ഒട്ടുമിക്ക വീടുകളിലും നേരിടുന്ന പ്രശ്‌നമാണ് അടുക്കള മാലിന്യം. പഞ്ചായത്തിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ ആൾ വരുന്നത് വരെ ഈ മാലിന്യത്തെ എന്ത് ചെയ്യുമെന്ന് ആശങ്കപ്പെടുന്നവരാണ് നമ്മളിൽ പലരും. അടുക്കളയിലെ മാലിന്യം ചവറ്റുകുട്ടയിൽ കൂന കൂടിയാൽ പിന്നെ മൂക്കുപ്പൊത്തി അടുക്കളയിൽ കയറാനേ കഴിയൂ. ഇതിന് പുറമേ അടുക്കളയിലെ മറ്റ് സാധനങ്ങളിലേക്കും ഈ ദുർഗന്ധം വരുന്നതും സാധാരണമാണ്. എന്നാൽ ഇനി പഞ്ചായത്തിൽ നിന്ന് മാലിന്യമെടുക്കാൻ ആളുവരാൻ അൽപം താമസിച്ചാൽ വിഷമിക്കേണ്ട, ഈ പൊടിക്കൈകൾ പരീക്ഷിച്ചാൽ മതി.
ബേക്കിംഗ് സോഡ
മാലിന്യങ്ങളിൽ നിന്നും വമിക്കുന്ന ദുർഗന്ധം ഇല്ലാതാക്കാൻ നല്ലൊരു മാർഗമാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ മാലിന്യത്തിൽ വിതറിയാൽ ഒരു പരിധി വരെ ദുഗർന്ധം വമിക്കുന്നത് തടയാൻ നമുക്ക് സാധിക്കും. ഇതിനുപുറമെ ഒന്നര കപ്പ് ബേക്കിംഗ് സോഡയും ഉപ്പുവെള്ളവും പത്ത് തുള്ളി ലെമൺ എസൻഷ്യൽ ഓയിലും ചേർത്ത് സംയോജിപ്പിച്ചതിനു ശേഷം ഐസ് ക്യൂബാക്കി മാറ്റുക. ഇത് ബിന്നിന്റെ അടിയിൽ വയ്‌ക്കുന്നത് ദുർഗന്ധം കുറയ്‌ക്കാൻ സഹായിക്കും.
നാരങ്ങത്തൊലി
ഉപയോഗിച്ചു കഴിഞ്ഞ നാരാങ്ങാ തൊലികൾ ബിന്നിൽ ഇട്ടുവെയ്‌ക്കുന്നത് മാലിന്യത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ഒരു പരിധി വരെ തടയാം.
ഉപ്പ് വിതറുക
ബേക്കിംഗ് സോഡ പോലെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു മാർഗമാണ് ഉപ്പ് വിതറുന്നത്. മാലിന്യത്തിന്റെ മുകളിൽ ഉപ്പ് വിതറുന്നത് ദുർഗന്ധം പുറത്തുവരുന്നത് തടയാൻ സഹായിക്കുന്നു.
പതിവായി വൃത്തിയാക്കാം..
മറ്റു മാലിന്യങ്ങളെ പോലെ മാംസഹാരവശിഷ്ടങ്ങൾ. ഇവ അധികനാൾ എടുത്തുവെയ്‌ക്കുന്നത് ദുർഗന്ധത്തിന് കാരണമാകുന്നു. ഇവ വളരെപ്പെട്ടന്ന് നിർമാർജനം ചെയ്യുകയാണ് നല്ലത്. വേസ്റ്റ് ബിൻ പതിവായി വൃത്തിയാക്കുന്നതും ദുർഗന്ധം വമിക്കുന്നത് കുറയ്‌ക്കാൻ സഹായിക്കുന്നു.
Comments