ന്യൂഡല്‍ഹി: മരിച്ചുപോയ സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍ ഡല്‍ഹി വനിതാ-ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. നടപടി ബി.ജെ.പി അടക്കമുള്ള കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തത്തിയതോടെയാണ്. പ്രതിയായ പ്രേമോദയ് ഘാഖയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി ഭരണകൂടം തയ്യാറായിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത്.
മാസങ്ങളോളം ഇയാള്‍ 16കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്നു. 2020-21 കാലഘട്ടത്തിലായിരുന്നു ഇത്. ബുരാരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ പിതാവും സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് വിദ്യാഭ്യാസത്തിനും മറ്റുമായി 2020 മുതല്‍ 21 വരെ പെണ്‍കുട്ടി പ്രതിയുടെ കുടുംബത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. പരാതി പ്രകാരം കുട്ടിയെ ഇയാള്‍ മാസങ്ങളോളം ശാരീരികമായും മാനസികമായും ദുരുപയോഗം ചെയ്തിരുന്നതായി പറയുന്നു.
പ്രതിയുടെ കുടുംബത്തില്‍ നിന്ന് 2021-ല്‍ അമ്മയുടെ അടുത്തേക്ക് തിരിച്ചുപോയ കുട്ടി പിന്നീട് ആരോടും മിണ്ടാതെയായി. പീഡന വിവരവും ആരോടും വെളിപ്പെടുത്തിയില്ല. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മയാണ് മകളെ ആശുപത്രിയിലെത്തിച്ചത്.മാനസികമായി തകര്‍ന്ന കുട്ടിയെ ഒരാഴ്ചയിലേറെ ആശുപത്രിയിലായിരുന്നു. ദിവസങ്ങള്‍ നീണ്ട കൗണ്‍സിലിംഗിനും ചികിത്സയ്‌ക്കും ശേഷമാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തിയതും അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയതും. പീഡനത്തിനിടെ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയത് പ്രതിയുടെ ഭാര്യയായിരുന്നു.
ആപ്പിന്റെ നേതാക്കളുടെ മൗനത്തെ ചോദ്യം ചെയ്ത് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല രംഗത്തെത്തി. സ്വന്തം ജോലി ചെയ്യാതെ മറ്റ് സംസ്ഥാനങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് നോക്കിയിരിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍ പ്രതിയെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments