സമുദ്രത്തിൽ മോക്ഷം കാത്തു കിടന്ന ഒരു ശൂന്യമായ ശിലയിൽ വിവേകാനന്ദ സ്മാരകം മനസ്സുകൊണ്ട് ആദ്യം പ്രതിഷ്ഠിക്കുകയും കരവിഴുതു വഴി സാക്ഷാത്കരിക്കുകയും ചെയ്ത ഒരു തപസ്വിയും കർമ്മയോഗിയുമാണ് ഏക്നാഥ്ജി. ഓർഗനൈസറിന്റെയും മദർലാൻഡിന്റെയും മുൻ എഡിറ്ററും മുൻ പോണ്ടിച്ചേരി ഗവർണറുമായ കെ ആർ മൽക്കാനിയാണ് ഏകനാഥ് ജി എന്ന പ്രതിഭാസത്തിന്റെ ഏറ്റവും ഉചിതമായ നിർവചനം നൽകിയത്. “കുത്തബ്മിനാറിനെ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് നിർദ്ദേശം വന്നാൽ അത് ഏൽപ്പിക്കാൻ പറ്റിയ ഏക വ്യക്തി ഏകനാഥ് ജി മാത്രമാണ്” എന്നാണ് മൽക്കാനിജിയുടെ വാക്യം.
എക്നാഥ് രാമകൃഷ്ണ റാനഡേ, 1914 മഹാരാഷ്‌ട്രയിലെ അമരാവതിയിൽ ജനിച്ചു. എം എ,, എൽഎൽബി പാസായ ഏകനാഥ്ജിയെ കുട്ടിക്കാലം മുതൽ വിവേകാനന്ദ തത്വങ്ങൾ ശക്തമായി സ്വാധീനിച്ചിരുന്നു.. എതിർപ്രചരണങ്ങളെ ചെറുക്കാനുള്ള കരുത്തിനായി അദ്ദേഹം ഉപനിഷത്തുകളും പഠിച്ചു. അവ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്ന് കണ്ടപ്പോൾ അദ്ദേഹം വിവേകാനന്ദ സാഹിത്യത്തിനെ ആശ്രയിക്കാൻ തുടങ്ങി. മെട്രിക്യൂലേഷൻ കഴിഞ്ഞപ്പോൾ തന്നെ ആർഎസ്എസിന്റെ മുഴുവൻ സമയ പ്രചാരകൻ ആകാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ പഠനം പൂർത്തിയാക്കുന്നത് വരെ ക്ഷമിക്കാൻ ആയിരുന്നു സംഘസ്ഥാപകൻ ഡോക്ടർജിയുടെ നിർദ്ദേശം.. അതുപ്രകാരം വിദ്യാഭ്യാസാനന്തരം അദ്ദേഹം പ്രചാരകനായി. 1948 ൽ ഗാന്ധിജിയുടെ മരണത്തോട് അനുബന്ധിച്ച് ആർഎസ്എസ് നിരോധിക്കപ്പെട്ടപ്പോൾ സംഘടനയുടെ ഒളിവിലുള്ള പ്രവർത്തനങ്ങളുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് നിർണായക സ്ഥാനം ഉണ്ടായിരുന്നു. നിരോധനം നീക്കാനായി രാജ്യവ്യാപകമായി നടന്ന സത്യാഗ്രഹ സമരത്തിനും അദ്ദേഹം നേതൃത്വം നൽകി. 1949 ൽ ഏകനാഥ് ജി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയി.
