മുറിക്കുന്നതും ഭീകര വയലൻസിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹർജിയിലുണ്ട്. ഈ രംഗങ്ങള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികളെ മഹത്വവല്‍ക്കരിക്കുകയും പ്രോത്സാഹിപ്പിക്കുന്നതുമാണ് എന്നാണ് അഭിഭാഷകന്‍ പറയുന്നത്. അതുകൊണ്ട് ചിത്രത്തിന്റെ യുഎ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്നും ഈ കേസില്‍ തീരുമാനം എടുക്കുന്നത് വരെ പ്രദര്‍ശനം നിര്‍ത്തി വയ്‌ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് എസ് വി ഗംഗാപൂർ വാല, ജസ്റ്റിസ് പി ഡി ആദികേശവാലു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് അടുത്തയാഴ്ച ഹർജി പരിഗണിക്കും.
















Comments