പൂക്കളമില്ലാതെ എന്ത് ഓണം. ഓണാഘോഷങ്ങളിൽ പ്രധാനിയാണ് അത്തപൂക്കളം. അത്തം തുടങ്ങി കഴിഞ്ഞാൽ ഓരോ ദിവസവും ഇടേണ്ട പൂക്കൾ ശേഖരിക്കുന്നതിന്റെ തിരക്കിലായിരിക്കും പലരും. സൂര്യദേവന്റെ ജന്മനാളാണ് അത്തം. പണ്ട് മുതൽ തന്നെ നാട്ടിൻ പുറത്തെ പൂക്കളാണ് പൂക്കളത്തിൽ ഒരുക്കുന്നത്.
അത്തം മുതൽ പൂക്കളമൊരിക്കിയാണ് പത്താമത്തെ ദിവസമായ തിരുവോണ പുലരിയിൽ ഓണത്തെ വരവേൽക്കുക. ഒന്നാം ദിനമായ അത്തത്തിന് ഒരു പൂവ് ഉപയോഗിച്ചും തുടർന്ന് ഓരോ ദിവസവും ഒന്ന് വീതം കൂട്ടി പത്താം നാൾ പത്തിനം പൂക്കൾ കൊണ്ട് ഒരുക്കുന്ന പൂക്കളമാണ് ഓണത്തിന്റെ സവിശേഷത. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് അത്തപ്പൂക്കളം ഒരുക്കുന്നതെന്നാണ് വിശ്വാസം.
ഓണത്തിന് തുടക്കം കുറിയ്‌ക്കുന്നതാണ് അത്തം നാൾ. ഓരോ ദിവസും പൂക്കളമിടുന്നതിന് ഓരോ പ്രത്യേകതയും രീതിയുമുണ്ട്. അതുപോലെ തന്നെ ഓരോ ദിവസവും പൂക്കളം ഇടാൻ എടുക്കുന്ന പൂക്കളുടെ നിറം മുതൽ അതിന്റെ വലുപ്പത്തിൽ വരെ ഓരോ പ്രത്യേകതകളാണ് ഉള്ളത്. ഇന്നത്തെ കാലത്ത് ചെണ്ടുമല്ലിയും ജമന്തിയുമാണ് മുൻനിരയിൽ നിൽക്കുന്നത്. എന്നാൽ ഓണപൂക്കൾ എന്ന് പറയുന്നത്. എന്നാൽ ഓണപൂക്കൾ എന്ന് പറയുന്നത് പാടത്തും തൊടിയിലും കാണുന്ന പൂക്കളാണ്. തുമ്പ, ചെത്തി, ചെമ്പരത്തി, കാക്കപ്പൂ, മുക്കുറ്റി, കോളാമ്പി, തുളസി, പിച്ചകം, വാടാമല്ലി, പവിഴമല്ലി എന്നിങ്ങനെ നീളുന്നതാണ് ഓണപൂക്കൾ.
അത്തം
ഓണത്തെ വരവേൽക്കുന്ന ആദ്യ ദിനം. ചാണകം മൊഴുകിയ തറയിൽ തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. തൂവെള്ള തുമ്പപ്പൂ ലാളിത്യത്തിന്റെയും തെളിമയുടെയും പരിശുദ്ധിയുടെയും പ്രതീകമാണ്. വൃത്താകൃതിയിൽ ഒരു നിരയിലാണ് പൂക്കളമിടുന്നത്. അത്തം നാളിൽ ചുവന്ന പൂക്കൾ പൂക്കളത്തിൽ ഉൾപ്പെടുത്തരുതെന്നാണ് പറയപ്പെടുന്നത്.
ചിത്തിര
രണ്ടാം ദിവസമായ ചിത്തിര നാളിലും തുമ്പ പൂവാണ് അലങ്കരിക്കേണ്ടത്. രണ്ടിനം പൂക്കൾ കൊണ്ട് ഒരുക്കണം. തുമ്പയും തുളസിയുമാണ് രണ്ടാം ദിവസം പെതുവെ പൂക്കളിത്തിൽ താരങ്ങളായി നിൽക്കുന്നത്.
ചോതി
മൂന്നാം ദിവസമായ ചോതി നാളിൽ മാത്രമാണ് ചെമ്പരിത്തി പൂവ് അത്ത പൂക്കളത്തിൽ ഉൾപ്പെടുത്തുന്നത്. ശംഖുപുഷ്പമാണ് ചോതി ദിവസത്തിൽ പൂക്കളത്തിൽ പ്രധാനമായും ചേർക്കേണ്ടത്.
വിശാഖം
വിശാഖം നാളിൽ ശംഖുപുഷ്പം, കോളാമ്പി, ബാൾസ്യം, അരളി എന്നീ നാലിനം പൂക്കളാണ് പൂക്കളത്തിൽ ഉൾപ്പെടുത്തേണ്ടത്. ഈ ദിവസങ്ങളിലെല്ലാം വട്ടത്തിലായിരിക്കും പൂക്കളം ഒരുക്കുക. വീട്ടുമുറ്റത്ത് മഹാബലിയ്‌ക്കായി ഇടുന്ന അത്ത പൂക്കളത്തിൽ ഇല ചേർക്കാൻ പാടില്ലെന്നും വിശ്വാസമുണ്ട്.