നിരോധനം നീക്കുന്നതിനെ സംബന്ധിച്ച് കേന്ദ്രസർക്കാരുമായി നടന്ന ചർച്ചകളിൽ അദ്ദേഹം നിർണായക സ്ഥാനം വഹിച്ചിരുന്നു. 1950 ൽ ബംഗാൾ ഓഡിഷ ആസാം എന്നീ പ്രദേശങ്ങളുടെ ചുമതലയുള്ള ക്ഷേത്രീയ പ്രചാരകനായി. അക്കാലത്ത് കിഴക്കൻ പാകിസ്ഥാനിൽ നിന്ന് പ്രവഹിച്ച ഹിന്ദു അഭയാർത്ഥികളെ സംരക്ഷിക്കുന്നതിനുള്ള ക്യാമ്പുകൾ വിജയകരമായി സംഘടിപ്പിച്ചു. 1953 ൽ അദ്ദേഹം ആർഎസ്എസിന്റെ അഖില ഭാരതീയ പ്രചാരക് പ്രമുഖായി. 1955 മുതൽ 62 വരെ സഹ സർ കാര്യവാഹ് (ജനറൽ സെക്രട്ടറി) പദവിയിൽ പ്രവർത്തിച്ചു. 1953ല്‍ ആ പദവി ഒഴിഞ്ഞതിനു ശേഷം അതേ വർഷം വിവേകാനന്ദന്റെ ചിന്തകൾ സമാഹരിച്ച് “റൈസിംഗ് കോൾ ടു ഹിന്ദു നേഷൻ” എന്ന ഗ്രന്ഥം തയ്യാറാക്കി. അത് വിവിധ പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിച്ചു.. “ഉത്തിഷ്ഠ ഭാരത” എന്നായിരുന്നു മലയാളത്തിൽ അതിന്റെ പേര്. മലയാള വിവർത്തനം നിർവഹിച്ചത് ശ്രീമാൻ ആർ ഹരിയാണ്. 1963 ഓഗസ്റ്റ് 11 നു അദ്ദേഹം വിവേകാനന്ദ സ്മാരക സമിതിയുടെ സംഘടനാ സെക്രട്ടറിയായി, 1970ൽ എക്നാഥ്ജിയുടെ നേതൃത്വത്തിൽ വിവേകാനന്ദ ശിലാസ്മാരകം ഉദ്ഘാടനം ചെയ്യപ്പെട്ടു. 1972 ൽ ആത്മീയതയുടെ അടിസ്ഥാനത്തിലുള്ള സേവന പ്രസ്ഥാനമായ വിവേകാനന്ദ കേന്ദ്രം സ്ഥാപിച്ചു. 1973 യുവഭാരതി, കേന്ദ്ര ഭാരതി, വിവേകാനന്ദ കേന്ദ്ര പത്രിക എന്നീ പ്രസിദ്ധീകരണങ്ങൾ തുടങ്ങി.. അതേവർഷം പുനരാരംഭിക്കപ്പെട്ട ബ്രഹ്മവാദിയുടെ എഡിറ്ററായി 1975 ൽ കേന്ദ്രത്തിന്റെ ജനറൽ സെക്രട്ടറിയും 78 ൽ പ്രസിഡന്റുമായി. 1982 ൽ വിവേകാനന്ദ കേന്ദ്ര ഇന്റർനാഷണൽ പ്രസിഡണ്ടായി. 1982 ഓഗസ്റ്റ് 22 നു അദ്ദേഹം അന്തരിച്ചു .
