ഓരോ ചുവടുവെപ്പും സസൂക്ഷ്മം നടത്തി ഇന്ത്യയുടെ ചാന്ദ്രദൗത്യം പുരോഗമിക്കുകയാണ്. പ്രതീക്ഷയുടെ കൊടുമുടിയിൽ നിർത്തി, മുട്ടിമുട്ടിയില്ലെന്ന സ്ഥിതിയിലാണ് ചന്ദ്രയാൻ മൂന്ന്. ആകംക്ഷകൾക്ക് ഓഗസ്റ്റ് 23-ന് സമാപനമാകുമെന്ന് ഇസ്രോ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം 6.04-ന് ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ സ്പർശിക്കും.
ലാൻഡർ വിക്രമും റോലർ പ്രഗ്യാനും ചാന്ദ്രോപരിതലത്തിൽ തൊടുന്നതോടെ ഇന്ത്യ പുതുചരിത്രം കുറിക്കും, ഒപ്പം ചന്ദ്രന്റെ രഹസ്യങ്ങൾ പരസ്യമാക്കുന്നതിൽ സുപ്രധാന കണ്ടെത്തലുകൾ നൽകാൻ ഇസ്രോയുടെ ചന്ദ്രയാൻ മൂന്നിന് കഴിയും. ബുധനാഴ്ച വരെ ചന്ദ്രോപരിതലത്തിൽ നിന്ന് കുറഞ്ഞത് 25 കിലോമീറ്റർ അകലെയും പരമാവധി 134 കിലോമീറ്റർ അകലത്തിലും ലാൻഡർ മൊഡ്യൂൾ ചന്ദ്രന് മുകളിൽ വട്ടമിട്ടുകൊണ്ടിരിക്കും. ചന്ദ്രയാൻ ചന്ദ്രന്റെ ഉപരിതലത്തിൽ തൊടുന്നതിന് പിന്നാലെ വിക്രം ലാൻഡറിന്റെ സ്ഥിതി പരിശോധിക്കും.
വേഗം കുറച്ച് ഇറങ്ങനായി നാല് ത്രസ്റ്റർ എഞ്ചിനുകളാണുള്ളത്. രണ്ട് ത്രസ്റ്റർ എഞ്ചിനുകൾ ഒരേ സമയം പ്രവർത്തിപ്പിച്ചാണ് വേഗത കുറയ്‌ക്കുന്നത്. സെക്കൻഡിൽ രണ്ട് മീറ്റർ വേഗത്തിൽ ലാൻഡറിനെ സാവധാനം താഴെയിറക്കാനാണ് ശ്രമം. ലാൻഡർ ചാന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതോടെ ആറ് ചക്രങ്ങളുള്ള റോവർ റാംപ് വഴി ചാന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും.
ലാൻഡിംഗിന് ശേഷം പേടകം നിശ്ചിത പരിധിക്കുള്ളിൽ ചന്ദ്രന്റെ ഉപരിതലത്തിൽ നീങ്ങും. ഇതിന് പിന്നാലെ നിരവധി പ്രവർത്തനങ്ങളും പരീക്ഷണങ്ങളും നടത്തും. ഇതുവരെ പര്യവേഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത് ചാന്ദ്രഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ വാസയോഗ്യമാക്കുന്ന ഘടകങ്ങൾ പഠിക്കുകയാണ് ലക്ഷ്യം. ഉപരിതലത്തിലെ അയോണുകളുടെയും ഇലക്ട്രോണുകളുടെയും സാന്ദ്രതയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ താപനിലയും തെർമൽ ഘടകങ്ങൾ, ചന്ദ്രോപരിതലത്തിലെ ഭൂചലനങ്ങൾ നിരീക്ഷിച്ച് അതിലൂടെ ചന്ദ്രന്റെ ഘടന മനസിലാക്കുക എന്നിവയാണ് പ്രധാന പഠനലക്ഷ്യങ്ങൾ.
ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്. അതായത്, ചന്ദ്രനിൽ സൂര്യൻ ഉദിക്കുന്നത് മുതൽ അസ്തമിക്കുന്നത് വരെയുള്ള സമയം മാത്രം. ഭൂമിയിലെ കണക്ക് വച്ച് നോക്കിയാൽ ഇത് വെറും 14 ദിവസമാണ്. ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കി, തുടർന്നുള്ള 14 ദിവസവും ഉപകരണങ്ങളെല്ലാം പ്രവർത്തിച്ചാലാണ് ദൗത്യം സമ്പൂർണ വിജയമായി പ്രഖ്യാപിക്കുക.
















Comments