അനിഴം
മന്ദാരം, തെച്ചിപ്പൂ, തൊട്ടാവാടി, ചെണ്ടുമല്ലി, കാക്കപ്പൂവ് എന്നിവ അഞ്ചാം ദിവസത്തിലെ പൂക്കളത്തിന് ഉപയോഗിക്കാം. തൊടിയിലും പറമ്പിലും പുല്ലുകൾക്കിടയിൽ കാണപ്പെടുന്ന പൂക്കളാണ് ഇന്നേ ദിവസം പൂക്കളം ഒരുക്കാൻ എടുക്കേണ്ടത്.
തൃക്കേട്ട
തൃക്കേട്ട നാളിൽ ആറിനം പൂക്കൾ കൊണ്ട് പൂക്കളമൊരുക്കാം. വൃത്താകൃതിയിൽ ഒരുക്കുന്ന പൂക്കളത്തിൽ ജമന്തി, തുളസി, ശംഖുപുഷ്പം, തുമ്പപൂവ്, കാക്കപൂവ്, മുല്ല. ചെണ്ടുമല്ലി എന്നിവ ഉൾപ്പെടുത്താനാകും. ഓണപൂക്കളെന്ന് വിശേഷിപ്പിക്കാവുന്ന നാടൻ പൂക്കൾ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.
മൂലം
മൂലം നാളിൽ ഇടുന്ന പൂക്കളം ചതുരാകൃതിയിൽ ആയിരിക്കണം എന്നാണ് പറയുക. ഇതിൽ വാടാർനല്ലി, തുമ്പ, മുല്ലപ്പൂ, വെള്ള നിറത്തിലുള്ള മറ്റ് പൂക്കൾ, മഞ്ഞ കോളാമ്പി എന്നിവയെല്ലാം എടുത്താണ് പൂക്കളം ഒരുക്കുക. മൂലം നാളിൽ ഏഴിനം പൂക്കളാണ് വേണ്ടത്.
പൂരാടം
എട്ടാം ദിവസമായ പൂരാടത്തിൽ എട്ടിനം പൂക്കൾ എട്ട് വരികളിലായാണ് ഇടേണ്ടത്. ചിലർ പൂരാട ദിനത്തിൽ പൂക്കളത്തിന്റെ മദ്ധ്യ ഭാഗത്ത് തൃക്കാക്കരപ്പനെ വെയ്‌ക്കും. തൃക്കാക്കരപ്പനെ വെയ്‌ക്കുന്നതിനാൽ വ്യത്യസ്ത നിറത്തിലുളള തികച്ചും നാടൻ പൂക്കളാണ് ഉപയോഗിക്കേണ്ടത് എന്നാണ് പറയപ്പെടുന്നത്.
ഉത്രാടം
ഉത്രാട ദിനത്തിലാണ് ഏറ്റവും വലിപ്പത്തിൽ അത്തപ്പൂക്കളം ഒരുക്കുന്നത്. തിരുവോണത്തിന്റെ ഒരുക്കങ്ങൾ നടത്തുന്നത് പോലെ ഉത്രാട ദിവസത്തിലും വളരെ വിപുലമായാണ് അത്ത പൂക്കളമിടുന്നത്. ഒമ്പത് വരികളുള്ള പൂക്കളത്തിൽ തുളസി, തുമ്പപൂ, ശംഖുപുഷ്പം, ജണ്ടുമല്ലി, മുല്ലപ്പൂ, വാടാമല്ലി, വെള്ള റോസ, പിച്ചകം, കാക്കപ്പൂവ് എന്നിവ ഉൾപ്പെടുത്താം.
തിരുവോണം
തിരുവോണ നാളിൽ പൂക്കളം ഒരുക്കുന്നത് മറ്റ് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. പൂക്കളത്തിന് മദ്ധ്യഭാഗത്തായി തൃക്കാക്കരപ്പനും തുളസി കതിരും വെയ്‌ക്കുന്നു. പൂക്കളത്തിൽ പലകയിട്ട് അരിമാവ് പൂശുന്നു. ഇതിന് ശേഷം മണ്ണ് കൊണ്ടോ തടി ഉപയോഗിച്ചോ ആണ് തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമ്മിക്കുന്നത്. ഇത് ഇലയിൽ പ്രതിഷ്ഠിക്കുന്നു. വിഗ്രഹങ്ങൾ പൂക്കൾ ഉപയോഗിച്ച് അലങ്കരിക്കുകയും പാലട, പഴം, ശർക്കര എന്നിവ നിവേദിക്കുകയും ചെയ്യുന്നു. ചിലർ തൃക്കാക്കരപ്പന് പകരം താമരപ്പൂവ് വെയ്‌ക്കാറുണ്ട്.
















Comments