എക്നാഥ്ജി എത്രയോ വിധത്തില്‍, എത്രയോ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ടെങ്കിലും കന്യാകുമാരിയില്‍ മൂന്നു സമുദ്രങ്ങള്‍ പരസ്പരം ആലിംഗനം ചെയ്യുന്ന ജലസംഗമത്തില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന വിവേകാനന്ദ ശിലാ സ്മാരകം തന്നെയാണ് അദ്ദേഹത്തെ അനശ്വരനാക്കുന്നത്. 1963ല്‍ സ്വാമി വിവേകാനന്ദ സ്വാമിയുടെ ജന്‍മശതാബ്ദിയോടനുബന്ധിച്ച് കന്യാകുമാരിയില്‍ കരയില്‍ ഒരു പ്രതിമ സ്ഥാപിക്കുന്നതിനെ കുറിച്ചു തമിഴ് നാട്ടിലെ ചില സജ്ജനങ്ങള്‍ എടുത്ത തീരുമാനത്തിന്റെ സംഭബഹുലമായ തുടര്‍ച്ചയാണ് ഇന്ന് വിവേകാനന്ദ ശിലയില്‍ കാണുന്ന നയനാനന്ദകാരവും ഭക്‍ത്തിനിര്‍ഭരവുമായ ശിലാ സ്മാരകം. ആ മഹത്തായ ശ്രമത്തെ വര്‍ഗീയതയുടെ ദുഷ്ടദൃഷ്ട്ടിയിലൂടെ മാത്രം കണ്ട ചില ക്ഷുദ്ര ശക്തികള്‍ കൊണ്ട് വന്ന തടസ്സങ്ങള്‍ ചരിത്രത്തിലെ കറുത്ത ഏടുകളാണ്. കോണ്‍ഗ്രസ്സ് നേതാവും അന്നത്തെ മദ്രാസ് സംസ്ഥാന മുഖ്യമന്ത്രിയുമായ ഭക്തവത്സലത്തിന്റെ പിന്തുണയും ആ കറുത്ത ശക്തികള്‍ക്ക് കിട്ടി. സ്വാഭാവികമായും പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പിന്തുണയും ഭക്തവത്സലം ഉറപ്പാക്കി.
ആയിടെ ഈ പുണ്യശ്രമം തടയുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ആ ശിലയില്‍ ഒരു കുരിശ് പ്രത്യക്ഷപ്പെട്ടു. വിവേകാനന്ദ പ്രതിമ വരുന്നത് തടയാനുള്ള ഒരു ശക്തമായ ആയുധമായിരുന്നു അത്. പക്ഷേ മലബാറില്‍ നിന്നുള്ള നിഷ്ടാവാന്മാരായ, ശ്രീ ലക്ഷ്മണെട്ടന്റെ നേതൃത്വത്തിലുള്ള സംഘ സ്വയംസേവകരുടെ വീരവ്രതത്തിന് മുന്നില്‍ ആ “ആയുധം” കീഴടങ്ങി. പിന്നീട് എക്നാഥ്ജിയുടെ ചരിത്രപ്രസിദ്ധമായ രംഗപ്രവേശമായിരുന്നു. മല്‍ക്കാനിജി സൂചിപ്പിച്ചത് പോലെ എതിര്‍പ്പുകളെല്ലാം സൂര്യപ്രഭയില്‍ മഞ്ഞെന്നപോലെ ഉരുക്കുന്ന ആ മാന്ത്രികള്‍ എതിര്‍വശത്തു നില്‍ക്കുന്നവരെ മഹത്തായ സ്മാരകത്തിന് അനുകൂലമാക്കുന്ന പ്രക്രിയയിലേക്കാണ് കാലെടുത്തു വെച്ചത്. ഭക്തവത്സലത്തില്‍ നിന്നു തുടങ്ങി നെഹ്രുവിനെ വരെ അദ്ദേഹം തന്റെ യുനീക് പേര്‍സ്വാസീവ് സ്കില്‍സ് ഉപയോഗിച്ച് സ്മാരകാനുകൂലികളാക്കുന്ന അത്ഭുതദൃശ്യമാണ് പിന്നെ ഭാരതവും