പാസ്പോർട്ട് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്ന വെബ്‌സൈറ്റുകളുടെ ലിസ്റ്റ് പുറത്ത് വിട്ട് കേന്ദ്രസർക്കാർ. ആറോളം സൈറ്റുകളുടെ പേരാണ് പുറത്തു വിട്ടിരിക്കുന്നത്. നിരവധി വ്യാജ സൈറ്റുകൾ മുഖേനയും മൊബൈൽ ആപ്പുകളിലൂടെയുമാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത. ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ നിർദേശിക്കുന്നു.
വ്യാജ സൈറ്റുകൾ മുഖേന പാരന്മാരെകൊണ്ട് ഓൺലൈനിലൂടെ അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതും നടന്നു വരുന്നുണ്ട്. ഇതേ തരത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ആപ്പുകളും നിരവധിയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. പാസ്‌പോർട്ട് അനുബന്ധ വേരിഫിക്കേഷന് വേണ്ടിയാണെന്ന വ്യാജേനയാണ് അപേക്ഷാ ഫോമുകൾ പൂരിപ്പിക്കണമെന്ന് തെറ്റിദ്ധരിപ്പിക്കുന്നത്. ഫോമുകൾ പൂരിപ്പിച്ചതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതിനായി നിശ്ചിത തുക ഫീസ് അടയ്‌ക്കണമെന്ന് നിർദ്ദേശം ലഭിക്കും. ഇത്തരത്തിൽ സാമ്പത്തികമായും ചൂഷണത്തിനിരയാക്കുകയാണ് പതിവ്.
പാസ്‌പോർട്ട് അപേക്ഷിക്കുന്നതിനായി സർക്കാരിന് ഒരു വെബ്‌സൈറ്റ് മാത്രമാണ് ഉള്ളത്. www.passportindia.gov.in ഇതാണ് പാസ്‌പോർട്ടിന് അപേക്ഷിക്കാനുള്ള സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്. പാസ്‌പോർട്ടിന് ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർ ഈ വെബ്‌സൈറ്റിലൂടെ മാത്രമേ
അപേക്ഷ നൽകാവൂ… ഇല്ലാത്ത പക്ഷം നിങ്ങൾ ചിലപ്പോൾ പറ്റിക്കപ്പെട്ടേക്കാം. ഇതിന് പുറമേ രാജ്യത്തുടനീളമായി 37 പാസ്‌പോർട്ട് ഓഫീസുകളും സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
അറിയിപ്പിൽ സർക്കാർ പുറത്തിറക്കിയിരിക്കുന്ന പ്രധാന വ്യാജ വെബ്‌സൈറ്റുകൾ
www.indiapassport.org ഇതാണ് സർക്കാരിന്റെ ലിസ്റ്റിലുള്ള ആദ്യ വ്യാജ വെബ്‌സൈറ്റ്. നിലവിൽ ഈ വെബ്‌സൈറ്റ് തുറക്കുമ്പോൾ അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്ന അറിയിപ്പാണ് ലഭിക്കുന്നത്. എന്നാൽ ഇതിന് സമാനമായ മറ്റ് ഡൊമെയ്നുകൾക്കൊപ്പം ഇത് വീണ്ടും പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. www.online-passportindia.com എന്ന വെബ്‌സൈറ്റ് വഴിയും നിരവധി പേര് വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് ഈ റിപ്പോർട്ട് പറയുന്നു.
സർക്കാരിന്റെ ലിസ്റ്റിലുള്ള മറ്റൊരു വ്യാജ വെബ്‌സൈറ്റാണ് www.passportindiaportal.in . ഈ പോർട്ടലിന്റെ ഹോം പേജിൽ തന്നെ പാസ്പോർട്ടിനായി അപേക്ഷിക്കുക, പാസ്പോർട്ട് അപേക്ഷാ ഫോം എന്നീ ഓപ്ഷനുകൾ കാണാൻ സാധിക്കും. www.passport-india.in ഇതാണ് സർക്കാർ പുറത്തുവിട്ട മറ്റൊരു വ്യാജ വെബ്‌സൈറ്റ്. പൗരന്മാർ കർശനമായും ഈ സൈറ്റ് ഉപയോഗിക്കരുതെന്ന് അറിയിപ്പിൽ പറയുന്നു. www.passport-seva.in ഇത് സർക്കാരിന്റെ ലിസ്റ്റിലുള്ള മറ്റൊരു വ്യാജ വെബ്‌സൈറ്റാണ്. www.applypassport.org എന്നതാണ് ലിസ്റ്റിൽ അവസാനമായി ഇടം പിടിച്ചിരിക്കുന്ന വ്യാജ വെബ്‌സൈറ്റ്.
Comments