കണ്ണൂർ: ട്രെയിനുകൾക്ക് നേരെയുണ്ടായ ആക്രമണ സംഭവങ്ങൾ ആവർത്തിക്കുമ്പോഴും അട്ടിമറിയില്ലെന്ന പോലീസ് വാദത്തിലും ദുരൂഹത ഏറുന്നു. സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ ഉണ്ടായ മറ്റ് അക്രമങ്ങളിൽ ഇപ്പോഴും പ്രതികളെ പിടികൂടാനായിട്ടില്ല. നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചേക്കും.
കണ്ണൂർ പാറക്കണ്ടി ഭാഗത്ത് നിന്നും ട്രെയിനുകൾക്ക് കല്ലെറിഞ്ഞ കേസിലെ പ്രതിയെ പിടികൂടിയെങ്കിലും സമാനമായ മറ്റ് അക്രമങ്ങളിൽ ഇപ്പോഴും പ്രതികളെ പിടികൂടാനായിട്ടില്ല. കണ്ണൂരിൽ വന്ദേഭാരതിന് കല്ലെറിഞ്ഞതിന് പിന്നാലെ കാസർകോട് കോട്ടിക്കുളത്ത് റെയിൽവേ പാളത്തിന് മുകളിൽ കല്ലുകളും ക്ലോസറ്റിന്റെ പൊട്ടിയ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇതും ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചതാണെന്ന് വ്യക്തമാണ്.
കഴിഞ്ഞ വർഷം ജൂലൈ 19-ന് കണ്ണൂർ വളപട്ടണം റെയിൽവേ പാലത്തിന് സമീപം കരിങ്കല്ല് നിരത്തി ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമമുണ്ടായിരുന്നു. കാസർകോഡും കണ്ണൂരുമായി ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടാകുന്നതിന് ഒരാഴ്ച മുമ്പ് കണ്ണൂർ-മംഗളൂരു പാസഞ്ചറിൽ അസ്വഭാവികത തോന്നിപ്പിക്കുന്ന തരത്തിൽ എഴുത്ത് പതിപ്പിച്ചതായി കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് എസ്പിയുടെ നേതൃത്വത്തിൽ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ അട്ടിമറിയില്ലെന്നാണ് പോലീസ് ആവർത്തിച്ച് പറയുന്നത്.
Comments