ലോകവും ദര്‍ശിച്ചത്. ആ ഹെര്‍ക്കൂലിയന്‍ ടാസ്ക്കില്‍ പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തീര്‍ന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രീജിയുടെ സഹായവും അദ്ദേഹം ഉറപ്പാക്കി. തന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി പ്രധാനമന്ത്രി നെഹ്റുവിന് സമര്‍പ്പിക്കാന്‍ അദ്ദേഹം നടത്തിയ ഒപ്പ് ശേഖരം അദ്ഭുതകരമായിരുന്നു. അതില്‍ ഒപ്പുവെച്ച എംപിമാരില്‍ ഏതാനും ചില പേരുകൾ മാത്രം ഇവിടെ സൂചിപ്പിക്കുന്നു, വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ ഉന്നത നേതാക്കളെ അദ്ദേഹം എങ്ങിനെ സ്വാധീനിച്ചു എന്നത് രേഖപ്പെടുത്തേണ്ടതുണ്ട് എന്നതിനാല്‍ മാത്രം:
“കെ.ഡി. മാളവ്യ,എസ്.കെ. പാട്ടീല്‍.എന്‍.ജി. രംഗ, ടി.എസ്. പട്ടാഭിരാമന്‍, രാം മനോഹർ ലോഹ്യ, അടല്‍ ബിഹാരി വാജ്പേയി, നാഥ് പൈ, ആര്‍.കെ. ഖാദില്‍ക്കര്‍, നന്ദിനി സത്പതി, എസ്. ചന്ന റെഡ്ഡി, പി.എന്‍. കട്ജു, എ. മൊഹമ്മദ് താരിക്, മൈഥിലി ശരണ്‍ ഗുപ്ത, ചന്ദ്രശേഖര്‍ (പ്രധാന മന്ത്രി – 1991), കെ.കെ. വാരിയര്‍, രവീന്ദ്ര വര്‍മ്മ, ഹുക്കും ചന്ദ് കച്ച് വായി, ജി.എസ്. പാഠക്, ഉമാ ശങ്കര്‍ ദീക്ഷിത്, സരോജിനി മഹിഷി, എ. ശങ്കര്‍ ആല്‍വ, ഭാനു പ്രകാശ് സിംഗ്,യോഗേന്ദ്ര ത്സാ,എം.കെ. കുമാരന്‍,ഈ.കെ. ഇമ്പിച്ചി ബാവ,ശ്രീകണ്ഠ നായര്‍,എം.എന്‍. ഗോവിന്ദന്‍ നായര്‍,ഭൂട്ടാ സിംഗ്,ഭഗവത് ത്സാ ആസാദ്,അബ്ദുള്‍ ഖനി ദാര്‍,മിര്‍സ അഹമ്മെദ് ആലി,ഇന്ദര്‍ മല്‍ഹോത്ര,ആര്‍.എസ്. ഖണ്ഡെക്കാര്‍,പി.കെ. കോയ,ബി.ഡി. ഘോബ്രഘടെ, ലോക്നാഥ് മിശ്ര,എസ്.കെ. പൊറ്റെക്കാട്,ഇന്ദ്രജിത്ത് ഗുപ്ത,പി.കെ. വാസുദേവന്‍ നായര്‍,പി. കുഞ്ഞന്‍,” ഇവരാണ് അന്ന് ഒപ്പിട്ടവർ.
പാര്‍ലിമെന്റിന്റെ ഇരു സഭകളില്‍ നിന്നു 323 അംഗങ്ങളാണ് ഒപ്പ് വെച്ചത്. കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി എത്രയോ കമ്മ്യൂണിസ്റ്റുകള്‍ ഇതില്‍ ഒപ്പ് വെച്ചിരിക്കുന്നു എന്നത് കൗതുകകരമല്ലേ. (ജനസംഘം എംപി മാരുടെ കാര്യം മാറ്റിവെക്കാം). കൂടാതെ എത്രയോ മുതിർന്ന കോൺഗ്രെസ്സുകാർ. പിന്നെ നെഹ്റുവിന് ഈ മഹനീയ ദൗത്യത്തിന് അനുവാദം കൊടുക്കാതിരിക്കാനാകുമോ !
