തിരുവനന്തപുരം: പോലീസ് സ്റ്റേഷന്റെ ഗേറ്റ് താഴിട്ട് പൂട്ടി അമ്പൂരി സ്വദേശി. വെള്ളറട പോലീസ് സ്റ്റേഷന്റെ ഗേറ്റാണ് നോബി തോമസ് താഴിട്ട് പൂട്ടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് സംഭവം നടന്നത്. മർദനത്തിലേറ്റ പരിക്കുകളുമായി പരാതി പറയാനാണ് നോബി സ്റ്റേഷനിലെത്തിയത്. മുറിവുകളുമായി എത്തിയ ഇയാളോട് ആശുപത്രിയിൽ ചികിത്സതേടാൻ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുകയായിരുന്നു.
ഉടൻ കേസെടുക്കണമെന്നായിരുന്നു നോബിയുടെ ആവശ്യം. പോലീസുകാർ കൂടി വരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. കേസെടുക്കാൻ പറ്റില്ലെങ്കിൽ സ്റ്റേഷൻ പൂട്ടിയിട്ടു പോകാനും പ്രതി പോലീസുകാരോട് പറഞ്ഞു. എന്നാൽ, ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ പോകാനാണ് പോലീസ് വീണ്ടും നിർദ്ദേശിച്ചത്. ഇതിൽ പ്രകോപിതനായ നോബി ഗേറ്റ് വലിച്ചടച്ച് ബൈക്കിൽ ആശുപത്രിയിലേക്കു പോകുകയായിരുന്നു.
തുടർന്ന് വൈകിട്ടോടെ വീണ്ടും വെള്ളറട സ്റ്റേഷനിലെത്തിയ ഇയാൾ പുതിയ താഴ് ഉപയോഗിച്ച് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് പൂട്ടുകയായിരുന്നു. ഇതിന് ശേഷം ഇയാൾ ബൈക്കിൽ കടന്നുകളഞ്ഞു. ഏകദേശം അര മണിക്കൂറോളം ഗേറ്റ് അടഞ്ഞ് കിടന്നു. സ്റ്റേഷനിൽ എത്തിയവർക്ക് അകത്തു കടക്കാനും സാധിച്ചില്ല. ഗേറ്റ് പൂട്ടിയ കാര്യം പോലീസുകാരും അറിഞ്ഞില്ല. ശേഷം നാട്ടുകാർ അറിയച്ചപ്പോഴാണ് പോലീസ് വിവരം അറിഞ്ഞത്. തുടർന്ന്, ചുറ്റിക ഉപയോഗിച്ചാണ് താഴ് തകർത്തത്. പോലീസ് പ്രതി നോബിയെ അറസ്റ്റ് ചെയ്തു.
Comments