കഴിഞ്ഞ കുറച്ച് നാളുകൾക്കിടയിൽ തന്നെ അതിർത്തി കടന്ന് നിരവധി വിവാഹങ്ങളാണ് ഇന്ത്യയിൽ നടന്നത്. ഇപ്പോഴിതാ കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലേക്ക് വിമാനം കയറിയ ദക്ഷിണ കൊറിയൻ യുവതിയുടെ കഥയാണ് ചർച്ചയാകുന്നത്. ദക്ഷിണ കൊറിയക്കാരിയായ കിം ബോ-നീ എന്ന യുവതിയാണ് ഇന്ത്യക്കാരനായ സുഖ്ജിത് സിംഗിനെ വിവാഹം കഴിയ്ക്കാൻ ഇന്ത്യയിലെത്തിയത്.
ഇന്ത്യയിലെത്തിയ യുവതി രണ്ട് ദിവസം മുൻപാണ് കാമുകനുമായി ഗുരുദ്വാരയിൽ വെച്ച് വിവാഹിതയായത്. ദക്ഷിണ കൊറിയയിലെ ഒരു കഫേയിലാണ് സുഖ്ജീത്ത് സിംഗ് ജോലി ചെയ്യുന്നത്. അവിടത്തെ ബില്ലിങ് കൗണ്ടറിലായിരുന്നു കിം ബോ-നീയും ജോലി ചെയ്യുന്നത്. തുടർന്ന് ഇരുവരും സുഹൃത്തുക്കളായി മാറുകയും ആ ബന്ധം പ്രണയമായി മാറുകയുമായിരുന്നു.
എന്നാൽ, ഒന്നര മാസം മുമ്പ് ആറുമാസത്തെ അവധിക്കായി സുഖ്ജീത്ത് നാട്ടിലേക്ക് വന്നു. ഇതിന് പിന്നാലെയാണ് കിം ബോ-നീയും ഇന്ത്യയിലേക്ക് വിമാനം കയറിയത്. തുടർന്ന്, ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ പുവായനിലെ ഗുരുദ്വാര നാനാക് ബാഗില്‍ വച്ച് ഇരുവരും വിവാഹിതരായി. സിഖ് ആചാരപ്രകാരമായിരുന്നു വിവാഹം. മൂന്ന് മാസത്തെ വിസിറ്റിംഗ് വിസയിലാണ് യുവതി ഇന്ത്യയിലെത്തിയത്. എന്നാൽ ഒരു മാസത്തിന് ശേഷം യുവതിയും മൂന്ന് മാസത്തിന് ശേഷം സുഖ്ജീത്തും ദക്ഷിണ കൊറിയയിലേക്ക് മടങ്ങാനാണ് ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം.
Comments