സ്മാരക നിര്‍മ്മാണത്തിന് സ്കൂള്‍ കുട്ടികള്‍ പോലും ‘സ്റ്റാമ്പ്’ വാങ്ങിക്കൊണ്ട് സംഭാവന കൊടുത്തത് ശൈശവ കാല ഓര്‍മ്മയായി ഈ ലേഖകന്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു. സംഭാവന പിരിവിന്റെ ഭാഗമായി എക്നാഥ്ജി ഭാരതത്തിലെ എല്ലാ മുഖ്യമന്ത്രിയെയും സന്ദര്‍ശിച്ചിരുന്നു. കേരള മുഖ്യമന്ത്രിയെ ഈ.എം.എസ്. നമ്പൂതിരിപ്പാട് ഒഴിച്ച് എല്ലാ മുഖ്യമന്ത്രിമാരും ഉദാരമായി സംഭാവന ചെയ്തു. കേരള മുഖ്യന്‍ മാത്രം ഒരു സംഭാവന പോലും കൊടുത്തില്ല എന്നു മാത്രമല്ല, ഒരക്ഷരം പോലും ഉരിയാടിയില്ല എന്നു എക്നാഥ്ജി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് സി. അച്യൂത മേനോന്‍ മുഖ്യമന്ത്രി ആയതിനുശേഷം അദ്ദേഹമാണ് കേരളത്തിന്റെ വിഹിതം ആ മഹനീയ സ്മാരകത്തിനായി സംഭാവന ചെയ്തത്.
സിപിഎം നേതാവ് ജ്യോതി ബാസുവിനെ (പിന്നീട് പശ്ചിമ ബംഗാളിലെ റെക്കോര്‍ഡ് ബ്രേക്കിങ് മുഖ്യമന്ത്രി) ഇതേ കാര്യത്തിനായി സന്ദര്‍ശിച്ച കാര്യം എക്നഥ്ജി രസകരമായി വര്‍ണിച്ചിട്ടുണ്ട്. തന്റെ പാര്‍ട്ടിയുടെ (പാര്ട്ടി പിളര്‍പ്പിന് ശേഷം സിപിഎം) നയം വ്യത്യസ്ഥമാണ് എന്നു ജ്യോതി ബസു അറിയിച്ചു. താങ്കളുടെ സഹധര്‍മ്മിണി ഈ കാര്യത്തിനായി കുറച്ചു പണം പിരിച്ചു തരുന്നതിന് വിരോധമുണ്ടോ എന്ന ചോദ്യത്തിന് ‘അശേഷമില്ല’ എന്നായിരുന്നു മറുപടി. അതനുസരിച്ച് ആ ആദരണീയ വനിതാ അന്നത്തെ കാലത്തെ 10,000 രൂപയാണ് പിരിച്ചു കൊടുത്തത്. സ്മാരകത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ സഹസഖാക്കള്‍ പരിഹസിക്കുക്കയാണ് ഉണ്ടായത് എന്നു ബസു പിന്നീട് എക്നാഥ്ജിയോട് പറഞ്ഞുവത്രേ.

എക്നാഥ്ജിയുടെ ധ്യേയനിഷ്ഠയില്‍ ആകൃഷ്ഠനായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി റെയില്‍വേ മന്ത്രി ആയിരിക്കുമ്പോള്‍ ശിലാസ്മാരക നിര്‍മാണത്തിനോടനുബന്ധിച്ച് രാജ്യമാസകലം യാത്ര ചെയ്യാന്‍ എക്നാഥ്ജിക്ക് ഒരു സൗജന്യ റെയില്‍വേ പാസ്സ് നല്കിയിരുന്നു. സ്മാരക ഉദ്ഘാടനം കഴിഞ്ഞ ഉടനെ അദ്ദേഹം അത് റെയില്‍വേ മന്ത്രാലയത്തിന് തിരിച്ചു നല്കി. അത് സ്വീകരിക്കാന്‍ ത്യ്യാറാകാതിരുന്ന ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞത്, ശാസ്ത്രീജി തനിക്ക് ആ പാസ്സ് നല്കിയത് ശിലാ സ്മാരകത്തിന്റെ നിര്‍മ്മാണത്തിനായി യാത്ര ചെയ്യാന്‍ വേണ്ടിയായിരുന്നു എന്നും അത് പൂര്‍ത്തിയായി കഴിഞ്ഞതിന് ശേഷവും അത് തുടര്‍ന്നു ഉപയോഗിക്കാന്‍ തന്റെ ധാര്‍മികബോധം അനുവദിക്കുന്നില്ല എന്നുമാണ്.
ഇനി എക്നാഥ്ജി യുടെ ചില ചിന്തകളിലേക്ക് നമുക്ക് കണ്ണോടിക്കാം.
“നാഴികക്കല്ലുകൾ എന്ന് വിശേഷിപ്പിക്കാവുന്ന ചരിത്ര മുഹൂർത്തങ്ങളുടെ പിന്നിൽ അതിശ്രേഷ്ഠരായ മഹാന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഏത് ചരിത്ര സംഭവമെടുത്താലും പ്രസ്ഥാനം എടുത്താലും അവയുടെ പിന്നിൽ ഒരു മഹത് വ്യക്തിത്വം കാണാം..പക്ഷേ ആ ശ്രേഷ്ഠ വ്യക്തിയുടെ ദേഹവിയോഗത്തോടെ അല്ലെങ്കിൽ പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിൽ നിന്നുള്ള വേറിട്ടു പോക്കോട്ടെ കുറച്ചുകാലം കൂടി മാത്രം നിലനിന്ന് ആ പ്രസ്ഥാനം ക്ഷയിക്കുന്നു.. ഇത് പലവട്ടം തെളിയിക്കപ്പെട്ടിട്ടുണ്ട് നമ്മുടെ നാടിന്റെ ചരിത്രത്തിൽ ഉദാഹരണങ്ങൾ ഏറെയാണ് രാഷ്‌ട്രീയ രംഗത്ത്, സാമുദായിക രംഗത്ത്, മതപരമായ മേഖലയിൽ, എന്നുവേണ്ട ഏത് മേഖലകളിലും ഇത് വ്യക്തമാണ്. ശിവജി മഹാരാജ് ഗുരുഗോവിന്ദ് സിങ്, റാണാ പ്രതാപ്, രാംദാസ്, മഹർഷി ദയാനന്ദൻ, ശ്രീരാമകൃഷ്ണൻ, ശിവാനന്ദ യോഗി ഇങ്ങനെ ഉദാഹരണങ്ങൾ അനവധിയാണ്”.
“മഹാനായ ശിവജിക്ക് തൊട്ടു പിറകെ വന്നത് വലിയൊരു ശൂന്യതയായിരുന്നു. സിക്കുമത പാരമ്പര്യത്തിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ ഗുരുനാനാക്കും ഗുരുഗോവിന്ദ് സിംഗും പോയപ്പോൾ അവിടെയും യഥാർത്ഥത്തിൽ ഒരു തുടർച്ച ഉണ്ടായില്ല.. ഗുരു നാനാക്കിന് ശേഷം ഇരുണ്ട കാലവും ഉണ്ടായി.. ദേവരായർ സ്ഥാപിച്ച വിജയനഗര സാമ്രാജ്യത്തിലാകട്ടെ, ശിവജിയുടെ ഹിന്ദു സാമ്രാജ്യത്തിലാകട്ടെ, സിക്കുമത ചരിത്രത്തിലാകട്ടെ, ആധുനിക സാമൂഹ്യ പ്രസ്ഥാനങ്ങളുടെ നേതൃ നിരയിൽ വന്ന ഗോഖലെ, സ്വാതന്ത്ര്യ സമര സേനാനികളായ എം ജി റാനഡെ , അഗാർക്കർ തുടങ്ങിയവരുടെ കാര്യത്തിലാകട്ടെ ഈ സത്യം സ്ഥാപിതമാണ്. ഇവരുടെ എല്ലാം ജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ട സാമൂഹ്യപ്രസ്ഥാനങ്ങളെ അതേ ആവേഗത്തിൽ മുന്നോട്ട് നയിക്കാൻ അനുയായികൾക്കായില്ല.. അതുകൊണ്ടുതന്നെ അവരുടെ പ്രസ്ഥാനങ്ങൾക്ക് സമൂഹത്തിൽ കാര്യമായ സ്വാധീനം ചെലുത്താനായില്ല. അവരുടെ ആദർശം മികച്ചത് തന്നെ ആയിരുന്നു. ആശയം നല്ലതായിരുന്നു പക്ഷേ അവയുടെ പാതയിൽ സേവന സന്നദ്ധരായവർ കുറവായതിനാൽ സേവനം വിജയകരമായില്ല.”
“ഗോഖലെ മോശക്കാരൻ ആയിരുന്നില്ല. അദ്ദേഹം കുറേയേറെ പ്രവർത്തിച്ചു. അദ്ദേഹം അന്തരിച്ചതോടെ ആ പ്രയത്നം മരവിച്ചു കുറേക്കാലം കഴിഞ്ഞു വന്ന ലാലാ ലജ്പത് റായി പക്ഷെ ഗോഖലേയിൽ നിന്ന് വ്യത്യസ്തമായ ഒരു പരീക്ഷണമാണ് നടത്തിയത്. അതിനും തുടർച്ചയുണ്ടായില്ല. പക്ഷേ മറ്റൊരാളെ കാത്ത് കാലമിരുന്നു അതാണ് നമ്മുടെ നാടിന്റെ പ്രത്യേകത.”
“എന്നാൽ മറ്റു പല രാജ്യങ്ങളുടെയും സ്ഥിതി വ്യത്യസ്തമാണ്.. ഉദാഹരണമായി പറഞ്ഞാൽ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യ സ്ഥാപനം. കുറച്ചു കച്ചവടക്കാർ ഇന്ത്യയിൽ എത്തി. വെറും കച്ചവടക്കാർ അവർ അസാധാരണകാരായിരുന്നില്ല. പക്ഷെ കച്ചവടത്തിന്റെ തന്ത്രങ്ങളും കുതന്ത്രങ്ങളും അറിയാവുന്നവർ. അതിവിശാല ഭാവന ഒന്നും അവർക്ക് ഇല്ലായിരുന്നു. സമ്പാദിക്കുക, ജീവിക്കുക, ആനന്ദിക്കുക ,അതിനു വഴി കണ്ടെത്തുക, അതുമാത്രമായിരുന്നു അവരുടെ രീതി. പക്ഷേ പതുക്കെ അവർ ഭാരതത്തിൽ ആധിപത്യം ഉറപ്പിച്ച് അവരുടെ സാമ്രാജ്യമാക്കി. അവർ ഒരു അവതാരം പുരുഷനെ കാത്തിരുന്നില്ല മറിച്ച് അവർ ഒത്തുകൂടി വലിയ ലക്ഷ്യം കുറിച്ച് അത് സാധിച്ചെടുത്തു. അതാണ് അവരുടെ പ്രവർത്തനരീതി.. നമ്മൾ ആകട്ടെ മഹത് വ്യക്തിത്വത്തെ കാത്ത് സമയം നഷ്ടപ്പെടുത്തുന്നു.”
എക്നാഥ്ജി യുടെ ചിന്തകൾ തുടരുകയാണ്..
“നമ്മുടെ സംഘാടന പാടവത്തിന്റെ ഉദാഹരണങ്ങൾ പുരാണത്തിലും ചരിത്രത്തിലും ഏറെയുണ്ട്. ഭാഗവത കഥയിലെ ശ്രീകൃഷ്ണഗീതകൾ പറയുന്നത് ഗോകുലത്തെ മുഴുവൻ സംഘടിപ്പിച്ച മുന്നേറിയ ഒരു യുവാവിന്റെ കഥയാണ്. മഹാഭാരതത്തിൽ അഞ്ചുപേർ 100 പേരുടെ ബലത്തെ നേരിട്ടത് സംഘടനാ പാടവത്താൽ ആണ്. രാമായണ കഥ നോക്കൂ, എത്രമാത്രം മാതൃകാപരമായ സംഘ പ്രവർത്തനമാണ് നൽകുന്നത്. ശ്രീരാമൻ വനവാസി ആയിരിക്കുന്ന കാലത്ത് അജ്ഞാതമായ ഒരു അന്യദേശത്തുനിന്ന് വന്ന രാവണൻ സീതയെ തട്ടിയെടുത്തു കൊണ്ട് പോയപ്പോൾ സീതയെ വീണ്ടെടുക്കാൻ ശ്രീരാമൻ സംഘബലം നേടിയത് മികച്ച സംഘടന പ്രവർത്തനത്തിനുള്ള ഉദാഹരണമാണ്.. ശിവജി മഹാരാജ് വിദേശ ശക്തികളോട് പൊരുതി സ്വന്തം സാമ്രാജ്യം സ്ഥാപിച്ച ചരിത്രപാഠം നൽകുന്നത് അത്രയേറെ പഴയതല്ലാത്ത കാലത്തും നമുക്ക് സംഘടനാ ശേഷിയും അതിന്റെ ശാസ്ത്രവും വശമായിരുന്നു എന്നാണ്. അങ്ങനെ സൂക്ഷ്മ ശേഖരണം നടത്തിയാൽ ചരിത്രത്തിലെ ഓരോ ഘട്ടത്തിലും അത് ബോധ്യപ്പെടും. പക്ഷേ ആ പഴയ ബോധ്യവും നമുക്കിന്ന് ഇല്ലാതായി. പകരം ഒരു നായകാവതാരത്തിന് കാത്തിരിക്കുന്ന പ്രവണതയാണിന്ന് നമുക്കിടയിൽ അധികമായിട്ടുള്ളത്. ഈ പ്രവണത മാറേണ്ടതുണ്ട്. എക്നാഥ്ജി ഒരിക്കൽ ഈ സ്ഥിതിവിശേഷം വിവരിച്ച് ഇങ്ങനെ പറഞ്ഞു. നാമെല്ലാം പൊതുജനങ്ങൾ വെറും സാധാരണക്കാർ. പക്ഷേ നാമെല്ലാം ഒരുമിച്ച് നിന്നാൽ ഈ ലോകത്ത് അസാധാരണമായ ചിലത് ചെയ്യാനാകും. ഇതായിരിക്കണം നമ്മുടെ മുദ്രാവാക്യം.”
തന്നിലര്‍പ്പിതമായ ചുമതലകൾ അവയുടെ ഭാരത്തെ കുറിച്ച് വിഷമിക്കാതെ ദൗത്യമായി സ്വീകരിച്ച എക്നാഥ്ജിയെ കുറിച്ച് എത്ര എഴുതിയാലും തീരില്ല. സംഘ സ്ഥാപകന്‍ പരമ പൂജനീയ (ആദ്യ സര്‍സംഘചാലക്) ഡോക്‍റ്റര്‍ജിയുടെ സ്നേഹലാളനയില്‍ സംഘത്തില്‍ വളര്‍ന്ന്, പരമ പൂജനീയ ദ്വീതീയ സര്‍സംഘചാലക് പരമ പൂജനീയ ഗുരുജിയുടെ സഹപ്രവര്‍ത്തകരില്‍ പ്രഥമാഗണനീയപദവിയായ സര്‍കാര്യവാഹ് പദവി സ്തുത്യര്‍ഹമായി വഹിച്ച ആ പ്രാതസ്മരണീയനെ കുറിച്ച് ഇനിയും എന്തു എഴുതണം എന്നറിയില്ലാത്തതിനാല്‍ നിര്‍ത്തുന്നു.
എഴുതിയത്
ടി സതീശൻ
ഫോൺ 9388609488
















Comments